നവജാത ശിശുവിന്റെ കൊലപാതകം കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് യുവതിയുടെ മൊഴി

അവിവാഹിതയായ അതിജീവിതയുടെ ആൺ സുഹൃത്തിനെ പൊലീസ് ഇന്നലെ രാവിലെ തന്നെ കണ്ടെത്തിയിരുന്നു. അതിനിടെ അതിജീവിതയുടെ മാതാപിതാക്കൾക്ക് സംഭവത്തിൽ പങ്കില്ല എന്ന നിഗമനത്തിൽ തന്നെയാണ് പൊലീസ്.

0

കൊച്ചി| കൊച്ചി പനമ്പിള്ളി നഗറിൽ നവജാതശിശുവിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് യുവതിയുടെ മൊഴി. കുഞ്ഞ് കരഞ്ഞാൽ പുറത്തു കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി. എട്ടു മണിയോടെ അമ്മ വാതിൽ മുട്ടിയപ്പോൾ പരിഭ്രാന്തിയിലായ യുവതി കയ്യിൽ കിട്ടിയ കവറിൽ കുഞ്ഞിനെ ഫ്ലാറ്റിൽ നിന്ന് താഴേക്കിടുകയായിരുന്നു. ഭയത്താൽ ജീവനൊടുക്കാൻ തുനിഞ്ഞെന്നും യുവതി മൊഴി നൽകി. കുഞ്ഞിന്റെ അമ്മയായ അവിവാഹിതയായ യുവതിക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. അപ്പാർട്ട്‌മെൻ്റ് സമുച്ചയത്തിൻ്റെ അഞ്ചാം നിലയിലുള്ള ഫ്‌ളാറ്റിൽ നിന്നാണ് പിറന്നു മണിക്കൂറുകൾ മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ റോഡിലേക്ക് എറിഞ്ഞത്. ഇതേ ഫ്‌ളാറ്റിൽ താമസിച്ചിരുന്ന യുവതിയുടെ മാതാപിതാക്കൾ ഗർഭധാരണവും പ്രസവവും അറിഞ്ഞിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. വെള്ളിയാഴ്ച പുലർച്ചെ ഫ്ളാറ്റിലെ ശുചിമുറിയിൽ വെച്ചാണ് യുവതി കുഞ്ഞിനെ പ്രസവിച്ചത്. നഗരത്തിലെ ശുചീകരണ തൊഴിലാളികളാണ് നവജാത ശിശുവിൻ്റെ മൃതദേഹം പാർസൽ കവറിൽ പൊതിഞ്ഞ നിലയിൽ തെരുവിൽ കണ്ടെത്തിയത്.

കൊലപാതകത്തിൽ കേസെടുത്ത പൊലീസ് കുട്ടിയുടെ അമ്മയായ 23 കാരിയെ അറസ്റ്റ് ചെയ്തിരുന്നു. അവിവാഹിതയായ അതിജീവിതയുടെ ആൺ സുഹൃത്തിനെ പൊലീസ് ഇന്നലെ രാവിലെ തന്നെ കണ്ടെത്തിയിരുന്നു. അതിനിടെ അതിജീവിതയുടെ മാതാപിതാക്കൾക്ക് സംഭവത്തിൽ പങ്കില്ല എന്ന നിഗമനത്തിൽ തന്നെയാണ് പൊലീസ്. ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെ യുവതി ശുചിമുറിയിൽ പ്രസവിച്ചതിന് ശേഷം കുഞ്ഞിനെ ഒഴിവാക്കാൻ ആരുടെയെങ്കിലും സഹായം തേടിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

പ്രതിയുടെ റിമാൻഡ് റിപ്പോർട്ട് ഇന്ന് പൊലീസ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ആരോഗ്യനില മോശമായതിനാൽ പ്രതിയായ അതിജീവിത ആശുപത്രിയിൽ തുടരുകയാണ്. പൊലീസ് റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചതിനു ശേഷം മജിസ്ട്രേറ്റ് ആശുപത്രിയിലെത്തിയാവും അതിജീവിതയെ കാണുക.തലയോട്ടി പൊട്ടിയതാണ് മരണത്തിന് മുഖ്യ കാരണമെന്നാണ് കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കീഴ്താടിക്കും പൊട്ടലുണ്ട്. കുഞ്ഞിനെ വലിച്ചെറിഞ്ഞപ്പോഴാകാം പൊട്ടലുണ്ടായത്. ഒരു വാഹനം കുഞ്ഞിന് മേല്‍ കയറിയിറങ്ങിയിരുന്നു. വാഹനം കയറിയാണോ പൊട്ടലുണ്ടായതെന്നും സംശയമുണ്ട്. ശ്വാസം മുട്ടിയതിന്റെ ലക്ഷണമുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെ പുലര്‍ച്ചെ പ്രസവിച്ച യുവതി കുഞ്ഞിനെ രാവിലെ എട്ട് മണിയോടെ ഫ്‌ളാറ്റില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.

സംഭവത്തില്‍ പ്രതികളിലേക്കെത്താന്‍ പൊലീസിനെ സഹായിച്ചത് കൊറിയര്‍ കവറിലെ മേല്‍വിലാസമാണ്. കുഞ്ഞിന്റെ മൃതദേഹം പൊതിഞ്ഞിരുന്നത് ആമസോണ്‍ സൈറ്റില്‍ നിന്ന് വന്ന കൊറിയര്‍ കവറിലായിരുന്നു. ഇതിലുണ്ടായിരുന്ന ഫ്‌ളാറ്റ് മേല്‍വിലാസം കൃത്യമായി പൊലീസിനെ പ്രതികളിലേക്കെത്തിക്കുകയായിരുന്നു. സമീപത്തെ മാലിന്യക്കൂമ്പാരത്തിലേക്കാണ് എറിഞ്ഞതെങ്കിലും ഉന്നം തെറ്റി നടുറോഡിലേക്ക് വീഴുകയായിരുന്നു.’കുഞ്ഞിനെ കൊന്നത് ശ്വാസംമുട്ടിച്ച്, അമ്മ വന്നപ്പോൾ ഭയന്ന് താഴേക്ക് എറിഞ്ഞു’; യുവതിയുടെ മൊഴി

You might also like

-