ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ ഷാറൂഖ് സെയ്ഫി കൂടുതൽ ശാസ്ത്രീയ തെളിവുകൾ കണ്ടെത്താനാണ് പോലീസ് ശ്രമം

കേസുമായി ബന്ധപ്പെട്ട് നിലവില്‍ വിശദമായ ഫൊറന്‍സിക് പരിശോധന പുരോഗമിക്കുകയാണ്.പരസ്പരവിരുദ്ധമായ മൊഴികളാണ് പ്രതി ഷാറൂഖ് സെയ്ഫി നൽകുന്നത്. തനിക്ക് പ്രേരണയായത് മറ്റൊരാൾ നൽകിയ ഉപദേശമെന്ന് അറസ്റ്റിലായ ഷാരൂഖ് സെയ്ഫി മഹാരാഷ്ട്രാ എടിഎസിനോട് പറഞ്ഞതെങ്കിലും തന്റെ കുബുദ്ധിയാണ് എല്ലാമെന്നാണ് കേരള പൊലീസിനോട് വ്യക്തമാക്കിയത്.

0

കോഴിക്കോട്| എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസില്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ പ്രതി ഷാറൂഖ് സെയ്ഫി.പ്രതി ചോദ്യം ചെയ്യലിനോട് സഹകരിക്കാത്തതിനാൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ കണ്ടെത്താനാണ് പോലീസ് ശ്രമിക്കുന്നത് . കേസുമായി ബന്ധപ്പെട്ട് നിലവില്‍ വിശദമായ ഫൊറന്‍സിക് പരിശോധന പുരോഗമിക്കുകയാണ്.പരസ്പരവിരുദ്ധമായ മൊഴികളാണ് പ്രതി ഷാറൂഖ് സെയ്ഫി നൽകുന്നത്. തനിക്ക് പ്രേരണയായത് മറ്റൊരാൾ നൽകിയ ഉപദേശമെന്ന് അറസ്റ്റിലായ ഷാരൂഖ് സെയ്ഫി മഹാരാഷ്ട്രാ എടിഎസിനോട് പറഞ്ഞതെങ്കിലും തന്റെ കുബുദ്ധിയാണ് എല്ലാമെന്നാണ് കേരള പൊലീസിനോട് വ്യക്തമാക്കിയത്.

അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എഡിജിപി എം ആര്‍ അജിത്കുമാര്‍, സിറ്റി പൊലീസ് കമ്മിഷണര്‍ രാജ്പാല്‍ മീണ എന്നിവര്‍ മെഡിക്കല്‍ കോളജില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.ഷാറൂഖ് സെയ്ഫിന്റെ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് ഫൊറന്‍സിക് പരിശോധന നടക്കുന്നത്. ഇതിന് മുന്നോടിയായി പ്രതിയെ ചോദ്യം ചെയ്തിരുന്നു. ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാത്ത പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കുന്നില്ല. അതുകൊണ്ട് തന്നെ ഇന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കില്ല. ഇന്ന് രാത്രി വൈകിയും ചോദ്യം ചെയ്യല്‍ തുടരും. നാളെ ഷാറൂഖിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ സമര്‍പ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം.

ഇന്ന് രാവിലെ പത്ത് മണിക്കാണ് കേസില്‍ ഷാറൂഖ് സെയ്ഫിയുടെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തുന്നത്. ഷാറൂഖിനെതിരെ യിഎപിഎ സെക്ഷന്‍ 16 ചുമത്താനാണ് പൊലീസ് തലപ്പത്തു ചര്‍ച്ച നടക്കുന്നത്. തീവ്രവാദ പ്രവര്‍ത്തനം വഴി മരണം സംഭവിക്കുന്ന കുറ്റകൃതമാണ് യുഎപിഎ സെക്ഷന്‍ 16. വധ ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ് യുഎപിഎ സെക്ഷന്‍ 16.ഷാറൂഖ് നടത്തിയത് തീവ്രവാദ പ്രവര്‍ത്തനമാണെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഷാറുഖ് ഏതെങ്കിലും തീവ്രവാദ സംഘവുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഇതിനിടെ ഷാറൂഖ് സെയ്ഫിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. മഞ്ഞപ്പിത്തം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരള് പ്രവർത്തനത്തിൽ ചെറിയ പ്രശ്നങ്ങളുണ്ടെന്നും സ്ഥിരീകരിച്ചു. രക്ത പരിശോധനയിൽ ചില കാര്യങ്ങളിൽ സംശയമുണ്ടായതിനാലാണ് പ്രതിക്ക് വീണ്ടും വിശദമായ പരിശോധന നടത്തിയത്. പ്രതിയുടെ ശരീരത്തിലേറ്റ മുറിവുകളുടെയും പൊള്ളലിന്‍റെയും പഴക്കം ഡോക്ടർമാരുടെ സംഘം നേരത്തെ പരിശോധിച്ചിരുന്നു.

You might also like

-