കെ എസ് ആർ ടി സി അടിസ്ഥാന ശമ്പളം 23,000 രൂപയാക്കി

ഡ്രൈവർ കം കണ്ടക്ടർ തസ്തിക സൃഷ്ടിക്കുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. ജീവനക്കാർക്ക് നൽകിയ വാഗ്ദാനം നിറവേറ്റിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

0

തിരുവനന്തപുരം | കെ എസ് ആർ ടി സി യിൽ ശമ്പള പരിഷ്കരണം പ്രാബല്യത്തിൽ. അടിസ്ഥാന ശമ്പളം 23,000 രൂപയാക്കി .ഡ്രൈവർമാർക്ക് അധിക ആനുകൂല്യം ലഭിക്കും. ശമ്പള വർധനയ്ക്ക് കഴിഞ്ഞ ജൂൺ മുതൽ പ്രാബല്യം. ഡ്രൈവർ കം കണ്ടക്ടർ തസ്തിക സൃഷ്ടിക്കുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. ജീവനക്കാർക്ക് നൽകിയ വാഗ്ദാനം നിറവേറ്റിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.കെ എസ് ആർ ടി സി ശമ്പള പരിഷ്കരണത്തിലെ നടപടിക്രമങ്ങൾ പൂർത്തിയായതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. സർക്കാർ നടപ്പാക്കിയ ശമ്പള പരിഷ്കരണത്തിന്റെ ചുവടു പിടിച്ചാണ് കെ എസ് ആർ ടി സി ശമ്പള പരിഷ്കരണം.പുതുക്കിയ ശമ്പള പരിഷ്കരണം സർക്കാർ ഉത്തരവായി ഇറക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു കഴിഞ്ഞ ഡിസംബറിൽ അറിയിച്ചിരുന്നു. ജീവനക്കാർക്ക് 2022 ജനുവരി മാസത്തെ ശമ്പളത്തോടൊപ്പം പുതിയ അനുകൂല്യവും ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നിലവിൽ 8,730 രൂപയിൽ നിൽക്കുന്ന കുറഞ്ഞ ശമ്പളം 23000 രൂപയായി ഉയർത്തുന്ന ശമ്പള പരിഷ്കരണ കരാറിനാണ് കെ.എസ്.ആർ.ടി.സി മാനേജ്മെന്റും യൂണിയനുകളും ഒപ്പുവച്ചത്. ലയിപ്പിക്കുന്ന ഡി.എ 137 ശതമാനം. 1200 രൂപ മുതൽ 5000 രൂപ വരെ വീട്ടുവാടക അലവൻസ്. ഡ്രൈവർമാർക്ക് അധികബത്ത, വനിത ജീവനക്കാർക്ക് പ്രതിമാസം 5000 രൂപയോടെ ഒരു വർഷത്തേക്ക് ചൈൾഡ് കെയർ അലവൻസ് എന്നിവ ഉൾപ്പെടുന്നതാണ് ശമ്പള പരിഷ്കരണ കരാരെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

പെൻഷൻ പരിഷ്കരണം നടപ്പാക്കണമെന്നാണ് സർക്കാരിന്റെ ആഗ്രഹമെന്നും സാമ്പത്തികസ്ഥിതിയാണ് തടസമായി നിൽക്കുന്നതെന്നും ആന്റണി രാജു വിശദീകരിച്ചു. എന്നാൽ, സെക്രട്ടേറിയറ്റിന് മുൻപിൽ സമരം ചെയ്യുന്ന പെൻഷൻകാരുമായി മന്ത്രി ചർച്ച നടത്തണമെന്ന് സി.ഐ.ടി.യു നേതാവ് ആനത്തലവട്ടം ആനന്ദൻ വാർത്താസമ്മേളനത്തിനിടെ ഇടപെട്ട് സംസാരിച്ചു. കൂടുതൽ ബസുകൾ നിരത്തിലിറക്കി കെ.എസ്.ആർ.ടി.സിയുടെ വരുമാനം കൂട്ടണമെന്ന് സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി യൂണിയനുകൾ ആവശ്യപ്പെട്ടത് ടിക്കറ്റേതര വരുമാനത്തിന് വേണ്ടി വാദിക്കുന്ന മന്ത്രിക്കുള്ള പരോക്ഷ വിമർശനമായി.

-

You might also like

-