റവന്യൂ സെകട്ടറിയുടെ ഉത്തരവിന്റെ മറവിൽ വനംകൊള്ള എഡിജിപി എസ് ശ്രീജിത്ത് അന്വേഷിക്കും

മരങ്ങൾ മുറിക്കാൻ സർട്ടിഫിക്കറ്റ് നൽകുന്നതിന് മുൻപ് വില്ലേജ് ഓഫീസുകളിലുള്ള ട്രീ രജിസ്റ്റർ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന നിയമം കാറ്റിൽപ്പറത്തിയാണ് വ്യാപകമായി മരം മുറിക്കാൻ വില്ലേജ് ഓഫീസർമാർ ലൈസൻസ് നൽകിയത്

0

തിരുവനന്തപുരം:റവന്യൂ സെകട്ടറിയുടെ ഉത്തരവിന്റെ മറവിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നടന്ന വനംകൊള്ള സംബന്ധിച്ച് സമഗ്രാന്വേഷണത്തിനുള്ള സംഘത്തെ ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എസ് ശ്രീജിത്ത് നയിക്കും. വനം വകുപ്പിലെയും വിജിലൻസിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ ഉടൻ വിപുലീകരിക്കും. വനംകൊള്ളയ്ക്ക് പിന്നിൽ ഗൂഢാലോചന നടന്നെന്നും സമഗ്രാന്വേഷണം വേണമെന്നും ഉടൻ റിപ്പോർട്ട് കൈമാറണമെന്നും ചീഫ് സെക്രട്ടറി വി പി ജോയി ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
മരങ്ങൾ മുറിക്കാൻ സർട്ടിഫിക്കറ്റ് നൽകുന്നതിന് മുൻപ് വില്ലേജ് ഓഫീസുകളിലുള്ള ട്രീ രജിസ്റ്റർ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന നിയമം കാറ്റിൽപ്പറത്തിയാണ് വ്യാപകമായി മരം മുറിക്കാൻ വില്ലേജ് ഓഫീസർമാർ ലൈസൻസ് നൽകിയത്. ആദിവാസികളായ കർഷകന്റെ പേരിൽ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയതെല്ലാം മരം മാഫിയകളായിരുന്നുവെന്നതാണ് പുറത്തു വരുന്ന വിവരം. വനംകൊള്ളയ്ക്ക് കൂട്ടുനിന്ന റേഞ്ച് ഓഫീസർമാർ, വില്ലേജ് ഓഫീസർമാർ എന്നിവർക്കെതിരെ നടപടി എടുക്കാത്തതും ഉന്നത ബന്ധത്തിന്റെ സൂചനയാണെന്നാണ് ആരോപണം.സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ ഉപ്പു തിന്നവൻ വെള്ളം കുടിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.