ഡോ. ഡി ബാബുപോളിന്‍റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.

ഭരണകർത്താവ്, പ്രഭാഷകൻ, എഴുത്തുകാരൻ എന്നീ നിലകളിലെല്ലാം മലയാളികളുടെ മനസ്സിലിടം നേടിയ ബഹുമുഖ പ്രതിഭയായിരുന്നു ബാബുപോൾ.

0

പെരുമ്പാവൂർ: മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ഡോ. ഡി ബാബുപോളിന്‍റെ ഭൗതിക ശരീരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. പെരുമ്പാവൂരിലെ കുറുംപ്പുപടി സെന്‍റ്മേരീസ് കത്തീഡ്രലിലാണ് ബാബുപോൾ അന്ത്യവിശ്രമം കൊള്ളുക.

ബസേലിയസ് തോമസ് പ്രഥമൻ കാത്തോലിക ബാവയുടെ കാർമികത്വത്തിലാണ് സംസ്കാരചടങ്ങുകൾ നടന്നത്. അമ്മയെ സംസ്കരിച്ചിട്ടുള്ള കുടുംബ കല്ലറയിൽ തന്നെയാണ് ബാബുപോളും അന്ത്യവിശ്രമം കൊള്ളുക. ഭരണകർത്താവ്, പ്രഭാഷകൻ, എഴുത്തുകാരൻ എന്നീ നിലകളിലെല്ലാം മലയാളികളുടെ മനസ്സിലിടം നേടിയ ബഹുമുഖ പ്രതിഭയായിരുന്നു ബാബുപോൾ. കലാ-സാംസ്കാരിക-സാമൂഹ്യ രംഗത്തെ നിരവധി പ്രമുഖ‌‌രും നാട്ടുകാരും ബാബുപോളിന് അന്ത്യാജ്ഞലി അർപ്പിക്കാനെത്തിയിരുന്നു.

ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് ശനിയാഴ്ച പുലര്‍ച്ചെയാണ് ബാബുപോൾ അന്തരിച്ചത്. 78 വയസായിരുന്നു. അഡീഷനൽ ചീഫ് സെക്രട്ടറിയായി വിരമിച്ച അദ്ദേഹം തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്സ്മാനായും സേവനമനുഷ്ഠിച്ചിരുന്നു.

എറണാകുളം കുറുപ്പുംപടി ചീരത്തോട്ടത്തിൽ പി.എ.പൗലോസ് കോറെപ്പിസ്കോപ്പയുടെയും മേരി പോളിന്റേയും മകനായി 1941ലാണ് ബാബു പോളിന്‍റെ ജനനം. 21–ാം വയസ്സിൽ സർക്കാർ സർവീസിൽ പ്രവേശിച്ച ബാബുപോൾ 59–ാം വയസ്സിൽ ഐഎഎസിൽനിന്നു സ്വമേധയാ വിരമിച്ച് ഓംബുഡ്സ്‌മാൻ സ്ഥാനം സ്വീകരിച്ചു. 2001 സെപ്റ്റംബറിൽ ഉദ്യോഗത്തില്‍ നിന്നും വിരമിച്ചു. സിവിൽ സർവീസ് മേഖലയിൽ മിടുക്കരെ വളർത്തിയെടുക്കാനായി സ്ഥാപിച്ച കേരള സിവിൽ സർവീസ് അക്കാദമിയുടെ ‘മെന്റർ എമിരറ്റസ്’ ആയിരുന്നു

4000 ടൈറ്റിലുകളും ആറുലക്ഷം വാക്കുകളും ഉൾക്കൊള്ളുന്ന ‘വേദശബ്ദ രത്നാകര’മെന്ന ബൈബിൾ നിഘണ്ടു ഉൾപ്പെടെ നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. 2000–ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. പരേതയായ അന്ന ബാബു പോൾ (നിർമല) ആണ് ഭാര്യ. മക്കൾ: മറിയം ജോസഫ് (നീബ), ചെറിയാൻ സി പോൾ (നിബു). മരുമക്കൾ: മുൻ ഡിജിപി എം കെ ജോസഫിന്റെ മകൻ സതീഷ് ജോസഫ്, മുൻ ഡിജിപി സി എ.ചാലിയുടെ മകൾ ദീപ. മുൻ വ്യോമയാന സെക്രട്ടറിയും യുപിഎസ്‌സി അംഗവും ആയിരുന്ന കെ റോയ് പോൾ സഹോദരനാണ്.

header add
You might also like