തൃക്കാക്കരയിൽ ഇന്ന് കൊട്ടിക്കലാശം പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

പ്രചാരണാർത്ഥം നിയോജക മണ്ഡലത്തിൽ എത്തിയ രാഷ്‌ട്രീയ നേതാക്കൾ, രാഷ്‌ട്രീയ പ്രവർത്തകർ, പ്രതിനിധികൾ തുടങ്ങിയവർ പരസ്യ പ്രചാരണം അവസാനിച്ച ശേഷം മണ്ഡലത്തിൽ തുടരാൻ പാടില്ലന്നാണ് നിർദ്ദേശം

0

കൊച്ചി | തൃക്കാക്കരയിൽ ഇന്ന് കൊട്ടിക്കലാശം. സ്ഥാനാർഥികളുടെ പരസ്യ പ്രചാരണം ഇന്ന് വൈകീട്ട് 6 മണിയോടെ അവസാനിക്കും. മൂന്ന് മുന്നണികളും ആത്മവിശ്വാസത്തിലാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
തൃക്കാക്കരയിൽ ഒരു മാസത്തോളം നീണ്ട പരസ്യ പ്രചാരണത്തിനാണ് ഇന്ന് കൊട്ടിക്കലാശമാകുന്നത്. വലിയ പരിപാടികളായാണ് മുന്നണികൾ കൊട്ടിക്കലാശം ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രധാന നേതാക്കൾ എല്ലാവരും കൊട്ടിക്കലാശത്തിൽ ഭാഗമാവും. പരസ്യ പ്രചാരണം അവസാനിക്കുമ്പോൾ മൂന്ന് മുന്നണി സ്ഥാനാർഥികളും ആത്മവിശ്വാസത്തിലാണ്.

പ്രചാരണാർത്ഥം നിയോജക മണ്ഡലത്തിൽ എത്തിയ രാഷ്‌ട്രീയ നേതാക്കൾ, രാഷ്‌ട്രീയ പ്രവർത്തകർ, പ്രതിനിധികൾ തുടങ്ങിയവർ പരസ്യ പ്രചാരണം അവസാനിച്ച ശേഷം മണ്ഡലത്തിൽ തുടരാൻ പാടില്ലന്നാണ് നിർദ്ദേശം. പോലീസ്, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ എന്നിവർ ഇക്കാര്യം ഉറപ്പ് വരുത്തും.

നാളെ നിശബ്ദ പ്രചാരണത്തിനുള്ള സമയമാണ്. മറ്റന്നാൾ തൃക്കാക്കര വോട്ടിംഗ് ബൂത്തിലെത്തും. 1,96805 വോട്ടർമാരാണ് വിധി നിർണയിക്കുക. 3633 പേർ നവാഗത വോട്ടർമാരാണ്. 95274 പുരുഷന്മാരും 1,01530 സ്ത്രീകളും ഒരു ട്രാൻസ്ജൻഡർ വോട്ടറുമാണ് മണ്ഡലത്തിലുള്ളത്. മെയ് 31 ന് രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണ് വോട്ടിംഗ് സമയം. 3 മുന്നണി സ്ഥാനാർഥികൾ ഉൾപ്പെടെ ആകെ 8 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ ഭരണകൂടം അറിയിച്ചു

You might also like

-