മദര്‍ മറിയം ത്രേസ്യ വിശുദ്ധപദവിയിലേക്ക്; വത്തിക്കാനിൽ ഇന്ത്യൻ സമയം 1 :30 ന് ; ജന്‍മനാട്ടിലും ആഘോഷം

മദര്‍ മറിയംത്രേസ്യയും കര്‍ദിനാള്‍ ജോണ്‍ ഹെന്‍‌റി ന്യൂമാനും ഉള്‍പ്പെടെ നാലുപേരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനുള്ള ശുശ്രൂഷുകള്‍ക്ക് വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ

0

വാതിക്കൻസിറ്റി /തൃശൂർ :വാഴ്ത്തപ്പെട്ട മദര്‍ മറിയം ത്രേസ്യ ഇന്ന് വിശുദ്ധപദവിയിലേക്ക്. മദര്‍ മറിയംത്രേസ്യയും കര്‍ദിനാള്‍ ജോണ്‍ ഹെന്‍‌റി ന്യൂമാനും ഉള്‍പ്പെടെ നാലുപേരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനുള്ള ശുശ്രൂഷുകള്‍ക്ക് വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ പുരോഗമിക്കുകയാണ് . ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ചടങ്ങുകള്‍നടക്കുക
മദര്‍ മറിയം ത്രേസ്യ ജീവിതവഴിയില്‍ സ്വയം വരിച്ച ത്യാഗവും സഹനവും ഇനി ലോകത്തിന് മാധ്യസ്ഥമേകും. ഭാരതസഭ ഒരിക്കല്‍ക്കൂടി ധന്യതയടയുന്ന ശുഭമുഹൂര്‍ത്തം ഇന്ത്യന്‍ സമയം ഒന്നരയ്ക്കാണ്. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ നടക്കുന്ന ദിവ്യബലിമധ്യെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിശുദ്ധ പ്രഖ്യാപനം നടത്തും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജേക്കബ് മനത്തോടത്ത്, മാര്‍ പോളി കണ്ണൂക്കാടന്‍, എന്നിവരും കേന്ദ്രമന്ത്രി വി.മുരളീധരന്‍, ടി.എന്‍.പ്രതാപന്‍ എം.പി എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. മദര്‍ മറിയം ത്രേസ്യയ്ക്കൊപ്പം ബ്രിട്ടനില്‍ നിന്നുള്ള കര്‍ദിനാള്‍ ജോണ്‍ ഹെന്‍‌റി ന്യുമാന്‍, ഇറ്റാലിയന്‍ സന്ന്യാസസഭാംഗം ജുസെപ്പീന വന്നീനി , ബ്രസീലിയന്‍ സന്ന്യാസസഭാംഗം ദുൾചെ ലോപസ് പോന്തെസ് , സ്വിറ്റ്സര്‍ലന്‍ഡിലെ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ മൂന്നാം സഭാംഗം മാർഗരീത്ത ബെയ് എന്നിവരും വിശുദ്ധിയുടെ പടവുകളേറും.
മദര്‍ മറിയം ത്രേസ്യയുടെ ജന്മനാടായ തൃശൂര്‍ പുത്തന്‍ചിറ ഗ്രാമവും വിശുദ്ധനിമിഷത്തെ ആഘോഷത്തോടെ വരവേല്‍ക്കാന്‍ ഒരുങ്ങി. വാഴ്ത്തപ്പെട്ടവര്‍ വിശുദ്ധ പദവിയേറുമ്പോള്‍ ധരിപ്പിക്കുന്ന കിരീടം മറിയം ത്രേസ്യയുടെ തിരുരൂപത്തിന്റെ ശിരസ്സില്‍ അണിയിക്കും. തുടര്‍ന്ന് സ്വരൂപം വഹിച്ചുകൊണ്ട് പ്രദക്ഷിണം നടക്കും

മദര്‍ മറിയം ത്രേസ്യഅന്നത്തെ തൃശ്ശൂർ രൂപത മെത്രാൻ ജോൺ മേനാച്ചേരിയുടെ നിർദ്ദേശപ്രകാരം തൃശ്ശൂർ ജില്ലയിൽ തന്നെയുള്ള ഒല്ലൂർ കർമ്മലീത്താ മഠത്തിൽ ധന്യയായ എവുപ്രാസ്യയോടൊപ്പം താമസമാക്കി. തന്റെ ദൈവവിളി ആ മഠത്തിലേയ്ക്കല്ലെന്ന് ബോദ്ധ്യമായ മറിയം ത്രേസ്യ സ്വന്തം ഗ്രാമമായ പുത്തൻചിറയിലേക്കുതന്നെ തിരിച്ചുപോന്നു.

