അവധി പ്രഖ്യാപിക്കാൻ വൈകിയ സംഭവത്തില്‍ ജില്ലാ കളക്ടർ രേണു രാജിനെതിരെ ഹൈക്കോടതിയിൽ ഹർജി

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച കളക്ടറുടെ നടപടിയെച്ചൊല്ലി അടിമുടി ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഭൂരിഭാഗം സ്കൂളുകളും പ്രവർത്തിച്ച് തുടങ്ങിയതിന് പിന്നാലെ അവധി നൽകിയ തീരുമാനത്തിന് എതിരെ രക്ഷിതാക്കളടക്കമുള്ളവർ രംഗത്തെത്തുകയായിരുന്നു

0

കൊച്ചി | എറണാകുളത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയ സംഭവത്തില്‍ ജില്ലാ കളക്ടർ രേണു രാജിനെതിരെ ഹൈക്കോടതിയിൽ ഹർജി. അവധി പ്രഖ്യാപനത്തിന് മാർഗ്ഗരേഖകളടക്കം വേണമെന്നാണ് ആവശ്യം. വിഷയത്തില്‍ കളക്ടർ രേണു രാജിനോട് റിപ്പോർട്ട് തേടണമെന്നും ഹർജിയിലുണ്ട്. എറണാകുളം സ്വദേശി അഡ്വ. എം ആര്‍ ധനിൽ ആണ് ഹർജിക്കാരൻ. അവധി പ്രഖ്യാപനത്തിലെ ആശയക്കുഴപ്പം ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ഹർജിക്കാരൻ പറയുന്നു.

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച കളക്ടറുടെ നടപടിയെച്ചൊല്ലി അടിമുടി ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഭൂരിഭാഗം സ്കൂളുകളും പ്രവർത്തിച്ച് തുടങ്ങിയതിന് പിന്നാലെ അവധി നൽകിയ തീരുമാനത്തിന് എതിരെ രക്ഷിതാക്കളടക്കമുള്ളവർ രംഗത്തെത്തുകയായിരുന്നു. കളക്ടറുടെ ഫേസ്ബുക്ക് പേജിൽ രൂക്ഷവിമർശനം ഉയർന്നു. എറണാകുളം ജില്ലയിൽ ഇന്നലെ രാത്രി തുടങ്ങിയതാണ് കനത്ത മഴ. എന്നാൽ സ്കൂളുകൾക്ക് അവധി നൽകി കളക്ടറുടെ ഉത്തരവ് ഇറങ്ങിയത് ഇന്ന് രാവിലെ 8.25ന്. ഇതിനകം ഭൂരിഭാഗം കുട്ടികളും സ്കൂളിൽ എത്തിയിരുന്നു. പരീക്ഷകളും ഉച്ചഭക്ഷണത്തിനുള്ള ഒരുക്കങ്ങളും സ്കൂളുകളിൽ തുടങ്ങി.

പരാതികൾ വ്യാപകമായതോടെ പ്രവർത്തനം ആരംഭിച്ച സ്കൂളുകൾ അടക്കേണ്ടതില്ലെന്നും സ്കൂളുകളിലെത്തിയ വിദ്യാർത്ഥികളെ തിരിച്ച് അയക്കേണ്ടതില്ലെന്നും കളക്ടർ വിശദീകരണ കുറിപ്പ് ഇറക്കി. ഇതിനകം കുട്ടികളെ മടക്കി അയക്കേണ്ടതില്ലെന്നും ഉച്ചയോടെ സ്കൂളുകൾ അടയ്ക്കാനും പല സ്കൂളുകളും സ്വന്തം നിലയ്ക്ക് തീരുമാനം എടുത്തിരുന്നു.

You might also like