സർക്കാരിന്റേയും മുഖ്യമന്ത്രിയുടേയും മുഖം വികൃതമായെന്നും അത് തിരുത്താതെ മുന്നോട്ടു പോയിട്ട് കാര്യമില്ല ,സിപിഐ സംസ്ഥാന കമ്മിറ്റിയിൽ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ അതിരൂക്ഷ വിമർശനം

റവന്യൂ, കൃഷി മന്ത്രിമാർ ഒരിക്കലും സ്ഥലത്തുണ്ടാകാത്ത സ്ഥിതിയാണ്. മന്ത്രിമാർ ഒന്നും ചെയ്യാതെ തോന്നുംപോലെ പ്രവർത്തിക്കുകയാണെന്നും വിമർശനം ഉയർന്നു. മാങ്കോട് രാധാകൃഷ്ണനാണ് ഈ വിമർശനം ഉന്നയിച്ചത്.

0

തിരുവനന്തപുരം | സിപിഐ സംസ്ഥാന കമ്മിറ്റിയിൽ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ അതിരൂക്ഷ വിമർശനം. സർക്കാരിന്റേയും മുഖ്യമന്ത്രിയുടേയും മുഖം വികൃതമായെന്നും അത് തിരുത്താതെ മുന്നോട്ടു പോയിട്ട് കാര്യമില്ലെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. കേരളീയവും മണ്ഡല സദസ്സും കൊണ്ട് കാര്യമില്ല. രണ്ടാം പിണറായി സർക്കാർ രണ്ടര വർഷം സർക്കാർ ഒന്നും ചെയ്തില്ല. ഈ സാഹചര്യത്തിൽ മന്ത്രിമാർ മണ്ഡലം സദസ്സിന് പോയിട്ട് ഒരു കാര്യവുമില്ലെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.നേതൃയോഗത്തിൽ സിപിഐ മന്ത്രിമാർക്കെതിരേയും വിമർശനം ഉയർന്നു. സിപിഐ മന്ത്രിമാരുടെ ഓഫീസുകളിൽ ഒന്നും നടക്കുന്നില്ല. പട്ടിക്കുഞ്ഞു പോലും ഓഫീസുകളിൽ തിരിഞ്ഞു നോക്കുന്നില്ല. പാർട്ടി നേതൃത്വം ഒക്കത്തും തോളത്തുമിരുത്തി മന്ത്രിമാരെ വഷളാക്കി. റവന്യൂ, കൃഷി മന്ത്രിമാർ ഒരിക്കലും സ്ഥലത്തുണ്ടാകാത്ത സ്ഥിതിയാണ്. മന്ത്രിമാർ ഒന്നും ചെയ്യാതെ തോന്നുംപോലെ പ്രവർത്തിക്കുകയാണെന്നും വിമർശനം ഉയർന്നു. മാങ്കോട് രാധാകൃഷ്ണനാണ് ഈ വിമർശനം ഉന്നയിച്ചത്.

സർവത്ര അഴിമതിയെമന്നും യോഗത്തിൽ ആക്ഷേപമുയർന്നു. സർക്കാരിനെ നിയന്ത്രിക്കുന്നത് ഭൂമി- ക്വാറി മാഫിയയാണെന്നും കോർപ്പറേറ്റ് സംഘത്തിന്റെ പിടിയിലാണ് സർക്കാരെന്നും വിമർശനമുണ്ടായി. പൗരപ്രമുഖരെയല്ല, മറിച്ച് മുന്നണിയെ ജയിപ്പിച്ച സാധാരണക്കാരെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും കാണേണ്ടത്.സർക്കാരിന്റേയും പാർട്ടിയുടെയും വസ്ത്രാക്ഷേപം നടക്കുന്നുണ്ടെന്ന് യോഗത്തിൽ അജിത് കൊളാടി അഭിപ്രായപ്പെട്ടു. പാഞ്ചാലി വസ്ത്രാക്ഷേപം നടക്കുമ്പോൾ അനങ്ങാതിരുന്ന പാണ്ഡവരെ പോലെയാകരുത് പാർട്ടി നേതൃത്വം. ധർമ്മ സംരക്ഷണത്തിന് വിദുരരായി മാറണം. സിപിഐ നേതൃത്വം പടയാളികളാകണമെന്നും അദ്ദേഹം പറഞ്ഞു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് വിവാദം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം എന്നിവയിലാണ് സിപിഎമ്മിനെതിരെ സിപിഐ രൂക്ഷമായി വിമര്‍‌ശനം ഉന്നയിച്ചത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് വിവാദം തൃശ്ശൂർ ലോക്സഭാ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും കൗണ്‍സിലില്‍ വിമർശനമുയർന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഐ മത്സരിക്കുന്ന സീറ്റാണ് തൃശൂർ.പ്രതിരോധിക്കാന്‍ കഴിയാത്തവിധം ജനവികാരം സർക്കാരിന് എതിരായി. മാധ്യമങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ജനങ്ങളെതിരായി എന്നത് യാഥാർത്ഥ്യം ആണ്. മുൻകാലങ്ങളിൽ സർക്കാരിലെ തിരുത്തൽ ശക്തിയായിരുന്നു സിപിഐ. തെറ്റായ പ്രവണതകൾ ഉണ്ടായിട്ടും ഇപ്പോൾ തിരുത്തൽ ശക്തി ആകുന്നിലെന്നും കൗൺസിലിൽ ചിലർ ചൂണ്ടികാട്ടി.പുതുപ്പളളി ഉപതെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച ചർച്ചയിലും സിപിഎമ്മിനെതിരായി വ്യാപക വിമര്‍ശനമുണ്ടായി. പുതുപ്പളളി ഫലം സർക്കാരിൻെറ വിലയിരുത്തലാകുമെന്ന എംവി ഗോവിന്ദന്‍റെ പ്രതികരണം തെറ്റായിപ്പോയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. അര നൂറ്റാണ്ടായി യുഡിഎഫ് ജയിക്കുന്നിടത്ത് സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് ഗോവിന്ദനേ പറയാനാകുവെന്നും ഗോവിന്ദന്‍റെ പ്രതികരണം വലിയ അബദ്ധമായെന്നും കാനം വിമര്‍ശിച്ചു.പുതുപ്പളളിയിൽ സർക്കാരിന് എതിരായ വികാരവും ഉണ്ടായെന്ന് സംസ്ഥാന കൗൺസിലിൽ ഉയർന്ന ചർച്ചയ്ക്ക് മറുപടി പറയവേയാണ് കാനത്തിന്റെ വിമർശനം.

You might also like

-