സി പി ഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്‍ററിനെതിരെ ബോംബേറ്

എകെജി സെന്‍ററിന്‍റെ അടുത്തുകൂടി കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡില്‍ നിന്നും സ്കൂട്ടറില്‍ വന്ന ഒരാള്‍ ബോംബ് എറിയുന്ന ദൃശ്യമാണ് കാണുന്നത്. ബോംബ് എറിഞ്ഞ ഇയാള്‍ അതിവേഗം ഓടിച്ചു പോവുകയായിരുന്നു

0

തിരുവനന്തപുരം | സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്‍ററിനെതിരെ ബോംബേറ്. എകെജി സെന്‍ററിലെ ഹാളിലേക്കുള്ള ഗേറ്റിലാണ് ബോംബ് എറിഞ്ഞത്. രാത്രി 11.30 ഓടെയാണ് സംഭവം. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവ സ്ഥലത്ത് ഫോറന്‍സിക് പരിശോധന നടക്കുകയാണ്. വിശദമായ അന്വേഷണം ആരംഭിച്ചതായി സിറ്റി പൊലീസ് കമ്മീഷ്ണര്‍ അറിയിച്ചു.എകെജി സെന്‍ററിന്‍റെ അടുത്തുകൂടി കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡില്‍ നിന്നും സ്കൂട്ടറില്‍ വന്ന ഒരാള്‍ ബോംബ് എറിയുന്ന ദൃശ്യമാണ് കാണുന്നത്. ബോംബ് എറിഞ്ഞ ഇയാള്‍ അതിവേഗം ഓടിച്ചു പോവുകയായിരുന്നു. മുന്നിലെ ഗേറ്റില്‍ പൊലീസുകാര്‍ ഉണ്ടായിരുന്നുവെന്നാണ് സിപിഐഎം ഓഫീസ് സെക്രട്ടറി ബിജു കണ്ടക്കൈ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രണ്ട് ബൈക്കുകള്‍ ആക്രമണം നടന്ന സമയത്ത് ആ ഭാഗത്ത് എത്തിയെന്നാണ് ഓഫീസ് സെക്രട്ടറി പറയുന്നത്.

മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരും സ്ഥലത്ത് എത്തിയിട്ടുണ്ട്. പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി അടക്കം മുതിര്‍ന്ന സിപിഎം നേതാക്കള്‍ എകെജി സെന്‍ററില്‍ എത്തിയിട്ടുണ്ട്. മന്ത്രിമാരും, സിപിഐ നേതാക്കളും, എല്‍ഡിഎഫ് നേതാക്കളും സ്ഥലത്ത് എത്തിയിട്ടുണ്ട്. എംഎല്‍എമാരും, എംപിമാരും സ്ഥലത്തുണ്ട്. ഇതിന് പുറമേ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രവര്‍ത്തകരും സംഭവം അറിഞ്ഞ് എകെജി സെന്‍ററിന് മുന്നില്‍ തടിച്ചുകൂടി
സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍‍ ഇപി ജയരാജന്‍ അഭ്യര്‍ത്ഥിച്ചു. തലസ്ഥാനത്ത് ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. പത്തനംതിട്ടയില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. കോഴിക്കോടും പ്രകടനം നടന്നു.

സംസ്ഥാനം കലാപഭൂമിയാക്കാനും, ക്രമസമാധാന നില തകര്‍ന്നുവെന്ന മുറവിളി സൃഷ്ടിക്കാനും ബോധപൂര്‍വ്വം നടത്തിയ ശ്രമമാണ് എകെജി സെന്‍ററിനെതിരെ നടന്ന ആക്രമണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് സംഭവത്തെ അപലപിച്ച് ഇറക്കിയ പ്രസ്താവനയിലാണ് പാര്‍ട്ടി സെക്രട്ടറി ഇത് പറയുന്നത്.

എകെജി സെന്‍ററിന് നേരെ ആക്രമം സൃഷ്ടിച്ച് പ്രകോപനംഉണ്ടാക്കാനുള്ള യുഡിഎഫ് തന്ത്രങ്ങളില്‍ യാതൊരു കാരണവശാലും പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ കുടുങ്ങരുതെന്നും സിപിഎം പ്രസ്താവനയില്‍ പറയുന്നു.എകെജി സെന്‍ററിന് നേരെ നടന്ന ബോംബാക്രമണത്തില്‍ സമാധാനപരമായ പ്രതിഷേധം ബഹുജനങ്ങളെ അണിനിരത്തി സംഘടിപ്പിക്കണമെന്നും സിപിഎം പറയുന്നു.

You might also like