യു പി യിലും ഗോവയിലും ഉത്തരാഖണ്ഡിലും പോളിം​ഗ് ആരംഭിച്ചു

കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ളത്. യുപിയിൽ ഒമ്പത് ജില്ലകളിലെ 55 മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്

0

പനാജി | നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. 40 നിയോജക മണ്ഡലങ്ങളിലും ഒന്നിച്ചാണ് പോളിംഗ് നടക്കുന്നത്. 301 സ്ഥാനാർത്ഥികലാണ് ജനവിധി തേടുന്നത്. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ളത്.
യുപിയിൽ ഒമ്പത് ജില്ലകളിലെ 55 മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്. ജയിലില്‍ കഴിയുന്ന സമാജ്‍വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍, മകൻ അബ്ദുള്ള, യുപി ധനമന്ത്രി സുരേഷ് ഖന്ന, രാജിവെച്ച് എസ്പിയിൽ ചേർന്ന ധരംപാല്‍ സിങ്എന്നിവരാണ് ഈ ഘട്ടത്തില്‍ മത്സരിക്കുന്ന പ്രമുഖ‍ർ. ഉത്തരാഖണ്ഡിൽ 70 മണ്ഡലങ്ങളിലായി 81 ലക്ഷം വോട്ടർമാർ ആണ് വിധിയെഴുതുക

ബിൻജോർ, മൊറാദാബാദ്, സാംപാൽ, രാംപൂർ, അമ്‌റോഹ,ബുധൗൻ, ബറേലി, ഷഹജഹൻപൂർ എന്നീ ജില്ലകളിലാണ് രണ്ടാം ഘട്ടവോട്ടെടുപ്പ്. 586 സ്ഥാനാർത്ഥികൾ ഇന്ന് ജനവിധി തേടും. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വോട്ടെടുപ്പ് സുഗമമാക്കാൻ 12,538 പോളിംഗ് സ്‌റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറ് മണിയ്‌ക്ക് അവസാനിക്കും.

അതീവ സുരക്ഷയിലാണ് രണ്ടാംവട്ട വോട്ടെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ 60,000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. പോളിംഗ് സ്‌റ്റേഷനുകളിൽ 4,917 എണ്ണം സംഘർഷസാദ്ധ്യതാ മേഖലകളിലാണ്. ഇവിടെ കൂടുതൽ പോലീസിനെ വിന്യസിച്ചാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.

യുപിയിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് ഫെബ്രുവരി പത്തിനാണ് നടന്നത്. 59.87 ശതമാനം പോളിംഗാണ് സംസ്ഥാനത്തൊട്ടാകെ രേഖപ്പെടുത്തിയത്. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ പതിനൊന്ന് ജില്ലകളിലെ 58 മണ്ഡലങ്ങളാണ് ആദ്യ ഘട്ടത്തിൽ വിധിയെഴുതിയത്. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ 9 മന്ത്രിമാരുൾപ്പടെ 623 സ്ഥാനാർത്ഥികളും ജനവിധി തേടിയിരുന്നു.

70 അംഗ ഉത്തരാഖണ്ഡ് നിയമസഭയിലേക്ക് ഭരണകക്ഷിയായ ബി.ജെ.പിയും പ്രതിപക്ഷമായ കോൺഗ്രസും തമ്മിലാണ് പ്രധാന പോരാട്ടം. ഭാഗ്യ പരീക്ഷണത്തിന് ആം ആദ്മി പാർട്ടിയും മത്സരരംഗത്തുണ്ട്. അഭിപ്രായ സർവ്വേകൾ ബിജെപിയ്‌ക്ക് അനുകൂലമാണ്. മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി ഖതിമയിലും കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത് ലാൽകുവയിലും നിന്നാണ് ജനവിധി തേടുന്നത്.

ഗോവയിൽ അഭിപ്രായ സർവ്വേകൾ ബിജെപിക്ക് നേരിയ മുന്‍തൂക്കം പ്രവചിക്കുന്നുണ്ടെങ്കിലും കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമെന്നാണ് അവസാന ട്രെന്‍ഡുകള്‍ നല്‍കുന്ന സൂചന. വോട്ടിംഗ് ശതമാനത്തില്‍ ചെറിയ വ്യത്യാസം മാത്രമേ വരാനിടയുള്ളൂ. സീറ്റിൻ്റെ കാര്യത്തിലും നാലോ അഞ്ചോ എണ്ണത്തിന്റെ മാറ്റം വന്നേക്കാം. പക്ഷേ, തൃണമൂല്‍ കോൺഗ്രസ്സും ആം ആദ്മി പാര്‍ട്ടിയും ആരുടെ വോട്ട് ബാങ്കിലാണ് ചോര്‍ച്ചയുണ്ടാക്കുക എന്നതിനെ ആശ്രയിച്ചാകും ഗോവയിലെ അന്തിമ വിധി. പതിവുപോലെ പ്രാദേശിക പാർട്ടികളും ജാതിസമവാക്യങ്ങളും ഇത്തവണയും നിർണായകമായിരിക്കും.40 അംഗ ഗോവ നിയമസഭയിലേക്ക് 301 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. ഭരണം നിലനിർത്താൻ ബിജെപിയും അതിജീവനം ലക്ഷ്യമിടുന്ന കോൺഗ്രസിനും പുറമെ എൻസിപി-ശിവസേന, തൃണമൂൽ, ആം ആദ്മി പാർട്ടികളുടെ സാന്നിദ്ധ്യവും മത്സര രംഗത്തുണ്ട്.

തീരദേശത്ത് ബിജെപിയെ ശക്തമാക്കിയ മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മരണത്തിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണ് ഗോവ നേരിടുന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പനാജി നിയമസഭാ സീറ്റിന് അതിന്റേതായ പ്രാധാന്യമുണ്ട്. പനാജിയെ പ്രതിനിധീകരിച്ച മുൻ കേന്ദ്ര പ്രതിരോധ മന്ത്രി മനോഹർ പരീക്കർ മൂന്ന് തവണ സംസ്ഥാന മുഖ്യമന്ത്രിയായിരുന്നു. മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കറും ബിജെപിക്കെതിരെ പിതാവിന്റെ പനാജി മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നുണ്ട്. പനാജിയിൽ നിന്ന് ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് ഉത്പൽ പരീക്കർ ബിജെപിയിൽ നിന്ന് രാജിവെച്ചിരുന്നു.

-

You might also like

-