പൗരത്വ ഭേദഗതി നിയമം ,ജാമിയയിലെ പൊലീസ് നരനായാട്ട്; കേരളത്തിലും പ്രതിഷേധം

ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് നടന്ന പ്രതിഷേധം ചെറിയ സംഘര്‍ഷത്തിലേക്ക് നയിച്ചു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

0

ഡൽഹി :പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് കേരളത്തിലും പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധ സൂചകമായി കോഴിക്കോട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ 10 മിനിട്ടോളം മലബാര്‍ എക്‌സ്പ്രസ് തടഞ്ഞിട്ടു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ റോഡ് ഉപരോധിച്ചു.തിരുവനന്തപുരത്ത് മ്യൂസിയം പൊലീസ് സ്റ്റേഷന്‍ പരിസരത്ത് നിന്ന് ഡിവൈെഎഫ്ഐ പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. രാജ്ഭവന് മുന്നിലേക്ക് മാര്‍ച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.. ഡി.വൈ.എഫ്.ഐ, എം.എസ്.എഫ്, ഫ്രറ്റേണിറ്റി, കാംപസ് ഫ്രണ്ട് തുടങ്ങിയ സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് നടന്ന പ്രതിഷേധം ചെറിയ സംഘര്‍ഷത്തിലേക്ക് നയിച്ചു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കോഴിക്കോട് നഗരത്തില്‍ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ മലബാര്‍ എക്സ്പ്രസ് ട്രെയിന്‍ അരമണിക്കൂര്‍ തടഞ്ഞു.ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ കോഴിക്കോട് ആകാശവാണി ഓഫീസിലേക്ക് തള്ളിക്കയറുകയും ഉപരോധിക്കുകയും ചെയ്തു. പൊലീസ് വന്ന് സംസാരിച്ചതിന് ശേഷമാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്. കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കോലം കത്തിച്ചു. എം.എസ്.എഫ് പ്രവര്‍ത്തകരും കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ഉപരോധിച്ചുകൊണ്ടിരിക്കുകയാണ്. കെ.എസ്.യു കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് അല്‍പസമയത്തിനുള്ളില്‍ പ്രതിഷേധറാലി നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജാമിയയിലെ പൊലീസ് നരനായാട്ട്; കേരളത്തിലും പ്രതിഷേധം ശക്തം
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ഡല്‍ഹി ജാമിഅ മില്ലിയ സർവകലാശാലയിൽ നടന്ന ആക്രമണത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപമാണ് ഉയര്‍ന്നത്. കാമ്പസിനകത്തേക്ക് പ്രവേശിച്ച പൊലീസ് വെടിയുതിർക്കുകയും വിദ്യാർഥികൾക്ക് നേരെ ലാത്തി ചാർജ് നടത്തുകയും ചെയ്തു. വാഹനങ്ങൾക്ക് തീയിട്ടത് പൊലീസ് തന്നെയാണെന്ന് വിദ്യാർഥികൾ പറഞ്ഞു.സംഘർഷത്തിൽ പങ്കില്ലെന്നറിയിച്ച വിദ്യാർഥികൾ, പൊലീസ് വാഹനം കത്തിക്കുന്നതിനെ സാധൂകരിക്കുന്ന വീഡിയോകളും പുറത്ത് വിട്ടു. പൊലീസ് അതിക്രമത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാൽ പരിക്കേറ്റ വിദ്യാർഥികൾക്ക് കാമ്പസിന് പുറത്തേക്ക് വരാൻ പറ്റാത്ത സാഹചര്യമാണുള്ളതെന്ന് വിദ്യാർഥികൾ മീഡിയാവണിനോട് പറഞ്ഞു. അനുമതിയില്ലാതെയാണ് പൊലീസ് കാമ്പസിലേക്ക് പ്രവേശിച്ചതെന്ന് യൂണിവേഴ്സിറ്റി പ്രോക്ടറും അറിയിച്ചു.

You might also like

-