ആർ.എസ്‍.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ചവറയിൽ ഷിബു ബേബി ജോൺ, കുന്നത്തൂരിൽ ഉല്ലാസ് കോവൂർ, ഇരവിപുരത്ത് ബാബു ദിവാകരൻ

കൈപ്പമംഗലം വേണ്ടെന്നും പകരം അമ്പലപ്പുഴ ആർഎസ്‍പിക്ക് കിട്ടണമെന്നും സംസ്ഥാന സെക്രട്ടറി എ.എ അസീസ് പറഞ്ഞു

0

കൊല്ലം :നാല് മണ്ഡലങ്ങളിലേക്കുള്ള ആർ.എസ്‍.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ചവറയിൽ ഷിബു ബേബി ജോൺ, കുന്നത്തൂരിൽ ഉല്ലാസ് കോവൂർ, ഇരവിപുരത്ത് ബാബു ദിവാകരൻ, ആറ്റിങ്ങലിൽ എ ശ്രീധരൻ എന്നിവർ മത്സരിക്കും. കൈപ്പമംഗലം വേണ്ടെന്നും പകരം അമ്പലപ്പുഴ ആർഎസ്‍പിക്ക് കിട്ടണമെന്നും സംസ്ഥാന സെക്രട്ടറി എ.എ അസീസ് പറഞ്ഞു.അതേസമയം എൽഡിഎഫ്, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞിട്ടും സീറ്റ് വിഭജനം പൂർത്തിയാക്കാൻ ഇതുവരെ യുഡിഎഫിനായിട്ടില്ല. പട്ടാമ്പി സീറ്റിൽ ഉടക്കിയാണ് കോൺഗ്രസ് -ലീഗ് ഉഭയകക്ഷി ചർച്ച വഴിമുട്ടിയത്. കേരള കോൺഗ്രസ് ജോസഫിന്റെ കാര്യത്തിലും അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ല.

മുന്നണിയിലെ രണ്ടും മൂന്നും കക്ഷികളുമായാണ് സീറ്റിൻ്റെ കാര്യത്തിൽ കോൺഗ്രസിന് തർക്കം. അധികമായി ആറ് സീറ്റ് തുടക്കത്തിൽ ചോദിച്ച ലീഗ് മൂന്ന് മതിയെന്ന നിലപാടിൽ പിന്നീട് എത്തി. കൂത്തുപറമ്പ് ഉറപ്പിച്ചിട്ടുണ്ട്. മറ്റ് രണ്ട് സീറ്റുകളുടെ കാര്യത്തിൽ തർക്കം തുടരുന്നു. പട്ടാമ്പി വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ലീഗ്. 15ൽ തുടങ്ങി 12ൽ എത്തി നിൽക്കുന്ന ജോസഫിന് 9 സീറ്റുകളെ നൽകാൻ കഴിയൂവെന്നാണ് കോൺഗ്രസ് നിലപാട്. മൂവാറ്റുപുഴ കിട്ടുകയാണങ്കിൽ 10ൽ ഒതുങ്ങാമെന്ന് ജോസഫ് അറിയിച്ചിട്ടുണ്ടങ്കിലും മൂവാറ്റുപുഴ വിട്ടു നൽകാൻ കോൺഗ്രസ് തയ്യാറല്ല.