പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലേക്ക് ഇല്ല, പുതിയ വാടകവീട്ടിലേക്ക്

നിലവിൽ ഈ വീടിന്റെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്. സുരക്ഷയും സ്വകാര്യതയും പൂർണമായി നിലനിർത്തുന്നതിന്റെ ഭാഗമായി മതിലിന്റെ ഉയരം കൂട്ടിയിട്ടുണ്ട്. നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ അദ്ദേഹം ഈ വീട്ടിലേക്ക് താമസം മാറും.

തിരുവനന്തപുരം |പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലേക്ക് താമസം മാറ്റില്ലെന്ന് സൂചന. നിലവിൽ താമസിക്കുന്ന ബേക്കറി ജങ്ഷനിലെ വാടകവീട്ടിൽ നിന്ന് ഇടപ്പഴിഞ്ഞിയിലുള്ള പുതിയ വാടകവീട്ടിലേക്ക് മാറാനാണ് അദ്ദേഹത്തിന്റെ തീരുമാനമെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.കന്റോൺമെന്റ് ഹൗസിന്റെ അറ്റകുറ്റപ്പണികൾ വൈകുമെന്നതിനാലും കാലപ്പഴക്കമുള്ള കെട്ടിടത്തിൽ താമസം ബുദ്ധിമുട്ടാകുമെന്നതിനാലുമാണ് പുതിയ തീരുമാനമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം.
ഇടപ്പഴിഞ്ഞിയിൽ നിന്ന് ജഗതിയിലേക്ക് പോകുന്ന വഴിയിലാണ് പിണറായി വിജയന്റെ പുതിയ വാടകവീട്. നിലവിൽ ഈ വീടിന്റെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്. സുരക്ഷയും സ്വകാര്യതയും പൂർണമായി നിലനിർത്തുന്നതിന്റെ ഭാഗമായി മതിലിന്റെ ഉയരം കൂട്ടിയിട്ടുണ്ട്. നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ അദ്ദേഹം ഈ വീട്ടിലേക്ക് താമസം മാറും.കന്റോൺമെന്റ് ഹൗസ് സജ്ജമായാലും ഓഫീസ് ആവശ്യങ്ങൾക്ക് മാത്രമായിരിക്കും അവിടെ ഉപയോഗിക്കുക. താമസം ഇടപ്പഴിഞ്ഞിയിലെ വീട്ടിൽ തന്നെ തുടരാനാണ് തീരുമാനം.
കന്റോൺമെന്റ് ഹൗസിന്റെ നിലവിലെ അവസ്ഥയിൽ അവിടെ താമസിക്കാൻ പിണറായി വിജയന് താല്പര്യമില്ല. “മുൻ പ്രതിപക്ഷ നേതാവ് എങ്ങനെയാണ് അവിടെ താമസിച്ചത്” എന്ന് കഴിഞ്ഞ ദിവസം അദ്ദേഹം ചോദിച്ചിരുന്നു.നിലവിൽ അദ്ദേഹം താമസിക്കുന്ന ബേക്കറി ജങ്ഷനിലെ വീട്ടിലാണ് മുൻപ് ഇ.ഡി റെയ്ഡും അനുബന്ധ സംഭവവികാസങ്ങളും നടന്നത്. ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായതും ഈ വീടിന് മുന്നിലായിരുന്നു. ഇടപ്പഴിഞ്ഞിയിലെ പുതിയ വീടിന്റെ വാടക വിവരങ്ങൾ ലഭ്യമായിട്ടില്ല.

You might also like

-