സ്വർണക്കടത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പേര് പറയാന്‍ സ്വപ്നയെ എന്‍ഫോ‍ഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നിര്‍ബന്ധിച്ചുവെന്ന് മൊഴി

സ്വപ്നയുടെ ശബ്ദരേഖ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനാണ് വനിതാ പൊലീസ് ഓഫീസര്‍ മൊഴി നല്‍കിയത്. ഇഡി അസിസ്റ്റന്‍ഡ് ഡയറക്ടര്‍ രാധാകൃഷ്ണൻ ആണ് കൂടുതല്‍ പ്രഷർ കൊടുത്ത് സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തതെന്നും വനിതാ പൊലീസ് ഉദ്യോഗസ്ഥ വെളിപ്പെടുത്തി

0

തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയന്‍റെ പേര് പറയാന്‍ സ്വപ്നയെ എന്‍ഫോ‍ഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) നിര്‍ബന്ധിച്ചുവെന്ന് മൊഴി. എസ്‌കോര്‍ട്ട് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ സിവില്‍ പൊലീസ് ഓഫീസർ സിജി വിജയന്‍റെ മൊഴിയാണ് പുറത്തുവന്നത്. സ്വപ്നയെ നിർബന്ധിച്ച് മൊഴി പറയിപ്പിക്കുന്നത് കേട്ടിട്ടുണ്ടെന്നും, ചോദിക്കുന്ന ചോദ്യങ്ങളിൽ കൂടുതലും മുഖ്യമന്ത്രിയുടെ പേര് നിർബന്ധപൂർവ്വം പറയിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നുവെന്നും പൊലീസ് ഓഫീസര്‍ വെളിപ്പെടുത്തി.

സ്വപ്നയുടെ ശബ്ദരേഖ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനാണ് വനിതാ പൊലീസ് ഓഫീസര്‍ മൊഴി നല്‍കിയത്. ഇഡി അസിസ്റ്റന്‍ഡ് ഡയറക്ടര്‍ രാധാകൃഷ്ണൻ ആണ് കൂടുതല്‍ പ്രഷർ കൊടുത്ത് സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തതെന്നും വനിതാ പൊലീസ് ഉദ്യോഗസ്ഥ വെളിപ്പെടുത്തി. സംസ്ഥാന സർക്കാരിനെ അപകീർത്തി പെടുത്താനും ഭരണം അട്ടിമറിക്കാനും ഇ ഡി യെ കേന്ദ്ര സർക്കാർ ഉപ്പാക്കുന്നതായുള്ള സി പി ഐ എം ആരോപണങ്ങൾ ശരിവെക്കുന്നതാണ് വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ മൊഴി

അതേസമയം, സ്വർണ്ണക്കടത്ത് കേസിൽ മൊഴി നൽകുന്നതിനായി അഭിഭാഷക ദിവ്യ എസ് കസ്റ്റംസിന് മുന്നിൽ ഹാജരായി. തിരുവനന്തപുരം കരമന സ്വദശിയായ ദിവ്യ കൈകുഞ്ഞുമായാണ് മൊഴിനല്‍കാന്‍ എത്തിയത്. ദിവ്യയോട് ഫോണുകൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, പാസ്പോര്‍ട്ട് അടക്കം ഹാജരാക്കാൻ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. കള്ളക്കടത്ത് സംഘവുമായി ബന്ധമില്ലെന്നും അടുത്തിടെ ലഭിച്ച സിം കാർഡുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാനാണ് കസ്റ്റംസ് വിളിപ്പിച്ചതെന്നും ദിവ്യ മാധ്യമങ്ങളോട് പറഞ്ഞു