ആത്മപിതാവ്‌ ജോസഫ് വിതയത്തിൽ പണിയിച്ചുകൊടുത്ത ഏകാന്ത ഭവനത്തിൽ തന്റെ മൂന്ന് കൂട്ടുകാരികളുമൊത്ത്‌ താമസം തുടങ്ങി. ഈ കൂട്ടായ്മ ഒരു സന്യാസ സമൂഹത്തിന്റെ രൂപഭാവങ്ങൾ ഉൾക്കൊള്ളുകയും ചെയ്തു. അന്നത്തെ തൃശ്ശൂർ മെത്രാൻ റവ. ഡോ. ജോൺ മേനാച്ചേരി 1914 മെയ് 13 ന് സന്ദർശിക്കുകയും അവരുടെ ജീവിതരീതിയിൽ സംതൃപ്തനാകുകയും 1914 മെയ് 14 ന് ജോസഫ് വിതയത്തിലച്ചന്റേയും മറ്റു ചില പുരോഹിതരുടേയും നാട്ടുകാരുടേയും സാനിധ്യത്തിൽ ഏകാന്ത ഭവനത്തെ തിരുകുടുംബസഭയെന്ന അഥവ ഹോളി ഫാമിലി കോൺവെന്റ് എന്ന പുതിയൊരു സന്യാസിനി സമൂഹമായി അംഗീകരിച്ചു. അധികം വൈകാതെ തന്നെ കാനോനിക നടപടികളും പൂർത്തിയാക്കി. മദർ സുപ്പീയരായി മറിയം ത്രേസ്യയേയും മഠത്തിന്റെ കപ്ലോനായി ഫാദർ ജോസഫ് വിതയത്തിലിനേയും നിയമിച്ചു. ഇപ്പോൾ 250 മഠങ്ങളും 1600 അംഗങ്ങളുമുള്ള സന്യാസിനി സഭയ്ക്ക് നിരവധി കോളേജുകളും വിദ്യാലയങ്ങളും ആശുപത്രികളുമുണ്ട്.
കുഴിക്കാട്ടുശ്ശേരി മഠം പള്ളിക്കകത്തുള്ള മദർ മറിയം ത്രേസ്യയുടെ കബറിടം
1926 ജൂൺ 8ന് 50-മത്തെ വയസ്സിൽ കുഴിക്കാട്ടുശ്ശേരി മഠത്തിൽ വെച്ച് മരണമടഞ്ഞു. തുമ്പുർ മഠത്തിൽ വെച്ച് ഒരു ക്രാസിക്കാൽ മറിയം ത്രേസ്യയുടെ കാലിൽ വീണുണ്ടായ മുറിവാണ് മരണകാരണം. കുഴിക്കാട്ടുശ്ശേരി മഠത്തിനോടനുബദ്ധിച്ചുള്ള പള്ളിയുടെ തറയിലാണ് മൃതശരീരം അടക്കം ചെയ്തിട്ടുള്ളത്.
ഫാദർ ജോസഫ് വിതയത്തിൽ, തന്റെ മരണശേഷമെ നാമകരണപരിപാടികളാരംഭിക്കാവൂയെന്ന നിർദ്ദേശത്തോടേ, മദർ മറിയം ത്രേസ്യയോട് ബദ്ധപ്പെട്ട എല്ലാ രേഖകളും 1957 നവംബർ 20 ന് അന്നത്തെ തൃശ്ശൂർ മെത്രാൻ ജോർജ്ജ് ആലപ്പാട്ടിന് കൈമാറി. തുടർന്ന് തിരുമേനിയുടെ അംഗീകാരത്തോടെ നാമകരണപ്രാർത്ഥന ആരംഭിച്ചു. 1964 ജൂൺ 8 ന് ജോസഫ് വിതയത്തിലച്ചനും മരണപ്പെട്ടു. അതിനുശേഷം മറിയം ത്രേസ്യയുടെ നാമകരണപരിപാടികൾക്ക് സാധുതയുണ്ടോയെന്ന പ്രാഥമിക അന്വേഷണം നടത്തുന്നതിനായി മോൺ. സെബാസ്റ്റ്യനെ നിയമിച്ചു. തുടർന്ന് റവ. ഫാ. ശീമയോൻ ദ ലാ സഗ്രദ ഫമിലിയ ഒ.സി.ഡി.യെ നാമകരണപരിപാടിയുടെ പോസ്റ്റുലേറ്ററായി പോപ്പ് നിയമിച്ചു.

