കിഴക്കന്‍ യുക്രൈന്‍ വിമത മേഖലകളെ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍

'യുക്രൈന്‍ യുഎസ് കോളനിയായി മാറി. റഷ്യയ്‌ക്കെതിരായ പോരാട്ടത്തിനുള്ള സേനാതാവളമായി യുക്രെയ്‌നെ മാറ്റുകയാണ് നാറ്റോയുടെ ലക്ഷ്യം. യുക്രൈനെ നാറ്റോ ആയുധപ്പുരയാക്കി''

0

മോസ്‌കോ: കിഴക്കന്‍ യുക്രൈന്‍ വിമത മേഖലകളെ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. പുതിയ പ്രഖ്യാപനത്തോടെ യുക്രൈന്‍ പ്രതിസന്ധിയ്ക്ക്ആഘാതം കൂട്ടുന്നതാണ്. 2014 മുതല്‍ റഷ്യന്‍ പിന്തുണയോടെ യുക്രൈന്‍ സൈന്യവുമായി ഏറ്റുമുട്ടി കൊണ്ടിരിക്കുന്ന ഡൊണെറ്റ്‌സ്‌കിനേയും ലുഹാന്‍സ്‌കിനെയുമാണ് റഷ്യ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ചത്.ആധുനിക യുക്രെയ്‌നെ കമ്യൂണിസ്റ്റ് റഷ്യ സൃഷ്ടിച്ചതാണെന്നും യുക്രൈന് തങ്ങളുടെ ചരിത്രത്തില്‍ സുപ്രധാന പങ്കുണ്ടെന്ന് പുടിന്‍ പറഞ്ഞു. ”യുക്രൈന്‍ യുഎസ് കോളനിയായി മാറി. റഷ്യയ്‌ക്കെതിരായ പോരാട്ടത്തിനുള്ള സേനാതാവളമായി യുക്രെയ്‌നെ മാറ്റുകയാണ് നാറ്റോയുടെ ലക്ഷ്യം. യുക്രൈനെ നാറ്റോ ആയുധപ്പുരയാക്കി” പുടിന്‍ പറഞ്ഞു

. യുക്രൈന്‍-റഷ്യ സമാധാന ചര്‍ച്ചകള്‍ക്ക് കനത്ത ആഘാതം സൃഷ്ടിക്കുന്ന നടപടിയാണിത്. രാജ്യത്തെ അഭിസംബോധന ചെയ്താണ് പുടിന്‍ ഈ പ്രഖ്യാപനം നടത്തിയത്. യുക്രൈന്‍റെ പരമാധികാരത്തിനു മേലുള്ള ഇടപെടലാണ് ഇതെന്ന് യു.കെ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പ്രതികരിച്ചു. ഉപരോധം ഉള്‍പ്പെടെയുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് റഷ്യയുടെ ഈ നീക്കം.

“ഡൊണെറ്റ്‌സ്‌ക് പീപ്പിൾസ് റിപബ്ലിക്കിന്റെയും ലുഹാൻസ്ക് പീപ്പിൾസ് റിപബ്ലിക്കിന്റെയും സ്വാതന്ത്ര്യവും പരമാധികാരവും ഉടനടി അംഗീകരിച്ചുകൊണ്ടുള്ള തീരുമാനം എടുക്കേണ്ടത് ആവശ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു” എന്നാണ് പുടിന്‍ പറഞ്ഞത്. റഷ്യന്‍ പാർലമെന്റിന്റെ ഉപരിസഭയായ ഫെഡറേഷൻ കൗൺസിലിനോട് പുടിൻ ഈ തീരുമാനത്തെ പിന്തുണയ്ക്കാൻ ആവശ്യപ്പെട്ടു. പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും ഇതുസംബന്ധിച്ച വോട്ടെടുപ്പ് നടക്കും. ക്രെംലിനിലെ വിമത നേതാക്കളുമായി പുടിൻ സൗഹൃദ കരാറിലും ഒപ്പുവെച്ചു. അതിനിടെ യുക്രൈന്‍റെ അഞ്ച് സൈനികരെ റഷ്യ വധിച്ചെന്ന വാർത്ത യുക്രൈൻ നിഷേധിച്ചു. യുക്രൈന്‍റെ രണ്ട് സൈനിക വാഹനങ്ങൾ തകർത്തെന്നും റഷ്യ അവകാശപ്പെട്ടിരുന്നു. എന്നാൽ റഷ്യയുടെ ഈ വാദങ്ങളെയെല്ലാം യുക്രൈൻ തള്ളി. യുക്രൈനിലെ ജനങ്ങൾക്കൊപ്പം നിൽക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. യുക്രൈൻ പ്രതിസന്ധിയിൽ റഷ്യയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. എന്നാൽ ചർച്ചയ്ക്ക് സമയം ആയിട്ടില്ലെന്നായിരുന്നു റഷ്യയുടെ പ്രതികരണം. യുക്രൈൻ അധികാരികൾ അഴിമതിയുടെ വൈറസിനാൽ മലിനീകരിക്കപ്പെട്ടെന്നും ആണവായുധങ്ങൾ നിർമിക്കാൻ യുക്രൈൻ പദ്ധതിയിടുന്നുണ്ടെന്നും വ്ലാഡിമിർ പുടിന്‍ ആരോപിച്ചു.

You might also like

-