കാട്ടുപന്നിയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ മരത്തിൽ കയറിയ അധ്യാപകനെ അഗ്നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി
മരത്തിൽ കയറാൻ പരിചയമില്ലാതിരുന്ന രാധാകൃഷ്ണൻ ഏറെ പ്രയാസപ്പെട്ടാണ് മുകളിലെത്തിയത്. എന്നാൽ, താഴെയിറങ്ങാൻ കഴിയാതെ രണ്ട് ശിഖരങ്ങൾ ചേർന്ന ഭീമൻ കൊമ്പുകൾക്കിടയിൽ കുടുങ്ങുകയായിരുന്നു
തിരുവനന്തപുരം | കാട്ടുപന്നിയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ മരത്തിൽ കയറിയ അധ്യാപകനെ അഗ്നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി. തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം.വെള്ളറട ശിശുപാലൻ റോഡിൽ ശ്രേയസിൽ കോവില്ലൂർ രാധാകൃഷ്ണൻ (53) ആണ് കാട്ടുപന്നിയുടെ ആക്രമണശ്രമത്തിൽനിന്ന് രക്ഷപ്പെടാൻ മരത്തിൽ കയറിയത്. കോവില്ലൂർ കലപ്പക്കോണം പ്രദേശത്തെ റബ്ബർ പുരയിടത്തിൽ ടാപ്പിങ് നടത്തുന്നതിനിടെയാണ് സംഭവം.
സമീപത്ത് പാറഖനനം നടത്തിയശേഷം ഉപേക്ഷിച്ച സ്ഥലങ്ങൾ കാടുപിടിച്ചുകിടക്കുകയായിരുന്നു. ഈ പ്രദേശത്തുണ്ടായിരുന്ന കാട്ടുപന്നി രാധാകൃഷ്ണനെ ആക്രമിക്കാൻ ശ്രമിച്ചതോടെ പ്രാണരക്ഷാർഥം അദ്ദേഹം റബ്ബർമരത്തിൽ കയറി. മരത്തിൽ കയറാൻ പരിചയമില്ലാതിരുന്ന രാധാകൃഷ്ണൻ ഏറെ പ്രയാസപ്പെട്ടാണ് മുകളിലെത്തിയത്. എന്നാൽ, താഴെയിറങ്ങാൻ കഴിയാതെ രണ്ട് ശിഖരങ്ങൾ ചേർന്ന ഭീമൻ കൊമ്പുകൾക്കിടയിൽ കുടുങ്ങുകയായിരുന്നു.എപ്പോഴും ബാഗിൽ ഫോൺ കരുതാറുള്ള രാധാകൃഷ്ണൻ അഗ്നിരക്ഷാസേനയെ വിളിച്ച് വിവരം അറിയിച്ചു. തുടർന്ന് പാറശാലയിൽനിന്ന് അഗ്നിരക്ഷാസേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി അദ്ദേഹത്തെ സുരക്ഷിതമായി താഴെയിറക്കി.കൂതാളി ഈശ്വരവിലാസം സ്കൂളിലെ അധ്യാപകനാണ് രാധാകൃഷ്ണൻ