ഭക്ഷ്യവിഷബാധ ഇല്ല, ആത്മഹത്യതന്നെ ? അഞ്ജുശ്രീ പാര്‍വ്വതിയുടെ മരണ കാരണം എലിവിഷം ഉളളില്‍ ചെന്നതെന്ന് അന്തിമ പരിശോധനാഫലം

അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്നും വിഷാംശം ഉള്ളില്‍ ചെന്നാണെന്നുമുളള പ്രാഥമിക പരിശോധന റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ആത്മഹത്യയാണെന്ന സൂചന ലഭിച്ചത്.

0

കാസര്‍കോട് | ബേനൂരിലെ അഞ്ജുശ്രീ പാര്‍വ്വതിയുടെ മരണ കാരണം എലിവിഷം ഉളളില്‍ ചെന്നതെന്ന് അന്തിമ പരിശോധനാഫലം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും ആന്തരാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് മരണകാരണം വ്യക്തമായതെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. അഞ്ജുശ്രീ പാര്‍വ്വതിയുടെ മരണം എലിവിഷം കഴിച്ചാണെന്നതിന്റെ സൂചനകള്‍ പൊലീസിന് ലഭിച്ചിരുന്നു. പേസ്റ്റ് രൂപത്തിലുളള എലിവിഷം കഴിച്ചാണ് ആത്മഹത്യയെന്നും സൂചനയുണ്ടായിരുന്നു.വിഷം കഴിച്ച് മരിക്കാനുളള മാര്‍ഗങ്ങള്‍ പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ സെര്‍ച്ച് ചെയ്തതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതില്‍ കൂടുതലും എലിവിഷത്തെക്കുറിച്ച് ആണ് തെരഞ്ഞിട്ടുളളത് എന്നതാണ് സംശയത്തിനിടയാക്കിയത്.

അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്നും വിഷാംശം ഉള്ളില്‍ ചെന്നാണെന്നുമുളള പ്രാഥമിക പരിശോധന റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ആത്മഹത്യയാണെന്ന സൂചന ലഭിച്ചത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ അടക്കം പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കരള്‍ ഉള്‍പ്പടെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതാണ് മരണത്തിന് കാരണമെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടിലെ നിഗമനം. ഭക്ഷണത്തില്‍ നിന്നുള്ള വിഷമല്ലെന്നായിരുന്നു ഫോറന്‍സിക് സര്‍ജന്റെയും വിലയിരുത്തല്‍.
ഹോട്ടലില്‍നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ചശേഷമുണ്ടായ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് അഞ്ജുശ്രീയുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചത്. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ നടത്തിയ മൃതദേഹപരിശോധനയിലും എലിവിഷമാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.

വീട്ടില്‍നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പും മൊബൈല്‍ഫോണിലെ തിരച്ചില്‍രേഖകളും അടിസ്ഥാനമാക്കി അഞ്ജുശ്രീയുടെത് ആത്മഹത്യയാണെന്ന നിഗമനത്തില്‍ പോലീസെത്തിയിരുന്നു. സംഭവത്തില്‍ മേല്‍പ്പറമ്പ് പോലീസ് അന്വേഷണം തുടരുന്നുണ്ട്.ജനുവരി ഏഴിനാണ് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികത്സയ്ക്കിടെ അഞ്ജുശ്രീ പാര്‍വതി മരിച്ചത്.

You might also like

-