നമ്പർ 18 ഹോട്ടൽ പോക്സോ കേസിലെ സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി ,രണ്ടുപേർ കസ്റ്റഡിയിൽ

കോഴിക്കോട് സ്വദേശികളായ അമ്മയും മകളുമാണ് നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട്, സൈജു തങ്കച്ചൻ, അഞ്ജലി എന്നിവർക്കെതിരെ പോക്സോ കേസ് നൽകിയത്

0

കൊച്ചി | കൊച്ചിയിലെ മോഡലുകളുടെ അപകടമരണ കേസിലെയും നമ്പർ 18 ഹോട്ടൽ പോക്സോ കേസിലെയും പ്രതിയായ സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. കുഴിപ്പള്ളിയിലെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ട് പോയെന്നും പിന്നീട് വിട്ടയച്ചെന്നുമാണ് പൊലീസിൽ സൈജു നൽകിയ പരാതി. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. കുഴിപ്പള്ളിയിലെ വീട്ടിൽ നിന്നാണ് എട്ടംഗ സംഘം തട്ടിക്കൊണ്ടുപോയത്. മോചനദ്രവ്യമായി ആദ്യം പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടു. പിന്നീട് ഒരു ലക്ഷം രൂപ തന്നാൽ മതിയെന്നും ആവശ്യപ്പെട്ടുവെന്നും സൈജു മുനമ്പം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മുനമ്പം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരാതി സൈജു ഉണ്ടാക്കിയ കഥ ആണോയെന്ന് പൊലീസ് പരിശോധിച്ചിരുന്നു. ദേഹത്തെ മർദ്ദന പാടുകൾകളടക്കം കണ്ടതോടെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ലോക്കൽ ഗുണ്ടകളാണ് ഇയാളെ തട്ടിക്കൊണ്ടു പോയതെന്ന് പൊലീസ് അറിയിച്ചു. രണ്ട് പേരെ കസ്റ്റഡി എടുത്തു. കൂടുതൽ ആളുകളെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു.

കൊച്ചിയിലെ മോഡലുകളുടെ അപകടമരണ കേസിലെ പ്രതിയായ സൈജുവിനെതിരെ കഴിഞ്ഞ ദിവസമാണ് പോക്സോ കേസും രജിസ്റ്റർ ചെയ്തത്. കോഴിക്കോട് സ്വദേശികളായ അമ്മയും മകളുമാണ് നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട്, സൈജു തങ്കച്ചൻ, അഞ്ജലി എന്നിവർക്കെതിരെ പോക്സോ കേസ് നൽകിയത്. കൊച്ചിയിൽ മോഡലുകളുടെ മരണത്തിന്‍റെ പേരിൽ വിവാദത്തിലായ ഹോട്ടലാണ് ഫോർട്ട് കൊച്ചിയിലെ നമ്പർ 18. ഹോട്ടലിൽ എത്തിയ തന്നെയും മകളെയും വലിച്ചിഴച്ച് കൊണ്ടുപോയി ലഹരി പദാർത്ഥം കഴിക്കാൻ നിർബന്ധിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുമെന്നുമാണ് കോഴിക്കോട് സ്വദേശികളായ അമ്മയും മകളും നൽകിയ പരാതി. 2021 ഒക്ടോബർ 20 നാണ് സംഭവും നടന്നത്. പ്രതികൾ തങ്ങളുടെ ദൃശ്യങ്ങൾ പകർത്തിയതിനാൽ ഭീഷണി ഭയന്നാണ് പരാതി പറയാൻ കാലതാമസം ഉണ്ടായതെന്നും ഇവർ മൊഴി നൽകിയിരുന്നു.

കേസിൽ മൂന്ന് പ്രതികളും മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരുന്നു. പ്രതികൾ നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തിങ്കളഴ്ച പരിഗണിക്കാൻ മാറ്റിയിട്ടുണ്ട്. കേസിൽ ഡിജിറ്റൽ തെളിവുകൾ ഹാജരാക്കാൻ കൂടുതൽ സാവകാശം വേണമെന്ന് പ്രതികൾ കോടതിയെ അറിയിച്ചു. എന്നാൽ റോയ് വയലാട്ട് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും തിങ്കഴാഴ്ച വരെ പ്രതികളുടെ അറസ്റ്റ് ഉണ്ടാകില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ പണം തട്ടലാണ് പരാതിക്ക് പിന്നിലുള്ള ലക്ഷ്യമെന്നും ബെന്നി എന്നയാളെ പരാതിക്കാരി സാമ്പത്തിക തട്ടിപ്പ് കേസിൽ നേരത്തെ കുടുക്കിയിട്ടുണ്ടെന്നും പ്രതിഭാഗം അറിയിച്ചു. എന്നാൽ മുൻകൂർ ജാമ്യ ഹർജിയിൽ തീരുമാനം എടുക്കുന്നത് പരാതിക്കാരിയുടെ ഭാഗം കൂടി കേട്ട് വേണമെന്ന് സർക്കാർ വ്യക്തമാക്കി.മോഡലുകളുടെ അപകടമരണത്തിൽ കുറ്റപത്രം ഈ ആഴ്ച സമർപ്പിക്കും. കേസിൽ നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ട്, സൈജു തങ്കച്ചൻ എന്നിവരുൾപ്പെടെ എട്ട് പ്രതികളാണ് ഉള്ളത്. പ്രേരണാകുറ്റം, മനഃപൂർവമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

-

You might also like

-