നികേഷ്‌  കെ.എം. ഷാജി തെരെഞ്ഞെടുപ്പ് കേസ്  നിര്‍ണായക വഴിത്തിരിവ്; ലഘുലേഖകള്‍ പൊലീസ് കണ്ടെടുത്തതല്ല;  എസ്.ഐക്ക് നോട്ടീസ്

ലഘുലേഖ പൊലീസ് കണ്ടെടുത്തതല്ലെന്നും സി.പി.എം നേതാവ് ഹാജരാക്കിയതാണെന്നും ഷാജിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. യു.ഡി.എഫ് പ്രാദേശിക നേതാവിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തെന്നായിരുന്നു എസ്.ഐയുടെ മൊഴി. ഇത് പരിശോധിച്ചാണ് കോടതി എസ്.ഐക്ക് നോട്ടീസ് അയച്ചത്

0

കൊച്ചി ;അഴീക്കോട് എംഎല്‍എ കെ.എം. ഷാജിക്ക് അയോഗ്യത കല്‍പിക്കാന്‍ ഇടയായ കേസില്‍ നിര്‍ണായക വഴിത്തിരിവ്. ഷാജിക്കെതിരായി കോടതിയില്‍ ഹാജരാക്കിയ നോട്ടിസ് പൊലീസ് കണ്ടെടുത്തതല്ലെന്നുള്ള രേഖ പുറത്തുവന്നു. ഇതേ തുടര്‍ന്ന് കെ.എം.ഷാജി ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിയില്‍ വളപട്ടണം എസ്.ഐക്ക് നോട്ടീസ് അയച്ചു. പൊലീസ് കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്നാരോപിച്ചാണ് ഷാജി ഹര്‍ജി നല്‍കിയത്.

ലഘുലേഖ പൊലീസ് കണ്ടെടുത്തതല്ലെന്നും സി.പി.എം നേതാവ് ഹാജരാക്കിയതാണെന്നും ഷാജിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. യു.ഡി.എഫ് പ്രാദേശിക നേതാവിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തെന്നായിരുന്നു എസ്.ഐയുടെ മൊഴി. ഇത് പരിശോധിച്ചാണ് കോടതി എസ്.ഐക്ക് നോട്ടീസ് അയച്ചത് തിരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയെന്ന പരാതിയില്‍ ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയിരുന്നു. എന്നാല്‍, ഷാജിയുടെ അപ്പീല്‍ പരിഗണിച്ച സുപ്രീം കോടതി നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനും സഭയിലെ രജിസ്റ്ററില്‍ ഒപ്പുവെയ്ക്കുന്നതിനും അനുവദിച്ച് ഇടക്കാല ഉത്തരവിട്ടിരുന്നു.അഴീക്കോട് മണ്ഡലത്തില്‍ നിന്നുള്ള മുസ്ലിം ലീഗ് എംഎല്‍എ കെ.എം. ഷാജിയുടെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കിയിരുന്നു. മതത്തിന്റെ പേരില്‍ വോട്ടിന് ആഹ്വാനം ചെയ്യുന്നതും വ്യക്തിഹത്യ നടത്തുന്നതുമായ ലഘുലേഖകള്‍ പ്രചരിപ്പിച്ചതിനാണു നടപടി. എതിര്‍സ്ഥാനാര്‍ത്ഥി  സിപിഎമ്മിലെ എം.വി. നികേഷ്‌കുമാറിന്റെ ഹര്‍ജിയിലാണു ജസ്റ്റിസ് പി.ഡി. രാജന്റെ വിധി.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏറ്റവും ശ്രദ്ധേയ മത്സരങ്ങളിലൊന്നായിരുന്നു ഷാജി – നികേഷ് പോരാട്ടം. ഇസ്ലാം മതവിശ്വാസിയല്ലാത്തവര്‍ക്കു വോട്ട് ചെയ്യരുതെന്നു സൂചിപ്പിക്കുന്ന ലഘുലേഖ ഷാജിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനുപയോഗിച്ചെന്നും സ്വഭാവഹത്യ നടത്തുന്ന ലഘുലേഖകള്‍ പ്രചരിപ്പിച്ചെന്നും ആരോപിച്ചായിരുന്നു ഹര്‍ജി. തെളിവുകള്‍ മൊത്തത്തില്‍ പരിഗണിച്ചാല്‍, ഷാജിയുടെയോ ഏജന്റിന്റെയോ അനുമതിയോടെയാണു പ്രവര്‍ത്തകര്‍ ലഘുലേഖ വിതരണം ചെയ്തതെന്നും മുസ്ലിം അല്ലാത്തവര്‍ക്കു വോട്ടു ചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ചതെന്നു വ്യക്തമാണെന്നും കോടതി വിലയിരുത്തി