കോൺഗ്രസ്സിന് മുഴുവൻ സമയ അധ്യകഷൻ വേണം കത്തെഴുതിയവരെ നേതാക്കൾ വളഞ്ഞിട്ട് ആക്രമിച്ചു :കപിൽ സിബൽ

കത്തെഴുതിയവരെ വിമതര്‍ എന്ന വിശേഷിക്കുമ്പോള്‍ എന്തുകൊണ്ട് പാര്‍ട്ടിക്ക് തിരിച്ചടികള്‍ ഉണ്ടായി എന്ന കാര്യം കൂടെ നേതൃത്വം പരിശോധിക്കണം.

0

ഡൽഹി :കോൺഗ്രസ്സിന് മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന് ആവശ്യപ്പെട്ടുള്ള കത്തിൽ ഉന്നയിച്ച ആശങ്കകളൊന്നും പ്രവർത്തക സമിതി യോഗം അഭിസംബോധന ചെയ്തില്ലെന്ന് കോൺഗ്രസ്‌ നേതാവ് കപിൽ സിബൽ. കത്തെഴുതിയവരെ ആക്രമിച്ചപ്പോൾ ഒരു നേതാവു പോലും പിന്തുണയ്ക്കാനെത്തിയില്ല. ഭരണഘടന പാലിക്കുന്നില്ലെന്നു ബിജെപിയെ കുറ്റപ്പെടുത്തുന്നവർ സ്വന്തം പാർട്ടി ഭരണഘടന പിന്തുടരുന്നില്ല. കത്തിലൂടെ ചർച്ചയായത് നെഹ്‌റു കുടുംബത്തോടുള്ള മുഖ്യമന്ത്രിമാരുടെയും സംസ്ഥാന ഘടകങ്ങളുടെയും വിശ്വസ്തത മാത്രമാണ്. കത്തിൽ ഉന്നയിച്ച ആവശ്യങ്ങൾ വൈകാതെ യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷയെന്നും കപിൽ സിബൽ ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അതേസമയം കോൺഗ്രസിൽ ഉന്നയിച്ച ഒരാവശ്യം പോലും അംഗീകരിച്ചില്ലെന്ന് കപില്‍ സിബല്‍ തുറന്ന് പറഞ്ഞു. കത്തെഴുതിയവരെ ചിലർ ആക്രമിച്ചപ്പോൾ നേതൃത്വം മൗനം പാലിക്കുകയായിരുന്നു. 23 നേതാക്കള്‍ ഒപ്പിട്ട് നേതൃത്വത്തിനെഴുതിയ കത്തിന്‍റെ പൂർണ്ണ രൂപവും അദ്ദേഹം പുറത്തു വിട്ടു.കത്തില്‍ ഉന്നയിച്ച ആശങ്കകള്‍ ഒന്നും പ്രവര്‍ത്തക സമിതിയില്‍ ചര്‍ച്ച ചെയ്തില്ല. ഏതെങ്കിലും ഒരു നേതാവിന് എതിരായിരുന്നില്ല കത്ത്. പ്രത്യേകിച്ച് രാഹുലിന് എതിരെ ആയിരുന്നില്ല. പാര്‍ട്ടി ശക്തപ്പെടണം എന്ന ആഗ്രഹം കൊണ്ട് മാത്രമാണ് കത്തെഴുതിയത്. ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിടുന്നത്. ഇക്കാര്യം അംഗീകരിക്കാന്‍ നേതൃത്വം തയാറാണോ എന്ന് കപില്‍ സിബല്‍ ചോദിച്ചു.

കത്തെഴുതിയവരെ വിമതര്‍ എന്ന വിശേഷിക്കുമ്പോള്‍ എന്തുകൊണ്ട് പാര്‍ട്ടിക്ക് തിരിച്ചടികള്‍ ഉണ്ടായി എന്ന കാര്യം കൂടെ നേതൃത്വം പരിശോധിക്കണം. മാത്രമല്ല, പ്രവര്‍ത്തക സമിതി യോഗത്തില്‍ ചിലര്‍ ഒന്നിച്ച് നിന്ന് കത്തെഴുതിയവരെ ആക്രമിക്കുകയായിരുന്നു. ആ സാഹചര്യത്തില്‍ അത് തടയാന്‍ നേതൃത്വത്തില്‍ ഉള്ള ഒരാള്‍ പോലും ഇടപെട്ടില്ല.

എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം നടക്കുമോയെന്ന ചോദ്യത്തിന് അതിപ്പോള്‍ പറയാനാകില്ലെന്നാണ് കപില്‍ സിബല്‍ പ്രതികരിച്ചത്. ഇതോടെ വിഷയത്തില്‍ ഇനിയും കോണ്‍ഗ്രസിനുള്ളില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന സൂചനകളാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്.

കോണ്‍ഗ്രസില്‍ സമൂല മാറ്റം ആവശ്യപ്പെട്ടായിരുന്നു 23 നേതാക്കള്‍ നേതൃത്വത്തിന് കത്തെഴുതിയത്. ഇതിന് ശേഷം പ്രവര്‍ത്തക സമിതി യോഗം വിളിച്ചെങ്കിലും കത്തെഴുതിയവര്‍ക്കെതിരെ വിമര്‍ശനങ്ങളാണ് കൂടുതലും ഉയര്‍ന്നത്. രാഹുലും വിഷയത്തില്‍ കത്തെഴുതിയതിനെ വിമര്‍ശിച്ചിരുന്നു. അവസാനം ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി തന്നെ തുടരണമെന്ന തീരുമാനമാണ് പ്രവര്‍ത്തക സമിതി എടുത്തത്.