മാസപ്പടി കേസിൽ മുൻമുഖ്യമന്ത്രി പിണറായി വിജയന് തിരിച്ചടി. കേസിൽ അപ്പീലിന് ഹൈക്കോടതി
ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെ തുടർന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയനെ സിഎംആർഎൽ– എക്സാലോജിക് പണമിടപാടിലും മരുമകനും മുൻ മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് എംഎൽഎയെ ഹവാല ഇടപാടിലും ഒന്നാം പ്രതിയാക്കി വിജിലൻസ് 2 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു
കൊച്ചി | സിഎംആർഎൽ എക്സാലോജിക് കേസിൽ മുൻമുഖ്യമന്ത്രി പിണറായി വിജയന് തിരിച്ചടി. കേസിൽ അപ്പീലിന് ഹൈക്കോടതി അനുമതി നൽകിയില്ല. ഇ ഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. അപ്പീൽ നൽകാൻ പ്രത്യേക അനുമതിയാണ് പിണറായി വിജയൻ അടക്കമുള്ള പ്രതികൾ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഈ അപേക്ഷ ബെഞ്ച് തള്ളി. സിംഗിൾ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ഇപ്പോൾ അപ്പീൽ ഫയൽ ചെയ്യാൻ അനുവദിക്കേണ്ടതില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
എഫ്ഐആറിനെതിരെ ഭരണഘടനാപരവും നിയമപരവുമായ മാർഗങ്ങൾ സ്വീകരിക്കാനുള്ള അവകാശം ഹർജിക്കാർക്കുണ്ടെന്നും സിംഗിൾ ബെഞ്ച് ഉത്തരവ് ഹർജിക്കാരുടെ അവകാശത്തെ ബാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ കെ നടരാജൻ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരുടെ ഉത്തരവ്. ഈ സാഹചര്യത്തിൽ സംസ്ഥാന വിജിലൻസിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും അന്വേഷണവുമായി മുന്നോട്ടു പോകാം.
ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെ തുടർന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയനെ സിഎംആർഎൽ– എക്സാലോജിക് പണമിടപാടിലും മരുമകനും മുൻ മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് എംഎൽഎയെ ഹവാല ഇടപാടിലും ഒന്നാം പ്രതിയാക്കി വിജിലൻസ് 2 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. തുടർന്നാണ് പിണറായി വിജയൻ ഹർജി നൽകിയത്. രണ്ട് കേസിലും പിണറായിയുടെ മകൾ ടി വീണ രണ്ടാം പ്രതിയാണ്. അഴിമതിനിരോധന നിയമത്തിലെ വകുപ്പുകളും ക്രിമിനൽ ഗൂഢാലോചനയുമാണ് ചുമത്തിയത്.