അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെ എം ഷാജിയെ ഉടൻ ചോദ്യം ചെയ്‌തേക്കും

രണ്ടിടങ്ങളില്‍ നിന്നായി നാല്‍പ്പത്തി എട്ട് ലക്ഷം രൂപ കണ്ടെടുത്തു. തുകയെക്കുറിച്ച് വ്യത്യസ്ത കണക്കുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് നാല്‍പ്പത്തി എട്ട് ലക്ഷമെന്ന് വിജിലന്‍സ് അറിയിച്ചത്

0

കോഴിക്കോട് :അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് വിജിലന്‍സ് കെ.എം.ഷാജി എം.എല്‍.എയ്ക്ക് നോട്ടിസ് കൈമാറി. നാളെയോ മറ്റന്നാളോ കോഴിക്കോട് വിജിലന്‍സ് ഓഫിസിലെത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എം.എല്‍.എയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തത് നാല്‍പ്പത്തി എട്ട് ലക്ഷം രൂപയെന്ന് സ്ഥിരീകരിച്ച് വിജിലന്‍സ് സംഘം കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ പ്രാഥമിക റിപ്പോര്‍ട്ടും സമര്‍പ്പിച്ചിട്ടുണ്ട്.ഷാജിയുടെ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ വീടുകളാണ് തിങ്കളാഴ്ച വിജിലന്‍സ് സംഘം പരിശോധിച്ചത്. രണ്ടിടങ്ങളില്‍ നിന്നായി നാല്‍പ്പത്തി എട്ട് ലക്ഷം രൂപ കണ്ടെടുത്തു. തുകയെക്കുറിച്ച് വ്യത്യസ്ത കണക്കുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് നാല്‍പ്പത്തി എട്ട് ലക്ഷമെന്ന് വിജിലന്‍സ് അറിയിച്ചത്. അനധികൃത സ്വത്ത് സമ്പാദനമെന്ന പരാതിയുടെ അന്വേഷണത്തിന് സഹായമാകുന്ന എണ്‍പത്തി രണ്ട് രേഖകളും ശേഖരിച്ചു. കോഴിക്കോട്ടെ പരിശോധന പതിനാറ് മണിക്കൂറും കണ്ണൂരിലെ പരിശോധന എട്ട് മണിക്കൂറും നീണ്ടു.

പരിശോധനയുടെ പ്രാഥമിക വിവരവും പണവും രേഖകളുമാണ് വിജിലന്‍സ് സംഘം കോടതിക്ക് കൈമാറിയത്. കണ്ടെടുത്ത തുക ബന്ധുവിന്റെ ഭൂമി ഇടപാടിനും കച്ചവട ആവശ്യത്തിനും സൂക്ഷിച്ചിരുന്നതെന്നാണ് ഷാജി വ്യക്തമാക്കിയത്. ഇതിന് മതിയായ രേഖകളുണ്ടെന്നും കോടതിയില്‍ തെളിയിക്കുമെന്നായിരുന്നു എം.എല്‍.എയുടെ വാദം.വിജിലൻസിന്റെ നോട്ടീസിന് കുടുംബത്തോടൊപ്പം യാത്രയിലാണെന്നും വൈകാതെ തീരുമാനമറിയിക്കുമെന്നും കെ.എം.ഷാജി വിജിലന്‍സിന് മറുപടി നല്‍കി.

കോഴിക്കോട് സ്വദേശിയായ അഭിഭാഷകന്റെ പരാതിയിലാണ് കെ.എം.ഷാജിക്കെതിരെ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. 2012 മുതല്‍ 2021 വരെയുള്ള കാലയളവില്‍ കെ.എം ഷാജിയുടെ സ്വത്തില്‍ 166 ശതമാനത്തിന്റെ വര്‍ധനയുണ്ടെന്നായിരുന്നു വിജിലന്‍സിന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ് റജിസ്റ്റര്‍ ചെയ്തത്.

You might also like

-