സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

കേന്ദ്രപൂളിൽ നിന്നും ലഭിക്കേണ്ട വൈദ്യുതിയിൽ കുറവുണ്ടായ സാഹചര്യത്തിലാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുന്നതെന്ന് കെഎസ്ഇബി അറിയിച്ചു.

0

തിരുവനന്തപുരം| സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു. വൈകിട്ട് 6.30നും 11.30നും ഇടയിൽ 15 മിനിറ്റാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. കേന്ദ്രപൂളിൽ നിന്നും ലഭിക്കേണ്ട വൈദ്യുതിയിൽ കുറവുണ്ടായ സാഹചര്യത്തിലാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുന്നതെന്ന് കെഎസ്ഇബി അറിയിച്ചു.  നഗരമേഖലകളിലും ആശുപത്രികൾ ഉൾപ്പെടെയുള്ള അവശ്യസേവനമേഖലകളിലും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കില്ല. ഇന്നലെയും സമാനരീതീയിലുള്ള നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

400 മുതല്‍ 500 മെഗാവാട്ട് വരെ വൈദ്യുതിയുടെ ലഭ്യതക്കുറവ് ഉണ്ടാകുമെന്നാണ് കെഎസ്ഇബി വ്യക്തമാക്കിയിരിക്കുന്നത്. വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്നും ഇല്ലെങ്കില്‍ നിയന്ത്രണം കൂട്ടേണ്ടി വരുമെന്നും കെഎസ്ഇബി കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ താപവൈദ്യുതി നിലയങ്ങളില്‍ കല്‍ക്കരി ക്ഷാമം രൂക്ഷമായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഗ്രാമപ്രദേശങ്ങളില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം.സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് വൈദ്യുതി നിയന്ത്രണം ഉണ്ടാവുമെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി നേരത്തേ അറിയിച്ചിരുന്നു. പ്രതിസന്ധി പരിഹരിക്കാനുള്ള നടപടി തുടങ്ങിക്കഴിഞ്ഞെന്നും അടിയന്തരസാഹചര്യം നേരിടാൻ മറ്റൊരു കമ്പനിയുമായി കരാർ ഒപ്പിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട് ഡീസൽ നിലയത്തെ കൂടി പ്രയോജനപ്പെടുത്തി പ്രതിസന്ധി പരിഹരിക്കും. പീക്ക് അവറിലെ പ്രതിസന്ധി പൂർണമായി പരിഹരിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യത്തെ വിവിധ താപനിലയങ്ങളിൽ കൽക്കരി ക്ഷാമം മൂലം വൈദ്യുതി ഉത്പാദനത്തിൽ കുറവ് വന്നിട്ടുണ്ട്. ഇതുമൂലം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവിധ സംസ്ഥാനങ്ങളിൽ പവർകട്ട് ഏർപ്പെടുത്തിയിരുന്നു. നിലവിൽ രാജ്യത്തെ 14 സംസ്ഥാനങ്ങളിൽ ഒരു മണിക്കൂറിലേറെ പവർ കട്ടോ ലോഡ് ഷെഡിം​ഗോ ഏർപ്പെടുത്തിയിട്ടുണ്ട്. അടിയന്തരസാഹചര്യം പരി​ഗണിച്ച് കോഴിക്കോട് നല്ലളത്തെ താപവൈദ്യുതി നിലയത്തിൽ ഉത്പാദനം തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. നല്ലളത്ത് നിന്നും വൈദ്യുതിയെത്തുന്നതോടെ തത്കാലം പ്രതിസന്ധി ഒഴിവാക്കാനാവും എന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി.

You might also like

-