6100 കോടിയുടെ വികസന പദ്ധതികൾ  പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു 

റോ റോ സർവീസ് വരുന്നതോടെ യാത്രാ സമയം ലാഭിക്കാന്‍ കഴിയുമെന്ന് മോദി പറഞ്ഞു.

0

കൊച്ചി: നമസ്കാരം കൊച്ചി, നമസ്കാരം കേരളം എന്ന് പറഞ്ഞാണ് മോദി തന്‍റെ ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിപിസിഎൽ അടക്കമുള്ള 6100 കോടിയുടെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചത്. സ്വയം പര്യാപ്തതയിലേക്കുള്ള ചവിട്ടുപടിയാണ് കൊച്ചിൻ റിഫൈനറിയിലെ പെട്രോ കെമിക്കൽ കോംപ്ലക്സെന്ന് മോദി പറഞ്ഞു. തൊഴില്‍ സൃഷ്ടിക്കുന്നതും വിദേശനാണ്യം ലഭിക്കുന്നതുമായ പദ്ധതിയാണിതെന്നും ‘സാഗരിക’ വിനോദ സഞ്ചാര മേഖലയുടെ വികസനത്തിന് കുതിപ്പേകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റോ റോ സർവീസ് വരുന്നതോടെ യാത്രാ സമയം ലാഭിക്കാന്‍ കഴിയുമെന്ന് മോദി പറഞ്ഞു. ഇടത്താവളം എന്ന നിലയിലല്ല സഞ്ചാരികൾ കൊച്ചിയിലേക്ക് വരുന്നത്. ഇവിടുത്തെ സംസ്കാരവും ചരിത്രവും മനസിലാക്കുന്നതിനു കൂടിയാണ്. സാഗരിക ക്രൂയിസ് ടെർമിനൽ വിനോദ സഞ്ചാര മേഖലയുടെ വികസനത്തിന് സഹായകരമാകും. നിലവിലെ സാഹചര്യം ആഭ്യന്തര ടൂറിസം വികസനത്തിന് പ്രയോജനപ്പെടുത്തണം. ടൂറിസത്തിൽ നമുക്ക് ഇനിയും ഏറെ പുരോഗതി നേടാനാകുമെന്നും മോദി പറഞ്ഞു.

 

അടിസ്ഥാന സൗകര്യ വികസനമെന്നാൽ റോഡുകൾ നിർമിക്കുക മാത്രമല്ല. വരും തലമുറയെ ലക്ഷ്യം വച്ചുള്ള അടിസ്ഥാന സൗകര്യ വികസനമാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. തുറമുഖ വികസനവും തീരദേശ വികസനവും സമുദ്ര സമ്പദ് വ്യവസ്ഥയുടെ ഭാഗമാണ്. ഈ മേഖലയുടെ വികസനമാണ് രാജ്യം ലക്ഷ്യം വയ്ക്കുന്നത്. ഈ വർഷത്തെ ബജറ്റിൽ കേരളത്തിന് നിരവധി പദ്ധതികളുണ്ട്. കൊച്ചി മെട്രോ ഇതിൻ്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ചടങ്ങില്‍ സന്നിഹിതരായിരുന്നു