സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ മുന്‍ പിണറായി വിജയന് ആശ്വാസം.വിജിലന്‍സ് അന്വേഷണം കോടതി തടഞ്ഞു. കേസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വീണ്ടും പരിഗണിക്കണം

കേസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വീണ്ടും പരിഗണിക്കണമെന്നാണ് നിർദേശം.ഒറ്റ ദിവസം കൊണ്ട് എഫ്ഐആർ ഇട്ടു, ഇത്ര അടിയന്തര പ്രാധാന്യം എന്ത് എന്ന് ജസ്റ്റിസ് മോഹന ചോദിച്ചു

ഡൽഹി| സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് ആശ്വാസം. വിജിലന്‍സ് അന്വേഷണം കോടതി തടഞ്ഞു. കേസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വീണ്ടും പരിഗണിക്കണമെന്നാണ് നിർദേശം.ഒറ്റ ദിവസം കൊണ്ട് എഫ്ഐആർ ഇട്ടു, ഇത്ര അടിയന്തര പ്രാധാന്യം എന്ത് എന്ന് ജസ്റ്റിസ് മോഹന ചോദിച്ചു. സംസ്ഥാന സർക്കാരിനെ വിമർശിച്ച കോടതി, ഹര്‍ജി ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചു.

വിജിലൻസ് കേസ് എടുക്കാനുള്ള കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് പിണറായി വിജയൻ, ടി വീണ, മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർ സുപ്രീംകോടതിയിലെത്തിയത്. ആരോപണ വിധേയരെ കേൾക്കാതെയുള്ള ഹൈക്കോടതി സിം​ഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാൻ നേരത്തെ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചിരുന്നു. പിന്നാലെയാണ് അപ്പീലുമായി പിണറായിയും കുടുംബവും സുപ്രീംകോടതിയിലെത്തിയത്. കേസിൽ മുതിർന്ന രാഷ്ട്രീയ നേതാവായ പിണറായി വിജയന്‍റെ അറസ്റ്റിന് സാധ്യതയുണ്ടെന്നതിനാൽ ഹർജി വേ​ഗം പരി​ഗണിക്കണമെന്ന് പിണറായി വിജയന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് സുപ്രീം കോടതി ദസറ അവധിക്കാലത്ത് പ്രത്യേക ബെഞ്ച് രൂപീകരിച്ചത്. പിണറായി ഉൾപ്പെടെ എല്ലാ കക്ഷികളും നൽകിയ ഹർജികളും കോടതി പരി​ഗണിച്ചു.

സിംഗിൾ ബെഞ്ച് ഉത്തരവിൽ പരസ്പര വിരുദ്ധ കാര്യങ്ങളാണുള്ളതെന്നും ജസ്റ്റിസ് ജോയ് മാല ബാഗ്ചി ചൂണ്ടിക്കാട്ടി. ഇ ഡിയ്ക്കും സുപ്രീം കോടതി മുന്നറിയിപ്പ് നൽകി. അധികാര പരിധി കടക്കരുതെന്ന് ഇ ഡിയോട് സുപ്രീം കോടതി നിർദേശിച്ചു.ആരോപണ വിധേയരെ കേൾക്കാതെ ഹർജി തള്ളിയതെന്തിനാണെന്ന് കോടതി ചോദിച്ചു. കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും ഡിവിഷന്‍ ബെഞ്ച് പുതിയ തീരുമാനമെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഇ ഡിയുടെ കത്ത് അനുസരിച്ചാണ് വിജിലന്‍സ് അന്വേഷണം.അന്വേഷണം നിയമ പരിധി കടക്കരുതെന്നും സുപ്രീം കോടതി നിർദ്ദേശം നൽകി. വിജിലൻസ് കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനടക്കം നൽകിയ ഹർജികളാണ് സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ച് പരിഗണിച്ചത്.

വെള്ളിയാഴ്ച ഹർജി പരിഗണിച്ചപ്പോൾ 82 വയസ്സുള്ള പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്നും സംരക്ഷണം വേണമെന്നുമാണ് അപ്പീലിൽ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. ഹൈക്കോടതിയുടെ അപ്പീല്‍ അനുമതി നിഷേധം തെറ്റെന്നാണും പിണറായി വിജയന്‍ അപ്പീലില്‍ വാദിച്ചിരുന്നു. സിംഗിള്‍ ബെഞ്ചിന് മുന്നിലുള്ള ഹര്‍ജിയില്‍ തങ്ങളെ കക്ഷി ചേര്‍ത്തിരുന്നില്ലെന്നും പിണറായി വിജയനും പി എ മുഹമ്മദ് റിയാസും വ്യക്തമാക്കിയിരുന്നു.തങ്ങളെ ബാധിക്കുന്ന ഉത്തരവാണ് സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ചത്. ഒരുത്തരവ് വഴി നേരിട്ട് ബാധിക്കപ്പെടുന്ന വ്യക്തിക്ക് അതിനെതിരെ അപ്പീല്‍ നല്‍കാന്‍ അവകാശമുണ്ട്. അപ്പീല്‍ നല്‍കുന്നവര്‍ക്ക് നിയമപരമായ പരിഹാരം നിഷേധിക്കാനാവില്ലെന്നും സുപ്രീംകോടതിയില്‍ വാദമുയര്‍ത്തിയിരുന്നു.ജസ്റ്റിസ് ജോയ് മാല ബാഗ്ചി, ജസ്റ്റിസ് വി മോഹ്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.

എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി നിർദേശം
വീണയുടെ ഉടമസ്ഥതയിലുള്ള ഐടി സ്ഥാപനമായ എക്സാലോജിക് സൊല്യൂഷൻസിന് നിയമവിരുദ്ധമായി പണം നൽകിയെന്ന ആരോപണത്തിൽ പിണറായി വിജയൻ, വീണ, മുഹമ്മദ് റിയാസ് എന്നിവരുൾപ്പെടെയുള്ളവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഒക്ടോബർ 9-നാണ് കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേശം നൽകിയത്.
സിപിഎം നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലിരുന്ന കാലയളവിൽ കൊച്ചി ആസ്ഥാനമായ സിഎംആർഎല്ലിൽ നിന്ന് എക്സാലോജിക്കിന് അനധികൃതമായി പണം ലഭിച്ചെന്ന ആരോപണമാണ് കേസിന്റെ അടിസ്ഥാനം. ഈ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) അന്വേഷണം നടത്തിവരികയാണ്.
അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം വേണമെന്ന് ഇഡി
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി, അഴിമതി നിരോധന നിയമപ്രകാരം പിണറായി വിജയനും മറ്റുള്ളവർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ഇഡി കഴിഞ്ഞ മാസം സംസ്ഥാന പൊലീസിനോട് ശുപാർശ ചെയ്തിരുന്നു.
ഹൈക്കോടതിയുടെ ഒക്ടോബർ 9ലെ ഉത്തരവിനെതിരെ അപ്പീൽ നൽകാൻ അനുമതി തേടി പിണറായി വിജയനും മറ്റുള്ളവരും സമർപ്പിച്ച ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. ഇതോടെയാണ് ഇവർ സുപ്രീംകോടതിയെ സമീപിച്ചത്.

You might also like

-