പ്രായപൂർത്തിയാവാത്ത പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ചയാൾ അറസ്റ്റില്‍

കുട്ടിയെ പ്രതി പല ദിവസങ്ങളിലായി മലയടി ചിറ്റിപ്പാറയിലും അരുവിക്കര ഡാമിന്‍റെ ആളൊഴിഞ്ഞ പ്രദേശത്തും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് മൊഴി.

0

തിരുവനന്തപുരം | പ്രായപൂർത്തിയാവാത്ത പ്ലസ് വൺ വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചയാൾ അറസ്റ്റില്‍. തിരുവനന്തപുരം നെടുമങ്ങാട് തച്ചന്‍കോട് സ്വദേശി അക്ഷയ് ആണ് പിടിയിലായത്. പെണ്‍കുട്ടിയെ കൌണ്‍സിലിങിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത് പെൺകുട്ടി ഇടയ്ക്കിടെ സ്കൂളിൽ ഹാജരാകാത്തതിന്‍റെ കാരണം തേടി അധ്യാപകർ വീട്ടിൽ അന്വേഷിച്ചപ്പോഴാണ് കേസിന്‍റെ ചുരുളഴിഞ്ഞത്. ഹാജരാകാത്ത ദിവസങ്ങളിലും സ്കൂളിലേക്കെന്ന് പറഞ്ഞ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയിരുന്നുവെന്ന് രക്ഷാകർത്താക്കൾ അറിയിച്ചു. തുടർന്ന് നടത്തിയ കൗൺസിലിങിലാണ് പെൺകുട്ടി പീഡനത്തിന് ഇരയായ വിവരം ലഭിച്ചത്. സ്കൂൾ അധികൃതർ നെടുമങ്ങാട് പൊലീസിലും പെൺകുട്ടിയുടെ രക്ഷാകർത്താക്കളെയും വിവരം അറിയിക്കുകയായിരുന്നു.

22 വയസ്സുള്ള അക്ഷയുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് മനസ്സിലാക്കി. ഇയാള്‍ ആര്യനാട് കെ.എസ്.ഇ.ബി ഓഫീസിലെ കരാര്‍ ജീവനക്കാരനാണ്. സ്കൂളില്‍ പോകാനായി ഇറങ്ങിയ കുട്ടിയെ പ്രതി പല ദിവസങ്ങളിലായി മലയടി ചിറ്റിപ്പാറയിലും അരുവിക്കര ഡാമിന്‍റെ ആളൊഴിഞ്ഞ പ്രദേശത്തും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് മൊഴി. പോക്സോ വകുപ്പ് ചുമത്തി നെടുമങ്ങാട് സി.ഐ സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

-

You might also like

-