പ്രധാനമന്ത്രിയുടെ ഹെലികോപ്ടറിലുണ്ടായിരുന്ന പെട്ടി സംബന്ധിച്ച് അന്വേഷണം വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് കോണ്‍ഗ്രസ്.

കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രിയുടെ ഹെലികോപ്ടറില്‍ നിന്നും ഒരു പെട്ടി സ്വകാര്യ വാഹനത്തിലേക്ക് കയറ്റിയ സംഭവത്തില്‍ സത്യം ജനം അറിയേണ്ടതുണ്ടെന്നാണ് കോണ്‍ഗ്രസ് പ്രതികരണം.

0

കര്‍ണാടക: കര്‍ണാടകയില്‍ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രിയുടെ ഹെലികോപ്ടറിലുണ്ടായിരുന്ന പെട്ടി സംബന്ധിച്ച് അന്വേഷണം വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് കോണ്‍ഗ്രസ്. പെട്ടിയിലെന്താണെന്ന് ജനം അറിയേണ്ടതുണ്ട്. പ്രധാനമന്ത്രി പദത്തിന്റെ അന്തസ് നശിപ്പിച്ച മോദിക്ക് പരാജയ ഭയമാണെന്നും കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ്മ വിമര്‍ശിച്ചു.

കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രിയുടെ ഹെലികോപ്ടറില്‍ നിന്നും ഒരു പെട്ടി സ്വകാര്യ വാഹനത്തിലേക്ക് കയറ്റിയ സംഭവത്തില്‍ സത്യം ജനം അറിയേണ്ടതുണ്ടെന്നാണ് കോണ്‍ഗ്രസ് പ്രതികരണം. പണമാണോ എന്ന ആശങ്ക നിലനില്‍ക്കുന്നു. ഇക്കാര്യത്തില്‍ ഉടന്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക പി.സി.സി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

നടപടി പെരുമാറ്റചട്ട ലംഘമാണെന്നും മോദിക്ക് പരാജയ ഭയമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. പ്രധാനമന്ത്രിയുടെ വാഹനത്തിലുള്ള എല്ലാ വസ്തുക്കളുടേയും വിവരങ്ങള്‍ എസ്.പി.ജിയുടെ പക്കലുണ്ടാകും. അതില്‍ പെട്ടി സംബന്ധിച്ച് രേഖപ്പെടുത്തിയിരുന്നോ എന്നും കോണ്‍ഗ്രസ് ചോദിക്കുന്നു. പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തില്‍ ഇല്ലാത്ത ആ സ്വകാര്യ വാഹനം ആരുടേതാണ് എന്നതിന് ഉത്തരം നല്‍കണം.

ഇലക്ടല്‍ ബോണ്ട് വഴി ബി.ജെ.പിക്ക് കോടികള്‍ വന്നത് എവിടെ നിന്നാണെന്ന് പരിശോധിക്കണം. പരാജയ ഭയത്താല്‍ പ്രതിപക്ഷത്തെ അധികാരമുപയോഗിച്ച് അടിച്ചമര്‍ത്താനാണ് മോദി ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.