സംസ്ഥാനത്തെ ഡാമുകൾ തുറക്കുന്നത് തീരുമാനിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി

മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ നിർബന്ധമായും മാറ്റി പാർപ്പിക്കണം. നിശ്ചിത അളവിലധികം വെള്ളത്തിലൂടെ വാഹനങ്ങളെ കയറ്റി വിടരുത് എന്നും മുഖ്യമന്ത്രി പറഞ്ഞു

0

തിരുവനന്തപുരം : അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ഡാമുകൾ തുറക്കുന്നത് തീരുമാനിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി സർക്കാർ. മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താൻ ഇന്ന് ചേർന്ന ഉന്നത തല യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം അറിയിച്ചത്. അതത് ഡാമുകളിലെ വെള്ളത്തിന്റെ അളവ് അനുസരിച്ച് ഏതൊക്കെ അണക്കെട്ടുകൾ തുറക്കണമെന്ന് വിദഗ്ധ സമിതി തീരുമാനിക്കും.ഏത് ഡാം തുറക്കണം, തുറക്കേണ്ട എന്നത് അതത് ഡാമുകളിലെ വെള്ളത്തിന്റെ അളവ് നോക്കി വിദഗ്ധ സമിതി തിരുമാനിക്കും. തുറക്കുന്നതിന് കൃത്യമായ മണിക്കൂറുകള്‍ മുമ്പ് ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാരെ അറിയിക്കണം. പ്രദേശവാസികളെ ഒഴിപ്പിക്കാനാവശ്യമായ സമയം നല്‍കണമെന്നും യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പെട്ടെന്ന് തുറക്കുമ്പോള്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ ഒഴിവാക്കാനാണിത്.

സംസ്ഥാനത്ത് ഇപ്പോൾ 184 ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്. ക്യാമ്പുകളിൽ ആവശ്യത്തിന് സജ്ജീകരണങ്ങളുണ്ടാകണമെന്നും ഭക്ഷണം, വസ്ത്രം, കിടക്കാനുള്ള സൗകര്യം എന്നിവ ഉറപ്പാക്കണമെന്നും മുഖ്യന്ത്രി പറഞ്ഞു. റവന്യൂ വകുപ്പിന് പുറമെ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇക്കാര്യം ശ്രദ്ധിക്കണം. പ്രാദേശിക കൂട്ടായ്മകളുടെ സഹായം തേടണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ അടക്കമുള്ള രക്ഷാ പ്രവർത്തനങ്ങൾ കേന്ദ്ര-സംസ്ഥാന ഏജൻസികളും നാട്ടുകാരും സംയുക്തമായി മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ നിർബന്ധമായും മാറ്റി പാർപ്പിക്കണം. നിശ്ചിത അളവിലധികം വെള്ളത്തിലൂടെ വാഹനങ്ങളെ കയറ്റി വിടരുത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ഇടുക്കി, മാട്ടുപ്പെട്ടി, പൊന്മുടി, പമ്പ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ ഇടമലയാർ ബ്ലൂ അലർട്ട് പ്രഖ്യപിച്ചിട്ടുണ്ട്. ജലസേചന വകുപ്പിന്റെ പീച്ചി, ചിമ്മണി ഡാമുകളുടെ ജലനിരപ്പ് റെഡ് അലർട്ടിൽ ആണ്. കല്ലട, ചുള്ളിയാർ, മീങ്കര, മലമ്പുഴ, മംഗളം അണക്കെട്ടുകളിൽ ഓറഞ്ച് അലർട്ടും, വാഴാനി, പോത്തുണ്ടി അണക്കെട്ടുകളിൽ ബ്ലൂ അലർട്ടും പ്രഖ്യാപിച്ചു.

You might also like

-