മുല്ലപ്പെരിയാറിലെ വിവാദ മരംമുറി ഉത്തരവ് ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മന്ത്രി

വിവാദ മരംമുറിയിൽ ഫയലുകൾ ഒന്നും വനംമന്ത്രിക്ക് കൈമാറിയിട്ടില്ലെന്നാണ് വനം സെക്രട്ടറി രാജേഷ് സിൻഹയുടെ വിശദീകരണം. മരംമുറി ചർച്ചയായ തമിഴ്നാട് കേരള സെക്രട്ടറി തല യോഗങ്ങളിൽ അനുമതിക്ക് തീരുമാനമെടുത്തിരുന്നില്ലെന്നും വനം മന്ത്രിക്ക് നൽകിയ വിശദീകരണത്തിൽ പറയുന്നു.

0

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ വിവാദ മരംമുറി ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ വനം മന്ത്രി ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ വ്യാഴാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയ്ക്കാണ് യോഗം. സിസിഎഫ് മുതൽ മുകളിലേക്കുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗമാണ് മന്ത്രി വിളിച്ചുചേര്‍ത്തത്. വനം വകുപ്പ് നിരന്തരമായി ആരോപണങ്ങളിൽപ്പെടുന്ന സാഹചര്യത്തിലാണ് യോഗം. വനം വകുപ്പിലെ അണ്ടർ സെക്രട്ടറി മുതലുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും.

മുല്ലപെരിയാറിൽ മരമുറിയുമായി ബന്ധപ്പെട്ട ഫയലുകൾ ഒന്നും വനംമന്ത്രിക്ക് കൈമാറിയിട്ടില്ലെന്നാണ് വനം സെക്രട്ടറി രാജേഷ് സിൻഹയുടെ വിശദീകരണം. മരംമുറി ചർച്ചയായ തമിഴ്നാട് കേരള സെക്രട്ടറി തല യോഗങ്ങളിൽ അനുമതിക്ക് തീരുമാനമെടുത്തിരുന്നില്ലെന്നും വനം മന്ത്രിക്ക് നൽകിയ വിശദീകരണത്തിൽ പറയുന്നു. മരംമുറിക്ക് അനുമതി നൽകിയ ബെന്നിച്ചൻ തോമസിനെ തള്ളിയാണ് വിശദീകരണം. അതേ സമയം വനം സെക്രട്ടറി കൂടി പങ്കെടുത്ത യോഗമാണ് മരം മുറി തീരുമാനിച്ചതെന്നായിരുന്നു ബെന്നിച്ചൻറെ നിലപാട്.

മന്ത്രിസഭയോ മന്ത്രിമാരോ അറിയാതെ നയപരമായ തീരുമാനത്തിൽ സ്വന്തമായി ഉത്തരവിറക്കിയെന്ന് ചൂണ്ടികാട്ടിയാണ് ബെന്നിച്ചൻ തോമസിനെ സർക്കാർ സസ്പെൻഡ് ചെയ്തത്. എന്നാൽ ഈ ആരോപണം തുടക്കം മുതൽ ബെന്നിച്ചൻ നിഷേധിക്കുകയാണ്.

മരംമുറി ഫയലുകൾ മന്ത്രിമാർ കണ്ടിരുന്നോ എന്ന സംശയം നിലനിൽക്കെയാണ് വനമന്ത്രിയെ രക്ഷിച്ചുള്ള പ്രിൻസിപ്പിൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹയുടെ വിശദീകരണം വരുന്നത്. മന്ത്രിക്ക് നൽകിയ വിശദീകരണത്തിൽ മരംമുറിയുമായി ബന്ധപ്പെട്ട് 2017 മുതൽ നടന്ന കാര്യങ്ങൾ പറയുന്നു. പക്ഷെ അവസാന ഭാഗത്ത് ഫയലുകൾ ഒന്നും മന്ത്രിക്ക് നൽകിയിരുന്നില്ലെന്ന് വ്യക്തമാക്കുന്നു. മരംമുറിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അനുമതി നേടാൻ മന്ത്രിയുടെ അനുമതി വേണം. കേന്ദ്രാനുമതി വേണമെന്ന ആവശ്യം ഇതുവരെ ഉന്നയിക്കാത്തതിനാൽ ഫയൽ വനംമന്ത്രിക്ക് പോയിട്ടില്ലെന്നാണ് വിശദീകരണം. ഒന്നും അറിഞ്ഞില്ലെന്ന വനംമന്ത്രിയുടെ വാദത്തെ പിന്തുണക്കുന്ന വകുപ്പ് സെക്രട്ടറി താനും അന്തിമ അനുമതി നൽകിയിട്ടില്ലെന്നും പറയുന്നു.

