എസ്. ശ്രീശാന്ത് ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ഏഴു മത്സരങ്ങളില്‍ നിന്നായി 22 വിക്കറ്റുകള്‍ നേടി ശ്രദ്ധ പിടിച്ചുപറ്റിയതോടെ അതേ സീസണില്‍ ദുലീപ് ട്രോഫിക്കുള്ള ദക്ഷിണ മേഖലാ ടീമിലും ഇടം ലഭിച്ചു.

0

കൊച്ചി | ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് മലയാളി താരം എസ്. ശ്രീശാന്ത് വിരമിച്ചു. നീണ്ട ഏഴ് വര്‍ഷത്തെ വിലക്കിന് ശേഷം ഈ സീസണില്‍ കേരളത്തിനായി രഞ്ജി ട്രോഫി കളിച്ചിരുന്നു. 2002-2003 സീസണില്‍ ഗോവക്കെതിരായ മത്സരത്തിലൂടെയാണ് ശീശാന്ത് രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ചത്. ഏഴു മത്സരങ്ങളില്‍ നിന്നായി 22 വിക്കറ്റുകള്‍ നേടി ശ്രദ്ധ പിടിച്ചുപറ്റിയതോടെ അതേ സീസണില്‍ ദുലീപ് ട്രോഫിക്കുള്ള ദക്ഷിണ മേഖലാ ടീമിലും ഇടം ലഭിച്ചു.കേരളത്തിനുവേണ്ടി കളിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടിയ ആദ്യ മലയാളിയായ ടിനു യോഹന്നാന്റെ പാത പിന്തുടര്‍ന്നാണ് ശ്രീശാന്തും ഇന്ത്യന്‍ ടീമിലെത്തിയത്. 2004 നവംബറില്‍ ഹിമാചല്‍ പ്രദേശിന് എതിരായ മത്സരത്തില്‍ രഞ്ജി ട്രോഫിയില്‍ ഹാട്രിക് നേടുന്ന ആദ്യ മലയാളി താരമെന്ന റോക്കോര്‍ഡ് സ്വന്തമാക്കി.

2005 ഒക്ടോബറില്‍ ചലഞ്ചര്‍ ട്രോഫിക്കുള്ള ഇന്ത്യ ബി ടീമില്‍ ഇടം നേടി. ചലഞ്ചര്‍ ട്രോഫിയില്‍ ഏഴു വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങിയതോടെയാണ് ഇന്ത്യന്‍ ടീമിലേക്ക് വഴി തെളിഞ്ഞത്. 2005 ഒക്ടോബര്‍ 13ന് ചലഞ്ചര്‍ ട്രോഫിയില്‍ മാന്‍ ഓഫ് ദ സിരീസായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.2005 ഒക്ടോബര്‍ 25ന് ഇന്ത്യന്‍ ടീമിലെത്തി. കന്നി മത്സരത്തില്‍ ശ്രീലങ്കക്കെതിരെ രണ്ടു വിക്കറ്റാണ് ശ്രീ നേടിയത്. നാഗ്പൂരില്‍ നടന്ന 2011ലെ ലോകകപ്പ് ക്രിക്കറ്റില്‍ പ്രവീണ്‍ കുമാറിനു പകരം തെരഞ്ഞെടുക്കപ്പെട്ടു. ഏകദിന ലോകകപ്പും ട്വന്റി20 ലോകകപ്പും വിജയിച്ച ടീമുകളിലും ശ്രീ അംഗമായിരുന്നു. ബാല്യത്തില്‍തന്നെ ക്രിക്കറ്റ് കളിച്ചു തുടങ്ങിയ ശ്രീശാന്ത് ആദ്യം ലെഗ് സ്പിന്നറായിരുന്നു. പിന്നീട് സഹോദരന്റെ നിര്‍ദ്ദേശം സ്വീകരിച്ചാണ് ഫാസ്റ്റ് ബൗളിംഗിലേക്ക് ചുവടു മാറ്റിയത്.

-

You might also like

-