സിസ്റ്റര്‍ ലൂസി കളപ്പുരക്ക് അന്ത്യശാസനം പുറത്തുപോയില്ലങ്കിൽ പുറത്താക്കും

പതിനെട്ട് പേജുള്ള വിശദമായ നോട്ടീസിൽ സഭയിൽ നിന്ന് പുറത്ത് പോകുന്നില്ലെങ്കിൽ അതിന് കാരണം കാണിക്കണമെന്നാണ് സന്യാസിനി സഭ ആവശ്യപ്പെടുന്നത്. സ്വയം ഒഴിഞ്ഞു പോകാൻ തയ്യാറാണെങ്കിൽ വ്രത മോചനത്തിനുള്ള സൗകര്യങ്ങളെല്ലാം സന്തോഷത്തോടെ ചെയ്ത് തരാമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്.

0

വയനാട്: സഭയിൽ നിന്നും പുറത്തു പോകണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുരക്ക് വീണ്ടും നോട്ടീസ്. പുറത്തു പോയില്ലെങ്കിൽ പുറത്താക്കുമെന്നാണ് മുന്നറിയിപ്പ്. സിനഡ് തിരുമാനം ലംഘിച്ച് ചാനൽ ചർച്ചകളിൽ പങ്കെടുത്തുവെന്നതാണ് സിസ്റ്റര്‍ക്കെതിരെ ചുമത്തിയ പ്രധാന കുറ്റം. കാറുവാങ്ങിയതും ശമ്പളം മഠത്തിന് നൽകാത്തതും ദാരിദ്ര്യവ്രതത്തിനു വിരുദ്ധമാണെന്നും നോട്ടീസിൽ പറയുന്നുണ്ട്.

കന്യാസ്ത്രീ സമരത്തിൽ പങ്കെടുത്തുവെന്ന കുറ്റം ഇത്തവണത്തെ നോട്ടീസിലില്ല. പുറത്തു പോകുന്നില്ലെങ്കിൽ കാരണം ഏപ്രിൽ 16ന് മുമ്പ് അറിയിക്കണമെന്നും നോട്ടീസിൽ പറയുന്നുണ്ട്. ലൂസി കളപ്പുര കാനോൻ നിയമപ്രകാരം കന്യാസ്ത്രീകൾ പിലിക്കേണ്ട ചട്ടങ്ങൾ ലംഘിച്ചെന്നും നോട്ടീസ് വ്യക്തമാക്കുന്നുണ്ട്. കന്യാസ്ത്രീ സമരങ്ങളിൽ പങ്കെടുത്തു എന്നാണ് ഇതിന് മുൻപ് രണ്ട് തവണ നൽകിയ നോട്ടീസിലും പ്രധാന കുറ്റമായി ആരോപിച്ചിരുന്നത്. ഈ രണ്ട് നോട്ടീസിനും സിസ്റ്റര്‍ ലൂസി കളപ്പുര മറുപടിയും നൽകിയിരുന്നു. എന്നാൽ സിനഡ് തീരുമാനം ലംഘിച്ച് ചാനൽ ചര്‍ച്ചകളിൽ പങ്കെടുക്കുന്നു എന്നതടക്കമുള്ള കുറ്റങ്ങളാണ് മൂന്നാം തവണ നൽകിയ നോട്ടീസിൽ പറയുന്നത്.

പതിനെട്ട് പേജുള്ള വിശദമായ നോട്ടീസിൽ സഭയിൽ നിന്ന് പുറത്ത് പോകുന്നില്ലെങ്കിൽ അതിന് കാരണം കാണിക്കണമെന്നാണ് സന്യാസിനി സഭ ആവശ്യപ്പെടുന്നത്. സ്വയം ഒഴിഞ്ഞു പോകാൻ തയ്യാറാണെങ്കിൽ വ്രത മോചനത്തിനുള്ള സൗകര്യങ്ങളെല്ലാം സന്തോഷത്തോടെ ചെയ്ത് തരാമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്. സന്യാസം വിട്ട് പോകാനല്ല സന്യാസ വ്രതം തുടരാൻ തന്നെയാണ് തീരുമാനമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പ്രതികരിച്ചു. മുൻപ് നൽകിയ നോട്ടീസിനെല്ലാം കനോൻ നിയമങ്ങളും ചട്ടങ്ങളും ഉദ്ധരിച്ച് തന്നെയാണ് മറുപടി നൽകിയതെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പ്രതികരിച്ചു.

You might also like

-