സ്വന്തം സുരക്ഷ വര്‍ധിപ്പിച്ച് സ്വപ്‌ന സുരേഷ്

തന്റെ സുരക്ഷയ്ക്കായി രണ്ട് ജീവനക്കാരെയാണ് സ്വപ്‌ന നിയമിച്ചിരിക്കുന്നത്.

0

ജീവന് ഭീഷണിയുണ്ടെന്ന് പരസ്യമായി പറഞ്ഞതിന് പിന്നാലെ സ്വന്തം സുരക്ഷ വര്‍ധിപ്പിച്ച് സ്വപ്‌ന സുരേഷ്. തന്റെ സുരക്ഷയ്ക്കായി രണ്ട് ജീവനക്കാരെയാണ് സ്വപ്‌ന നിയമിച്ചിരിക്കുന്നത്. ഈ രണ്ടുപേരും മുഴുവന്‍ സമയവും സ്വപ്‌നയ്‌ക്കൊപ്പമുണ്ടാകും. പാലക്കാട് നിന്ന് സ്വപ്‌ന നിലവില്‍ കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും സ്വപ്‌നയ്‌ക്കൊപ്പം തന്നെയുണ്ട്. ഇന്നാണ് രണ്ട് ബോഡി ഗാര്‍ഡുകളും സ്വപ്‌നയുടെ സുരക്ഷയ്ക്കായി ചാര്‍ജെടുത്തത്.

സ്വപ്‌നയ്ക്ക് സുരക്ഷ ആവശ്യപ്പെട്ട് എറണാകുളം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി നാളെയാണ് പരിഗണിക്കുന്നത്. സ്വപ്‌ന സുരേഷിന്റെ പുതിയ ആരോപണങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.രാധാകൃഷ്ണന്‍ അന്വേഷിക്കും. ജോയിന്റ് ഡയറക്ടര്‍ മനീഷ് ഗൊദാരയ്ക്കാണ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല. നേരത്തെ ഇതേ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് പി രാധാകൃഷ്ണന്‍. സ്വപ്‌നയുടെ രഹസ്യമൊഴി സംഘം വിശദമായി പരിശോധിക്കും. അന്വേഷണത്തില്‍ അനാവശ്യ തിടുക്കം വേണ്ടെന്നാണ് ഏജന്‍സിക്ക് കിട്ടിയിരിക്കുന്ന നിര്‍ദേശം.അതേസമയം സ്വപ്ന സുരേഷിനെതിരെയുള്ള ഗൂഢാലോചനാ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ നിര്‍ണായക യോഗം നാളെ ചേരും. ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക, പുതുതായി പ്രതി ചേര്‍ക്കേണ്ടവര്‍ തുടങ്ങിയ കാര്യങ്ങളില്‍ നാളെ തീരുമാനമെടുക്കും. കേസില്‍ സരിത എസ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്ന കാര്യത്തിലും ആലോചന തുടരുകയാണ്.

You might also like