ഹൂസ്റ്റണില്‍ വെടിവയ്പ്; സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു

സംഭവത്തെ കുറിച്ചു വിവരം ലഭിക്കുന്നവര്‍ ഹൂസ്റ്റണ്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്‍റില്‍ 7133083600 നമ്പറിലോ, 713 222 ടിപ്‌സിലോ വിളിച്ചു അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

0

ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ മാര്‍ച്ച് പത്തിനു രാത്രി ഉണ്ടായ വെടിവയ്പില്‍ രണ്ടു സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടതായി ഹൂസ്റ്റണ്‍ പോലീസ് അറിയിച്ചു. യാതൊരു പ്രകോപനവുമില്ലാതെയാണ് വെടിവച്ചതെന്നും പോലീസ് പറഞ്ഞു.കൊല്ലപ്പെട്ട ലൂയിസ് റൂയ്‌സ് (21), ജെസിക്ക റൂയ്‌സ് (20) എന്നീ സഹോദരങ്ങള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കാറില്‍ വന്നിറങ്ങി. മറ്റു രണ്ടു പേരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. പിന്നീട് രണ്ടുപേരില്‍ ഒരാള്‍ കാറില്‍ നിന്നും തോക്കെടുത്ത് അഞ്ചുപേര്‍ക്കു നേരേയും വെടിയുതിര്‍ക്കുകയായിരുന്നു.

വെടിയേറ്റ സഹോദരനും സഹോദരിയും പേരു വെളിപ്പെടുത്താത്ത 40 വയസുകാരനും സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. വെടിയേറ്റ 18 വയസുള്ള മറ്റൊരു പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ കൂടെ ഉണ്ടായിരുന്ന അഞ്ചാമന്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.വെടിവയ്പു നടത്തിയ ശേഷം രക്ഷപ്പെട്ട രണ്ടു പേരെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി.

സംഭവത്തെ കുറിച്ചു വിവരം ലഭിക്കുന്നവര്‍ ഹൂസ്റ്റണ്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്‍റില്‍ 7133083600 നമ്പറിലോ, 713 222 ടിപ്‌സിലോ വിളിച്ചു അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സഹോദരങ്ങളുടെ സംസ്‌കാര ചെലവുകള്‍ക്കായി കുടുംബം ഗോ ഫണ്ട് മി അക്കൗണ്ട് ഓപ്പണ്‍ ചെയ്തിട്ടുണ്ട്.