നടൻ ജോജു ജോർജ്ജിന്റെ വാഹനം തല്ലിത്തകർത്ത സംഭവത്തിൽ കോൺഗ്രസ്സ് നേതാക്കൾക്കെതിരെ ജാമ്യമില്ലാവകുപ്പുകൾ പ്രകാരം കേസ്

കൊച്ചി ദേശീയ പാതയിൽ കോൺഗ്രസ് സമരത്തിനിടെ നടൻ ജോജു ജോർജ്ജിന്റെ വാഹനം തല്ലിത്തകർത്ത സംഭവത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ജാമ്യമില്ലാക്കുറ്റം വകുപ്പുകൾ ചുമത്തി പോലീസ് കേസ്. മുൻ കൊച്ചി മേയർ ടോണി ചമ്മിണിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

0

കൊച്ചി : കൊച്ചി ദേശീയ പാതയിൽ കോൺഗ്രസ് സമരത്തിനിടെ നടൻ ജോജു ജോർജ്ജിന്റെ വാഹനം തല്ലിത്തകർത്ത സംഭവത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ജാമ്യമില്ലാക്കുറ്റം വകുപ്പുകൾ ചുമത്തി പോലീസ് കേസ്. മുൻ കൊച്ചി മേയർ ടോണി ചമ്മിണിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ടോണി ചമ്മിണിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് വാഹനം ആക്രമിച്ചത് എന്ന് എഫ്‌ഐആറിൽ പറയുന്നു. ജോജുവിന്റെ വാഹനത്തിന് ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിവരം.ടോണി ചമ്മിണി ഉൾപ്പെടുന്ന സംഘം വാഹനം തടഞ്ഞുവെക്കുകയും ജോജുവിന്റെ ഷർട്ടിന് കുത്തിപ്പിടിച്ച് അസഭ്യം പറയുകയും ചെയ്തു. വാഹനത്തിന്റെ ചില്ല് കല്ലുകൊണ്ട് ഇടിച്ചുതകർത്തുവെന്നും എഫ്‌ഐആറിൽ പറയുന്നു. ജോജുവിന്റെ പരാതിയിൽ മരട് പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ പ്രതികൾക്കെതിരേ പിഡിപിപി ആക്ട് സെക്ഷൻ 5 ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

ഇന്ധനവില വർദ്ധനയ്‌ക്കെതിരെ കോൺഗ്രസ് നടത്തിയ ഉപരോധം നാട്ടുകാരെ വലച്ചതോടെയാണ് നടൻ ജോജു ജോർജ് ഉൾപ്പെടെയുള്ളവർ പ്രതിഷേധം അറിയിച്ചുകൊണ്ട് രംഗത്തെത്തിയത്. തുടർന്ന് സമരക്കാർ പിരിഞ്ഞുപോയെങ്കിലും ജോജു ജോർജിന്റെ വാഹനം കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ച് തകർത്തു. ജോജു ജോർജ് വനിതാ നേതാക്കളോട് മോശമായി പെരുമാറിയെന്നും മദ്യപിച്ചിരുന്നുവെന്നുമുള്ള ആരോപണങ്ങളാണ് കോൺഗ്രസിന്റെ ഭാഗത്ത് നിന്നും ഉയർന്നത്. തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിൽ ജോജു മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായി.

കോണ്‍ഗ്രസ് നടത്തിയ വഴി തടയല്‍ സമരത്തില്‍ ജോജുവിന്റെ ഇടപെടലില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജു ജോര്‍ജിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി.ജോജുവിന്റെ തൃശൂര്‍ മാളയിലെ വീട്ടിലാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. ജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്‌നത്തിനെതിരെ സമരം നടത്തിയവരെ അപമാനിക്കുന്ന തരത്തിലുള്ള നീക്കമാണ് ജോജുവിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. വീടിനുമുന്നില്‍ ബാരിക്കേഡ് വെച്ച് പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞു.

You might also like