ദൈവദാസി – 1973 ഒക്ടോബർ 5 ന് ദൈവദാസി എന്ന് നാമകരണം ചെയ്തു.
1975 ൽ മോൺ. തോമസ് മൂത്തേടൻ, ഫാ. ആൻസ്ലേം സി.എം.ഐ, ഫാ. ആന്റണി അന്തിക്കാട് എന്നിവരെ ചരിത്രന്വേഷണ കമ്മീഷനായി അന്നത്തെ തൃശ്ശൂർ ബിഷപ്പ് ജോസഫ് കുണ്ടുകുളം നിയമിച്ചു. 1978 ൽ ഇരിങ്ങാലക്കുട രൂപത സ്ഥാപിതമായതിനുശേഷം തൃശ്ശൂർ രൂപതയിൽ നിന്ന് ഇരിങ്ങാലക്കുട രൂപതയിലേക്ക് നാമകരണപരിപാടിയുടെ രേഖകളെല്ലാം കൈമാറി. 1981 ജനുവരി 3ന് അന്നത്തെ ഇരിങ്ങാലക്കുട രൂപത മെത്രാൻ ജെയിംസ് പഴയാറ്റിലിന്റെ നേതൃത്വത്തിൽ കബറിടം തുറന്ന് പൂജ്യാവശിഷ്ടങ്ങൾ പരിശോധിക്കുകയും തിരുശ്ശേഷിപ്പുകൾ ഒരു ചില്ലുപേടകത്തിൽ സൂക്ഷിക്കുകയും ചെയ്തു. വിശുദ്ധയാക്കുന്നതിനുള്ള കാരണങ്ങൾക്ക് 1982 ജൂൺ 25 ന് കാനോനികമായി തടസമില്ലായെന്ന രേഖ ലഭ്യമായി.

ദൈവദാസിയുടെ ജീവിതവിശുദ്ധി പരിശോധിച്ചറിയുന്നതിനായി 24 ഏപ്രിൽ 1983ന് അന്നത്തെ ഇരിങ്ങാലക്കുട മെത്രാൻ ജെയിംസ് പഴയാറ്റിൽ ഒരു ട്രിബ്യൂണൽ സ്ഥാപിച്ചു. 08 നവംബർ 1985 ൽ നാമകരണപരിപാടികൾ സാധുവാണെന്ന് റോം പ്രഖ്യാപിച്ചു.

മാത്യു പെല്ലിശ്ശേരിയുടെ കാലിലെ ജന്മനായുള്ള (Congenital club feet) അസുഖം മറിയം ത്രേസ്യയുടെ മധ്യസ്ഥതയിൽ രോഗശാന്തി ലഭിച്ചു. അതിനെ കുറിച്ചന്വേഷിക്കുവാൻ മാത്യു താമസിക്കുന്ന തൃശ്ശൂർ രൂപതയുടെ ബിഷപ്പ് ജോസഫ് കുണ്ടുകുളം ട്രൈബ്യൂണൽ 1992 ജനുവരി 12 ന് സ്ഥാപിച്ചു. ട്രൈബ്യൂണലിന്റെ വിധിപ്രകാരം നാമകരണത്തിനുള്ള അത്ഭുതമായി അംഗീകരിക്കുകയും ചെയ്തു.

1999 ജൂൺ 28 ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പ ധന്യ എന്ന് നാമകരണം ചെയ്തു.
2000 ഏപ്രിൽ 9 ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പ വാഴ്‌ത്തപ്പെട്ടവൾ എന്ന് നാമകരണം ചെയ്തു.
എല്ലാ വർഷവും ജൂൺ 8 ന് മറിയം ത്രേസ്യയെ കബറടിക്കിയിരിക്കുന്ന കുഴിക്കാട്ടുശ്ശേരി മഠം പള്ളിയിൽ വെച്ച് വിപുലമായ പരിപാടികളോടെ തിരുന്നാൾ കൊണ്ടാടുന്നു. അന്നേ ദിവസം തീർത്ഥാടകർക്കെല്ലാവർക്കും നേർച്ചയായി ഭക്ഷണവും നൽകാറുണ്ട്.
മറിയം ത്രേസ്യയുടെ കബറിടം സ്ഥിതിചെയ്യുന്ന കുഴിക്കാട്ടിശ്ശേരി മഠം കപ്പേളയോട് ചേർന്നാണ് സ്മൃതി സമുച്ചയം. കലാകാരന്മാരുടെ ഭാവനയിൽ വിവിധതരം മാധ്യമങ്ങൾ ഉപയോഗിച്ച് മറിയം ത്രേസ്യയുടെ ജീവിതവും മറ്റും കലാപരമായി ആവീഷ്കരിച്ചിട്ടുണ്ട്. പഴയ മഠത്തിന്റെ ഒരു ഭാഗം മ്യൂസിയമായി സന്ദർശകർക്ക് തുറന്ന് കൊടുത്തിട്ടുണ്ട്. മറിയം ത്രേസ്യ താമസിച്ചിരുന്ന മുറിയും ഉപയോഗിച്ചിരുന്ന കട്ടിലും മരണകാരണമായ കാലിലെ മുറിവുണ്ടാക്കിയ ക്രാസിക്കാലും എല്ലാം തീർത്ഥാടകർക്കായി പ്രദർശിപ്പിച്ചിട്ടുണ്ട്. മറിയം ത്രേസ്യയുടെ മധ്യസ്ഥതയാൽ ദൈവകൃപ ലഭിച്ചുവെന്ന് വിശ്വസിക്കുന്നവരുടെ സാക്ഷ്യവും അവരുടെ പടം സഹിതം മ്യൂസിയത്തിൽ കാണാവുന്നതാണ്.

You might also like

-