അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തെ അംഗീകരിക്കില്ലെന്ന് യൂറോപ്യൻ യൂണിയൻ.

അഫ്ഗാൻ നേരിടുന്ന സാമ്പത്തികവും സാമൂഹികവുമായ തകർച്ചയിൽ നിന്നും അവരെ രക്ഷിക്കേണ്ടതുണ്ടെന്നും ഉർസൂല വാൻഡെർ ലെയ്ൻ കൂട്ടിച്ചേർത്തു

0

ബ്രസൽസ്: അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസൂല വാൻഡെർ ലെയ്ൻ ആണ് നിലപാട് ആവർത്തിച്ചത്. സംഘർഷത്തിലൂടെ അധികാരത്തിലെത്തിയ ഭരണകൂടത്തെ പിന്തുണയ്‌ക്കേണ്ടെന്നാണ് നിലപാടെന്നും അവർ വ്യക്തമാക്കി. പാകിസ്താനെയും ചൈനയെയും കൂട്ടുപിടിച്ച് അന്താരാഷ്‌ട്ര അംഗീകാരം നേടിയെടുക്കാനുളള താലിബാൻ ഭരണകൂടത്തിന്റെ നീക്കത്തിനേറ്റ കനത്ത പ്രഹരമാണ് യൂറോപ്യൻ യൂണിയന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാട്.

പക്ഷെ അഫ്ഗാൻ നേരിടുന്ന സാമ്പത്തികവും സാമൂഹികവുമായ തകർച്ചയിൽ നിന്നും അവരെ രക്ഷിക്കേണ്ടതുണ്ടെന്നും ഉർസൂല വാൻഡെർ ലെയ്ൻ കൂട്ടിച്ചേർത്തു. അഫ്ഗാനിലെ ജനതയോട് ചേർന്നു നിൽക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും അവർ പറഞ്ഞു. അവർക്ക് മാനുഷീക സഹായങ്ങൾ നൽകേണ്ടതുണ്ട്. അതുകൊണ്ടു തന്നെയാണ് കഴിഞ്ഞ മാസം 1 ബില്യൻ യൂറോയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്. ഇതിൽ 300 മില്യൻ യൂറോ മാനുഷീക സഹായങ്ങൾക്കാകും വിനിയോഗിക്കുകയെന്നും ഉർസൂല വാൻഡെർ ലെയ്ൻ വ്യക്തമാക്കി.

യുഎസ്, റഷ്യ, ജപ്പാൻ, ഫ്രാൻസ്, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങൾ താലിബാൻ സർക്കാരിനെ അംഗീകരിക്കരുതെന്ന നിലപാടിലാണ്. ഓഗസ്റ്റ് 15 നാണ് കാബൂൾ പിടിച്ചെടുത്ത് അഫ്ഗാനിൽ താലിബാൻ അധികാരത്തിലെത്തിയതായി പ്രഖ്യാപിച്ചത്.

പാകിസ്താനെയും ചൈനയെയും കൂട്ടുപിടിച്ച് അന്താരാഷ്‌ട്ര അംഗീകാരം നേടിയെടുക്കാനുളള ശ്രമങ്ങൾ താലിബാൻ ഭരണകൂടം ആരംഭിച്ചിരുന്നു. എന്നാൽ താലിബാൻ ഭരണകൂടവുമായി നയതന്ത്ര ബന്ധങ്ങൾ ആരംഭിക്കാൻ ഒട്ടുമിക്ക രാജ്യങ്ങളും സന്നദ്ധമായിട്ടില്ല. കാബൂളിലെ ജപ്പാൻ എംബസി തുറക്കണമെന്ന്് താലിബാൻ ഉപപ്രധാനമന്ത്രി അബ്ദുൽ ഖാനി ബരാദർ ജപ്പാൻ അംബാസഡറോട് ആവശ്യപ്പെട്ടിരുന്നു.

You might also like