സംസ്ഥാനത്ത് തെരുവുനായ ശല്യം ഉന്നതതല യോഗം വിളിച്ചു സർക്കാർ

തിങ്കളാഴ്ച തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ തദ്ദേശവകുപ്പ് മന്ത്രി എം ബി രാജേഷ്, ആരോഗ്യ വിദഗ്ധര്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും

0

തിരുവനന്തപുരം | സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായതോടെ പരിഹാരം തേടി ഉന്നതതലയോഗം വിളിച്ച് സര്‍ക്കാര്‍. തെരുവുനായകളുടെ ശല്യം മനുഷ്യ ജീവന് ഭീഷണിയാവുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി. സംഭവത്തില്‍ നേരത്തെ സുപ്രീംകോടതിയും ഇടപെട്ടിരുന്നു. തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കായി തിങ്കളാഴ്ച തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ തദ്ദേശവകുപ്പ് മന്ത്രി എം ബി രാജേഷ്, ആരോഗ്യ വിദഗ്ധര്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. യോഗത്തിന് മുന്നോടിയായി വിഷയത്തില്‍ സര്‍ക്കാര്‍ ഇതുവരെയെടുത്ത തീരുമാനങ്ങളും നിര്‍ദേശങ്ങളും നടപടികളും സുപ്രീം കോടതിയെ അറിയിക്കുമെന്ന് മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് മൂന്ന് ലക്ഷത്തോളം തെരുവ്നായ്ക്കളുണ്ടെന്നാണ് കണക്ക്. ഇതില്‍ അക്രമകാരികളായ നായ്ക്കളെ എങ്ങനെ കണ്ടെത്തും എന്നത് വലിയ വെല്ലുവിളിയാണ്. ഈമാസം 28-നാണ് വിഷയത്തില്‍ സുപ്രീംകോടതി ഇടക്കാല ഉത്തരവിറക്കുക. പേപ്പട്ടികളെയും അക്രമകാരികളായ നായ്ക്കളെയും എന്ത് ചെയ്യണമെന്നതില്‍ സര്‍ക്കാരിന്റെയും അനുബന്ധ സംഘടനകളുടെയും അഭിപ്രായം അറിഞ്ഞതിന് ശേഷമാവും സുപ്രീംകോടതി ഉത്തരവ്. കേസില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കക്ഷിചേരാനാകുമോ എന്നതും സര്‍ക്കാര്‍ പരിശോധിക്കും.

നായ്ക്കളെ വന്ധ്യംകരിക്കുന്ന എബിസി(ആനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍) പ്രോഗ്രാം രണ്ട് വര്‍ഷമായി നിലച്ചിരിക്കുകയായിരുന്നു. ഇത് വീണ്ടും ഊര്‍ജിതമാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. 152 ബ്ലോക്കുകളിലും പദ്ദതി നടപ്പാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. 2017 മുതല്‍ നായ്ക്കളിലെ വന്ധ്യംകരണപ്രവര്‍ത്തനം നടത്താനുളള അനുമതി കുടുംബശ്രീക്കായിരുന്നു. എന്നാല്‍ പിന്നീട് ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ അംഗീകാരം ഇല്ലാത്തതിനാല്‍ ഇതില്‍നിന്നും കുടുംബശ്രീ ഒഴിവാവുകയായിരുന്നു. സംസ്ഥാനത്ത് വേണ്ടത്ര അംഗീകൃത സംഘടനകള്‍ ഇല്ലാത്തതും വന്ധ്യംകരണം നിലച്ചതിന് കാരണമായിരുന്നു. ഇക്കാരണം മുന്‍നിര്‍ത്തി മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ വന്ധ്യംകരണ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

അതേസമയം വയനാട്‌ പടിഞ്ഞാറത്തറയിൽ വിദ്യാർത്ഥിനിയെ തെരുവു നായ ആക്രമിച്ചു. തരിയോട് ഗവ. ഹൈസ്ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി സുമിത്രയ്ക്കാണ് മുഖത്തും തുടയിലും പരിക്കേറ്റത്. സഹോദരിക്കൊപ്പം വയലിൽ ആടിനെ അഴിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം. കുട്ടിയെ കൽപ്പറ്റ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുകൊല്ലം ശാസ്താംകോട്ടയിൽ തെരുവ് നായയുടെ കടിയേറ്റ പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബം ചികിത്സയിൽ. പത്തനംതിട്ട കോയിപ്രം സ്റ്റേഷനിലെ ഇൻസ്പെക്ടർ സജീഷ് കുമാറിനും കുടുംബത്തിനും നേരെയായിരുന്നു തെരുവ് നായയുടെ ആക്രമണം. കാലിൽ ആഴത്തിൽ മുറിവേറ്റതിനെ തുടർന്ന് കുടുംബം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി

തിരുവോണ ദിവസം കൊല്ലം ശാസ്താംകോട്ട കായൽ കാണാനെത്തിയതായിരുന്നു സജീഷ് കുമാറും കുടുംബവും. തടാകത്തിന്റെ കരയിൽ നിൽക്കുമ്പോൾ ആദ്യം ഇൻസ്പെക്ടറുടെ ഭാര്യ രാഖിയെയാണ് തെരുവ് നായ ആക്രമിച്ചത്. കാലിൽ കടിയേറ്റ ഭാഗം കഴുകുന്നതിനിടെ നായ വീണ്ടുമെത്തി ആറുവയസുകാരനായ മകൻ ആര്യനെയും കടിച്ചു.നായയെ തള്ളി മാറ്റുന്നതിനിടെ ഇൻസ്പെക്ടർ സജീഷ്കുമാറിനും മുറിവേറ്റു. ആദ്യം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജിലും ചികിത്സ തേടി. രാഖിയുടേയും ആര്യന്റെയും കാലിൽ ആഴത്തിലുള്ള മുറിവാണുള്ളത്.

You might also like

-