രാജ്യത്തെ പരമോന്നത പത്മപുരസ്കാരങ്ങൾ ഏറ്റുവാങ്ങി മലയാളികൾ.
അഞ്ച് മലയാളികളാണ് രണ്ടാം ഘട്ടത്തിൽ പുരസ്കാരം ഏറ്റുവാങ്ങിയത്. അഞ്ച് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമയ്ക്ക് നൽകിയ അതുല്യമായ അഭിനയപാടവത്തിനുള്ള ആദരമായാണ് മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിക്ക് പത്മഭൂഷൺ പുരസ്കാരം ലഭിച്ചത്.
ഡൽഹി | രാജ്യത്തെ പരമോന്നത പത്മപുരസ്കാരങ്ങൾ ഏറ്റുവാങ്ങി മലയാളികൾ. രാഷ്ട്രപതി ഭവനിൽ നടന്ന പത്മപുരസ്കാര വിതരണത്തിന്റെ രണ്ടാം ഘട്ട ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. ആർഎസ്എസ് സൈദ്ധാന്തികൻ പി. നാരായണൻ, പ്രമുഖ നിയമജ്ഞൻ ജസ്റ്റിസ് കെ.ടി. തോമസ് എന്നിവർ രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി. അഞ്ച് മലയാളികളാണ് രണ്ടാം ഘട്ടത്തിൽ പുരസ്കാരം ഏറ്റുവാങ്ങിയത്.
അഞ്ച് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമയ്ക്ക് നൽകിയ അതുല്യമായ അഭിനയപാടവത്തിനുള്ള ആദരമായാണ് മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിക്ക് പത്മഭൂഷൺ പുരസ്കാരം ലഭിച്ചത്.
പ്രശസ്ത നൃത്താധ്യാപികയും നർത്തകിയുമായ കലാമണ്ഡലം വിമല മേനോൻ ചടങ്ങിൽ വെച്ച് രാജ്യത്തിന്റെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി. ഇതോടെ രണ്ടാം ഘട്ട ചടങ്ങിൽ കേരളത്തിൽ നിന്നുള്ള അഞ്ച് പേരും പുരസ്കാരങ്ങൾ കൈപ്പറ്റി.
മെയ് 25 ന് നടന്ന ഒന്നാം ഘട്ട പത്മ പുരസ്കാര സമർപ്പണ ചടങ്ങിൽ കേരളത്തിൽ നിന്നും രണ്ട് പേർ പത്മശ്രീ ഏറ്റുവാങ്ങിയിരുന്നു. ശാസ്ത്ര മേഖലയിലെ മികച്ച സംഭാവനകൾക്ക് ഡോ. എ. ഇ. മുത്തുനായകവും, പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് ശ്രീമതി ദേവകിയമ്മയുമാണ് ആദ്യഘട്ടത്തിൽ ആദരമേറ്റുവാങ്ങിയത്. രണ്ട് ഘട്ടങ്ങളിലായി ഏഴ് മലയാളികളെയാണ് രാജ്യം ഇത്തവണ പത്മപുരസ്കാരങ്ങൾ നൽകി ആദരിച്ചത്.