ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കിയതിൽ അതൃപ്തി അറിയിച്ച് ഡോ. റീന കെ ജെ
ആരോഗ്യമന്ത്രി കെ മുരളീധരനെ വിളിച്ച് നിപ പരിശോധനാ ഫലം സംബന്ധിച്ചു ചർച്ച ചെയ്ത് ഫോൺ വെച്ചതിന് തൊട്ടുപിന്നാലെ ആണ് ഉത്തരവിനെക്കുറിച്ച് വാർത്താ മാധ്യമങ്ങൾ വഴി അറിയുന്നതെന്നും ഡോ. റീന പറഞ്ഞു.
തിരുവനന്തപുരം| ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കിയതിൽ അതൃപ്തി അറിയിച്ച് ഡോ. റീന കെ ജെ. ആരോഗ്യവകുപ്പിൻ്റെ നടപടി ഞെട്ടിച്ചുവെന്ന് ഡോ. റീന വ്യക്തമാക്കി. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഉത്തരവ് കണ്ട് ഞെട്ടിപ്പോയെന്നും ഡോ. റീന പറഞ്ഞു. 15 ദിവസം അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും ശാരീരിക അസ്വസ്ഥത കാരണം രണ്ടര ദിവസത്തേക്കാണ് അവധി ചോദിച്ചിരുന്നതെന്നും ഡോ. റീന പറഞ്ഞു.
വളരെ പ്രസന്നമായ സ്ഥലത്ത് പെട്ടെന്ന് ഒരു ഇടിവെട്ടിയാൽ ഉണ്ടാകുന്ന അവസ്ഥയാണ് തനിക്ക് തോന്നിയത്. ആരോഗ്യമന്ത്രി കെ മുരളീധരനെ വിളിച്ച് നിപ പരിശോധനാ ഫലം സംബന്ധിച്ചു ചർച്ച ചെയ്ത് ഫോൺ വെച്ചതിന് തൊട്ടുപിന്നാലെ ആണ് ഉത്തരവിനെക്കുറിച്ച് വാർത്താ മാധ്യമങ്ങൾ വഴി അറിയുന്നതെന്നും ഡോ. റീന പറഞ്ഞു.
എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ല. താൻ മാറിയിരിക്കണമെന്ന് നേരിട്ട് പറയുമായിരുന്നെങ്കിൽ അനുസരിക്കുകമായിരുന്നു. തൻ്റെ മുപ്പതര വർഷത്തെ സർവീസിനിടയിൽ ഒരിക്കൽ പോലും മേലധികാരികളെ ധിക്കരിച്ചിട്ടില്ല. സർവീസിന് തന്നെ വേണ്ടെങ്കിൽ കടിച്ചുതൂങ്ങി നിൽക്കാനില്ല. പക്ഷേ, ഇത്രയും കാലം സർവീസ് കഴിഞ്ഞ് പോകുന്നയാൾക്കെതിരെ തെറ്റായ ചിത്രീകരണം നടത്തരുതെന്നും അവർ പറഞ്ഞു.തനിക്ക് പനിയും കഴുത്തുവേദനയും ശ്വാസതടസ്സവും ചുമയും അനുഭവപ്പെട്ടിരുന്നു. മരുന്ന് കഴിച്ചെങ്കിലും പനിയോട് കൂടിയാണ് ഇന്നലെ ഡ്യൂട്ടിക്ക് വന്നത്. കൊവിഡായിരിക്കുമെന്ന സംശയം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയോട് പങ്കുവെച്ചിരുന്നതായും വിശ്രമിക്കാൻ നിർദേശിച്ചിരുന്നുവെന്നും ഡോ. റീന പറഞ്ഞു.
പകർച്ചവ്യാധിക്കാലത്ത് കൂടുതൽ അവധി ചോദിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഡോ. റീനയെ സ്ഥലംമാറ്റിയിരുന്നത്. 12-ാം തീയതി ഉച്ചയ്ക്ക് ശേഷവും 15, 16 തീയതികളിലുമാണ് ഡോ. റീന അവധിക്ക് അപേക്ഷ നൽകിയിരുന്നത്. കഴിഞ്ഞ ദിവസമാണ് ഡോ. റീനയെ സ്ഥലംമാറ്റുന്നതായി ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്. അഡീ. ഡിഎച്ച്എസ് ഡോ. മീനാക്ഷി വിയ്ക്ക് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ചുമതല നൽകി. ഡോ. റീനയെ എറണാകുളം റീജിയണൽ ലബോറട്ടി ഡയറക്ടർ സ്ഥാനത്തേക്കാണ് സ്ഥലംമാറ്റിയത്.