കേരളത്തിൽ നാലാം മുന്നണി പീപ്പിൾസ് വെൽഫെയർ അലയൻസ് (PWA) കെജ്‍രിവാൾ

''പത്തു വർഷം മുൻപ് ആം ആദ്മി പാർട്ടിയേയോ അരവിന്ദ് കെജ്രിവാളിനെയോ ആർക്കും അറിയില്ലായിരുന്നു. എന്നാൽ ഞങ്ങൾ പാർട്ടിയുണ്ടാക്കി ഒരു വർഷത്തിനുള്ളിൽ ഡൽഹിയിൽ സർക്കാരുണ്ടാക്കി. ഒന്നല്ല മൂന്നു വട്ടം. പിന്നീട് പഞ്ചാബിലും സർക്കാരുണ്ടാക്കി. ഇനി കേരളത്തിലും സർക്കാരുണ്ടാക്കാൻ ആം ആദ്മി പാർട്ടിക്കു സാധിക്കും''

0

കൊച്ചി| കേരളത്തിൽ ട്വന്റി 20യുമായി സഖ്യം പ്രഖ്യാപിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. ആം ആദ്മി പാർട്ടി കേരളത്തിൽ ട്വന്റി 20യുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് കെജ്‍രിവാൾ പറഞ്ഞു. കേരളത്തിലെ നാല് കോടി ജനങ്ങളുടെ സഖ്യമാണിത്. ഈ സഖ്യം കേരളത്തെ മാറ്റുമെന്നും കെജ്‍രിവാൾ കൊച്ചിയിൽ പറഞ്ഞു. കേരളത്തിൽ ഇനി നാല് മുന്നണികളുണ്ടാകും. ആപും ട്വന്റി 20യും ചേർന്നുള്ള ജനക്ഷേമ മുന്നണി കേരളത്തിലെ നാലാമത്തെ മുന്നണിയായിരിക്കുമെന്നും കെജ്‍രിവാൾ അവകാശപ്പെട്ടു. പീപ്പിൾസ് വെൽഫെയർ അലയൻസ് (PWA) എന്ന പേരിലാകും നാലാം മുന്നണിയുടെ പ്രവർത്തനം.

ഡൽഹിയിൽ എന്തു കാര്യം നടക്കാനും കൈക്കൂലി നൽകണമായിരുന്നു. എന്നാൽ എഎപി അധികാരത്തിൽ വന്നതോടെ ഡൽഹിയിൽ കൈക്കൂലി ഇല്ലാതാക്കിയെന്നും കെജ്രിവാൾ പറഞ്ഞു. ട്വന്റി20 ചീഫ് കോ ഓർഡിനേറ്റർ സാബു ജേക്കബിന്റെ പ്രവർത്തനങ്ങൾ മതിപ്പുളവാക്കുന്നതാണെന്നും കെജ്രിവാൾ അഭിപ്രായപ്പെട്ടു. ജനക്ഷേമവും രാജ്യവികസനവുമാണ് എഎപി – ട്വന്റി20 സഖ്യത്തിന്റെ ലക്ഷ്യമെന്ന് സമ്മേളനത്തിൽ സംസാരിച്ച സാബു ജേക്കബ് വ്യക്തമാക്കി.

”പത്തു വർഷം മുൻപ് ആം ആദ്മി പാർട്ടിയേയോ അരവിന്ദ് കെജ്രിവാളിനെയോ ആർക്കും അറിയില്ലായിരുന്നു. എന്നാൽ ഞങ്ങൾ പാർട്ടിയുണ്ടാക്കി ഒരു വർഷത്തിനുള്ളിൽ ഡൽഹിയിൽ സർക്കാരുണ്ടാക്കി. ഒന്നല്ല മൂന്നു വട്ടം. പിന്നീട് പഞ്ചാബിലും സർക്കാരുണ്ടാക്കി. ഇനി കേരളത്തിലും സർക്കാരുണ്ടാക്കാൻ ആം ആദ്മി പാർട്ടിക്കു സാധിക്കും”- കെജ്രിവാൾ പറഞ്ഞു

‘‘ഞങ്ങൾ സത്യത്തിന്റെ വഴിയിലാണ് സഞ്ചരിക്കുന്നത്. അതിനാൽ ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഞങ്ങൾക്കൊപ്പമുണ്ട്. ഇതൊന്നും മാജിക്കല്ല. ഞാൻ അണ്ണാ ഹസാരെയ്ക്കൊപ്പം 15 ദിവസം നിരാഹാരം കിടന്നിട്ടുണ്ട്. പ്രമേഹ രോഗിയായ ഞാൻ ദിവസവും ശരീരത്തിൽ ഇൻസുലിൻ കുത്തിവച്ചിരുന്നു. നിങ്ങൾ ഇത്ര ദിവസം നിരാഹാര സത്യാഗ്രഹം നടത്തിയാൽ മരിച്ചു പോകുമെന്ന് ഡോക്ടർമാർ വരെ പറഞ്ഞു. പക്ഷേ ദൈവത്തിന്റെ അനുഗ്രഹത്താൽ ഒന്നും സംഭവിച്ചില്ല’’ – കെജ്രിവാൾ പറഞ്ഞു.

‘ഡൽഹിയിൽ മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ഉൾപ്പെടെ വർഷങ്ങളോളം എംഎൽഎമാരായി ഇരുന്നവരെ എഎപിയുടെ പുതുമുഖങ്ങൾ തോൽപ്പിച്ചു. പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ചരൺജിത് സിങ് ഛന്നിയെ തോൽപ്പിച്ചത് ഒരു മൊബൈൽ കടയിൽ ജോലി ചെയ്തിരുന്ന ടെക്നീഷ്യനാണ്’ – കെജ്രിവാൾ ചൂണ്ടിക്കാട്ടി

കേരളത്തിലും സർക്കാർ രൂപീകരിക്കും. ഒരു വർഷം കൊണ്ടാണ് ഡൽഹിയിൽ സർക്കാർ ഉണ്ടാക്കിയത്. അത് ദൈവത്തിന്റെ മാജിക്കാണ്. കേരളത്തിലും ഇത് സാധ്യമാകുമെന്ന് അരവിന്ദ് കെജ്‍രിവാൾ പറഞ്ഞു. 10 വർഷം മുമ്പ് അരവിന്ദ് കെജ്‍രിവാളിനെ ആരും അറിയുമായിരുന്നില്ല. അഴിമതി ഇല്ലാതാക്കുകയാണ് ദില്ലിയിൽ ആദ്യം ചെയ്തതെന്നും കെജ്‍രിവാൾ പറഞ്ഞു. ദില്ലിയിലെ പോലെ കേരളത്തിലും സൗജന്യ വൈദ്യുതി വേണ്ടെ, അഴിമതി ഇല്ലാതാക്കണ്ടേ… ദില്ലി മുഖ്യമന്ത്രി ചോദിച്ചു. ആദ്യം ദില്ലി, പിന്നെ പഞ്ചാബ്. അടുത്തത് കേരളമാണെന്നും കെജ്‍രിവാൾ പറഞ്ഞു. ട്വന്റി 20 കോർഡിനേറ്റർ സാബു ജേക്കബിന്റെ പ്രവർത്തനങ്ങളെ കെജ്‍രിവാൾ അഭിനന്ദിച്ചു. കിഴക്കമ്പലത്ത് കിറ്റക്സ് ഗാർമെന്‍റ്സ് ഗ്രൗണ്ടിലെ ജനസംഗമ പരിപാടിയിലായിരുന്നു സഖ്യ പ്രഖ്യാപനം.

 

You might also like

-