ട്രംപിന്‍റെ ‘കശ്മീർ മധ്യസ്ഥത’യിൽ ഇരുസഭകളും പ്രക്ഷുബ്ധം: അടിസ്ഥാന രഹിതമെന്ന് എസ് ജയ്‍ശങ്കർ

ട്രംപിന്റെ ഈ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷം പാര്‍ലമെന്റിന്റെ ഇരുസഭകളിലും ആവശ്യപ്പെട്ടു. പ്രധാനമന്ത്രി വിശദീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രാജ്യസഭയില്‍ ബഹളം വെച്ചു

0

കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് ആവശ്യപ്പെട്ടുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവന ഇന്ത്യ തള്ളി. അത്തരമൊരു അഭ്യര്‍ഥനയും നരേന്ദ്ര മോദി നടത്തിയിട്ടില്ലെന്ന് പാര്‍ലമെന്റില്‍ വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കര്‍ വിശദീകരിച്ചു. എന്നാല്‍ പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും വിശദീകരണം നല്‍കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല. തുടര്‍ന്ന് പ്രതിപക്ഷം ലോക്സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

ട്രംപിന്റെ ഈ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷം പാര്‍ലമെന്റിന്റെ ഇരുസഭകളിലും ആവശ്യപ്പെട്ടു. പ്രധാനമന്ത്രി വിശദീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രാജ്യസഭയില്‍ ബഹളം വെച്ചു. ഇതോടെ 12 മണി വരെ പിരിഞ്ഞ രാജ്യസഭ പുനരാരംഭിച്ചെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് രണ്ട് മണി വരെക്ക് വീണ്ടും നിര്‍ത്തിവെച്ചു. പ്രധാനമന്ത്രിയും ട്രംപും ഈ വിഷയത്തില്‍ എന്തെങ്കിലും സംഭഷണം നടത്തിയിട്ടുണ്ടോയെന്ന് മോദി വിശദീകരിക്കണമെന്ന് മനേഷ് തിവാരി ലോക്സഭയില്‍ ആവശ്യപ്പെട്ടു. ദേശീയ പ്രശ്നം രാഷ്ട്രീയവത്കരിക്കുന്നത് ശരിയല്ലെന്ന നിലപാടാണ് ഇരുസഭകളിലും അധ്യക്ഷന്മാര്‍ സ്വീകരിച്ചത്.