എന്നാൽ സെപ്റ്റംബർ 17ന് കേരള- തമിഴ്നാട് സെക്രട്ടറിതല യോഗത്തിൽ മരം മുറി ചർച്ചയായിരുന്നു എന്ന് വനംസെക്രട്ടറി സമ്മതിച്ചു. തീരുമാനം എടുത്തില്ലെന്ന പറയുമ്പോഴും യോഗത്തിൻറെ മിനുട്ട്സ് തനിക്ക് കിട്ടിയിട്ടില്ലെന്നാണ് രാജേഷ് കുമാർ സിൻഹയുടെ വിശദീകരണം. യോഗത്തിലെ ചർച്ചയുടെ വിശദാംശങ്ങൾ രേഖാമൂലം ലഭിച്ചത് ഈ മാസം 11നാണ്. അതായത് മരംമുറി ഉത്തരവ് ബെന്നിച്ചൻ തോമസ് ഇറക്കിയ അഞ്ചിന് ശേഷം.

യോഗം ചേർന്ന 17ന് ശേഷം ബെന്നിച്ചനോട് ഉത്തരവിറക്കാൻ ആര് നിർദ്ദേശിച്ചു എന്നതാണ് ഇനി അറിയേണ്ടത്. മാത്രമല്ല നവംബർ ഒന്നിന് ജലവിഭവ അഡീഷനൽ ചീഫ് സെക്രട്ടറിയും വനംസെക്രട്ടറിയും പങ്കെടുത്ത യോഗമാണ് അന്തിമതീരുമാനമെടുത്തതെന്നാണ് ബെന്നിച്ചൻ വനംവകുപ്പിന് നൽകിയ മറുപടി. ഈ യോഗത്തെ കുറിച്ച് വനം സെക്രട്ടരി മന്ത്രിക്കുള്ള വിശദീകരണത്തിൽ ഒന്നും പറയുന്നില്ല. ഫയലൊന്നും വനംന്ത്രി കണ്ടിട്ടില്ലെന്ന് സെക്രട്ടറി പറയുമ്പോൾ ഒന്നാം തിയതിയിലെ യോഗത്തിന്റെ മിനുട്സ് കണ്ടെന്നാണ് എകെ ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞത്. ഇത് ഇതു വരെ മന്ത്രി തിരുത്തിയിട്ടുമില്ല.ബെന്നിച്ചൻ തോമസിന്റെ സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഐഎഫ്എസ് ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിയെ കണ്ടു. വിഷയത്തിലെ ഉദ്യോഗസ്ഥതല വീഴ്ച ചീഫ് സെക്രട്ടറിയാണ് അന്വേഷിക്കുന്നത്. നേരത്തെ തന്നെ ഐഎഫ്എസ് ഉദ്യോഗസ്ഥർ ബെന്നിച്ചനായി സമ്മർദ്ദം ചെലുത്തുന്നുണ്ട്. മുഖ്യമന്ത്രിയെയും വനംമന്ത്രിയെയും ഇതേ ആവശ്യമുന്നയിച്ച് അസോസിയേഷൻ ഭാരവാഹികൾ കണ്ടിരുന്നു.

You might also like