മരിച്ച മൂന്ന് വയസുകാരൻ രണ്ട് നാണയങ്ങൾ വിഴുങ്ങിയിരുന്നതായി കണ്ടെത്തി

കുട്ടിയുടെ പോസ്റ്റ്‍മോര്‍ട്ടത്തിലാണ് കണ്ടെത്തല്‍. ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും പോസ്റ്റ്‍മോര്‍ട്ടം നടത്തിയ ഡോക്ടർമാർ പറഞ്ഞു

0

കൊച്ചി: ആലുവയിൽ നാണയം വിഴുങ്ങിയതിനു പിന്നാലെ മരിച്ച മൂന്ന് വയസുകാരൻ രണ്ട് നാണയങ്ങൾ വിഴുങ്ങിയിരുന്നതായി കണ്ടെത്തി. വൻ കുടലിന്‍റെ ഭാഗത്തായിരുന്നു നാണയങ്ങള്‍ ഉണ്ടായിരുന്നത്. കുട്ടിയുടെ പോസ്റ്റ്‍മോര്‍ട്ടത്തിലാണ് കണ്ടെത്തല്‍. ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും പോസ്റ്റ്‍മോര്‍ട്ടം നടത്തിയ ഡോക്ടർമാർ പറഞ്ഞു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‍മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. മൃതദേഹം സ്വദേശമായ കൊല്ലം പരവൂരിലേക്ക് കൊണ്ടുപോയി.

ആലുവ കടുങ്ങല്ലൂര്‍ സ്വദേശിയായ മൂന്ന് വയസുകാരൻ പൃഥ്വിരാജാണ് ഇന്നലെ മരിച്ചത്. ഒരു രൂപ നാണയം വിഴുങ്ങി 18 മണിക്കൂറിനകമായിരുന്നു മരണം. ചികിത്സാപിഴവ് മൂലമാണ് മരണമെന്ന ആരോപണം കുട്ടിയുടെ ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു. മൂന്ന് ആശുപത്രികളുടെ അനാസ്ഥ ആരോപിക്കപ്പെട്ട വിഷയത്തില്‍ ഏറെ നിര്‍ണ്ണായകമാണ് ഇന്ന് നടന്ന പോസ്റ്റ്‍മോര്‍ട്ടം. നാണയം കുടുങ്ങിയതുമൂലമാണ് മരണമെന്ന് വ്യക്തമായാല്‍ ആശുപത്രികള്‍ക്കെതിരെ പൊലീസ് നടപടി എടുക്കും. എന്നാല്‍ നാണയം വിഴുങ്ങിയതാകില്ല മരണ കാരണമെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ അഭിപ്രായം.