രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ സമ്പൂർണ ബജറ്റ് ഇന്ന്,ചെലവ് ചുരുക്കൽ നടപടികൾ പ്രഖ്യാപിച്ചേക്കും

സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ചെലവ് ചുരുക്കൽ നടപടികൾ ബജറ്റിൽ പ്രഖ്യാപിക്കും. സർക്കാർ വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഇതു ബാധകമായിരിക്കും

0

തിരുവനന്തപുരം | രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ സമ്പൂർണ ബജറ്റ് ഇന്ന്. രാവിലെ 9 മണിക്ക് ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് അവതരണം തുടങ്ങും. പുതിയ നികുതി പരിഷ്കാരം ഉൾപ്പെടെയുണ്ടായേക്കും. കോവിഡുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള സംസ്ഥാനത്തിന്റെ ദിശാസൂചികയാകും ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റ്. ആരോഗ്യ മേഖലക്ക് നൽകുന്ന പ്രത്യേക പരിഗണനക്ക് പുറമെ അടിസ്ഥാന സൗകര്യ വികസനത്തിനും ബജറ്റിൽ പ്രത്യേക ഊന്നലുണ്ടാകും. കാർഷിക മേഖലയിൽ മാറ്റങ്ങൾ ഉണ്ടാക്കുന്ന ബജറ്റാകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ചെലവ് ചുരുക്കൽ നടപടികൾ ബജറ്റിൽ പ്രഖ്യാപിക്കും. സർക്കാർ വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഇതു ബാധകമായിരിക്കും. ജി. എസ്. ടി നടപ്പാക്കിയതിന്റെ ഭാഗമായി സംസ്ഥാനങ്ങൾക്ക് നൽകിക്കൊണ്ടിരുന്ന നഷ്ട പരിഹാരം മേയ് മാസത്തോടെ അവസാനിക്കും. പതിനായിരം കോടി രൂപയുടെ വരുമാനം സംസ്ഥാനത്തിന് ഇതിലൂടെ നഷ്ടമാകും. ഇതു സാമ്പത്തിക ബാധ്യത വർധിപ്പിക്കും. ഇതോടൊപ്പം ശമ്പള പരിഷ്‌കരണ ബാധ്യതകൾ കൂടി സർക്കാരിന് ഏറ്റെടുക്കേണ്ടി വരും. ഇതിലൂടെയുണ്ടാകുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസസി മറികടക്കാൻ ചെലവ് ചുരുക്കലല്ലാതെ മറ്റു വഴികളില്ലെന്നാണ് ധനകാര്യ വകുപ്പിന്റെ നിലപാട്.

നികുതി പരിഷ്കാരമായിരിക്കും ബജറ്റിലെ ശ്രദ്ധേയമായ പ്രഖ്യാപനം. ഭൂനികുതി, മദ്യ നികുതി എന്നിവയിൽ പുതിയ നിർദേശങ്ങൾ പ്രതീക്ഷിക്കാം. ഭൂമിയുടെ ന്യായവില കൂട്ടണമെന്ന നിർദേശം സാമ്പത്തിക വിദഗ്ധർ സർക്കാരിന് നൽകിയിരുന്നു. നികുതി ചോര്‍ച്ച തടയാനും നികുതി പരമാവധി ലഭ്യമാക്കാനുമുള്ള പ്രത്യേക പദ്ധതികൾ പ്രഖ്യാപിക്കും. ടൂറിസം, വ്യവസായ മേഖലകളെ പുനരുജ്ജീവിപ്പിക്കാൻ ശ്രദ്ധേയമായ പ്രഖ്യാപനങ്ങൾ ഉണ്ടാകും. സിൽവർ ലൈൻ പോലുള്ള പിണറായി സർക്കാരിന്‍റെ പ്രധാന പദ്ധതികളുടെ മുന്നോട്ടു പോക്കിനെ സംബന്ധിച്ചും ബജറ്റിൽ പ്രധാന നിർദേശങ്ങളുണ്ടാകും

ജനജീവിതം മെച്ചപ്പെടുന്നതിന് വേണ്ടിയുള്ള നയപരിപാടികള്‍ ബജറ്റില്‍ ഉണ്ടാകുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാന്‍ പറഞ്ഞു. കേരളത്തില്‍ നിലവില്‍ സാമ്പത്തിക വളര്‍ച്ചയുടെ അന്തരീക്ഷമാണ് ഉള്ളത്. കാര്‍ഷിക മേഖലയ്ക്കും ആരോഗ്യ മേഖലയ്ക്കും ബ്ജറ്റില്‍ മുന്‍ഗണന ഉണ്ടാകും. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട്’ ഉണ്ടാകാത്ത തരത്തില്‍ സര്‍ക്കാരിന് മുന്നോട്ട് പോകാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.

-

You might also like

-