കർണാടകത്തിൽ ക്വാറിയിലേക്ക് പോവുകയായിരുന്ന ട്രക്കിൽ പൊട്ടിത്തെറിയിൽ എട്ട് മരണം

ട്രക്കിലുണ്ടായിരുന്ന തൊഴിലാളികളും പരിസരത്തുണ്ടായിരുന്നവരുമാണ് കൊല്ലപ്പെട്ടത്. നിലവില്‍ എട്ടുപേരുടെ മരണമാണ് പോലീസ് സ്ഥിരീകരിക്കുന്നത്

0

ഷിമോഗ: കർണാടകത്തിൽ ക്വാറിയിലേക്ക് പോവുകയായിരുന്ന ട്രക്കിൽ നടന്ന പൊട്ടിത്തെറിയിൽ എട്ട് മരണം. മൃതദേഹങ്ങൾ ചിന്നിച്ചിതറി. പൊട്ടിത്തെറിയുടെ പ്രകമ്പനം നാല് ജില്ലകളിൽ അനുഭവപ്പെട്ടു. ആദ്യം ഭൂചലനമെന്നാണ് കരുതിയത്. എന്നാൽ പിന്നീടാണ് സ്ഫോടനത്തിന്റെ പ്രകമ്പനമാണ് അനുഭവപ്പെട്ടത് എന്ന് മനസിലായത്.ഹുനസൊണ്ടി എന്ന സ്ഥലത്ത് ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവമുണ്ടായത്. ക്വാറിക്ക് സമീപമാണ് സ്‌ഫോടനം നടന്നത്. ക്വാറിക്ക് സമീപം നിര്‍ത്തിയിട്ട ട്രക്കിലെ ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ക്വാറിയില്‍ സൂക്ഷിച്ചിരുന്ന ഡ്രൈനാമിറ്റും ഉഗ്രസ്‌ഫോടനത്തിന് കാരണമായതായാണ് സൂചന.
ട്രക്കിലുണ്ടായിരുന്ന തൊഴിലാളികളും പരിസരത്തുണ്ടായിരുന്നവരുമാണ് കൊല്ലപ്പെട്ടത്. നിലവില്‍ എട്ടുപേരുടെ മരണമാണ് പോലീസ് സ്ഥിരീകരിക്കുന്നത്. എന്നാല്‍ മരണ സംഖ്യ കൂടാനുള്ള സാധ്യതയുണ്ടെന്നാണ് പോലീസ് പറയുന്നത്. സംഭവ സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ക്രഷർ യൂണിറ്റിലേക്ക് കൊണ്ടുപോവുകയായിരുന്ന ജലാറ്റിൻ സ്റ്റിക്കുകളാണ് പൊട്ടിത്തെറിച്ചതെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ശിവമോഗയിൽ ഹുനസോടു വില്ലേജിലെ ക്വാറിയിലേക്കാണ് ട്രക്ക് പോയത്. മരിച്ച എല്ലാവരും തൊഴിലാളികളാണെന്നാണ് വിവരം.

പൊട്ടിത്തെറിയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ബോംബ് സ്ക്വാഡിന്റെ പരിശോധനയ്ക്ക് ശേഷമേ എന്തെങ്കിലും പറയാൻ സാധിക്കൂവെന്ന് പൊലീസ് വ്യക്തമാക്കി. അപകടത്തെ തുടർന്ന് ഉണ്ടായ പ്രകമ്പനത്തിൽ റോഡുകളിൽ വിള്ളൽ വീണു. വീടുകൾക്ക് കേടുപാട് സംഭവിച്ചു. ഭൂചലനമാണെന്ന ഭീതിയില്‍ ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തേക്കിറങ്ങി ഓടി. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകള്‍ക്ക് കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.