മുട്ടിൽ മരം മുറി ,പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

റവന്യൂ വനം വകുപ്പുകൾ തമ്മിലുള്ള പോരിൽ താൻ ബലിയാടായതാണെന്ന് പ്രതികളിലൊരാളായ റോജി അഗസ്റ്റിൻ കഴിഞ്ഞ ദിവസം കോടതിയിൽ വ്യക്തമാക്കിയിരുന്നു.നിലവിൽ 43 കേസുകളാണ് പ്രതികൾക്കെതിരെ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്.

0

കൊച്ചി :വയനാട് മുട്ടിൽ മരം മുറി കേസിലെ പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വനം വകുപ്പിന്‍റെയടക്കം അനുമതിയോടെയാണ് മരങ്ങൾ മുറിച്ചതെന്നും അതിനാൽ കേസ് നിലനിൽക്കില്ലെന്നുമാണ് പ്രതികളുടെ വാദം. റവന്യൂ വനം വകുപ്പുകൾ തമ്മിലുള്ള പോരിൽ താൻ ബലിയാടായതാണെന്ന് പ്രതികളിലൊരാളായ റോജി അഗസ്റ്റിൻ കഴിഞ്ഞ ദിവസം കോടതിയിൽ വ്യക്തമാക്കിയിരുന്നു.നിലവിൽ 43 കേസുകളാണ് പ്രതികൾക്കെതിരെ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. റോജി അഗസ്റ്റിന് ഇടക്കാല ജാമ്യംഅനുവദിച്ചതിനെതിരെ സർക്കാർ നൽകിയ അപേക്ഷയും കോടതി ഇതിനോടൊപ്പം പരിഗണിക്കും.

അതേസമയം,പട്ടയഭൂമിയിലെ ചന്ദനമൊഴികെയുള്ള മരങ്ങള്‍ വൃക്ഷവില അടച്ച് യാതൊരു അനുമതിയുമില്ലാതെ മുറിക്കാമെന്ന 2020 ഒക്ടോബര്‍ 24ന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയ ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്ത് കോടികളുടെ മരംകൊള്ളയാണ് നടന്നത്. മരംമുറി തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ, നടപടിയെടുക്കണമെന്ന വിചിത്രമായ നിര്‍ദ്ദേശവും റിപ്പോര്‍ട്ടിലുണ്ട്. ജില്ലാ കളക്ടര്‍മാരുടെ എതിര്‍പ്പ് അവഗണിച്ചാണ് റവന്യുവകുപ്പ് ഇങ്ങനെയൊരു ഉത്തരവ് ഇറക്കിയത്.

റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയതിലക് ഇറക്കിയ ഈ ഉത്തരവിന്റെ മറവിലായിരുന്നു വന്‍ മരംകൊള്ള നടന്നത്. പിടികൂടാനായത് വയനാട് മുട്ടിലിലെ 15 കോടിയുടെ ഈട്ടിമരങ്ങളും. മരംമുറി പൂര്‍ത്തിയായ ശേഷം നിലവിലെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് 2021 ഫെബ്രുവരിയില്‍ റവന്യുവകുപ്പ് മറ്റൊരു ഉത്തരവിറക്കി.

അപ്പോഴേക്കും ഒട്ടേറെ കൂറ്റന്‍മരങ്ങള്‍ മുറിച്ചുമാറ്റിക്കഴിഞ്ഞിരുന്നു. മരംകൊള്ളയ്ക്ക് വേണ്ടി മാത്രം റവന്യുവകുപ്പ് തട്ടിക്കൂട്ടിയ ഉത്തരവാണിതെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ ടി വി രാജന്‍ പറഞ്ഞു. വനംവകുപ്പിന്റെ ശക്തമായ എതിര്‍പ്പ് വകവയ്ക്കാതെയാണ് റവന്യുവകുപ്പ് ഇങ്ങനെയൊരു ഉത്തരവിറക്കിയത്. മരംമുറിയുമായി ബന്ധപ്പെട്ട് റവന്യുവകുപ്പിനെതിരെയും ആരോപണം ഉയരുന്നതോടെ വകുപ്പ് കയ്യാളുന്ന സിപിഐയും മറുപടി പറയേണ്ടിവരും

You might also like

-