ഇ.ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് കെ.സുരേന്ദ്രൻ, .തന്നെ ചൊല്ലി ബിജെപിയില്‍ ഒരു ആശയകുഴപ്പവുമില്ലെന്ന് ഇ ,ശ്രീധരൻ

തന്നെ ചൊല്ലി ബിജെപിയില്‍ ഒരു ആശയകുഴപ്പവുമില്ലെന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍. മുഖ്യമന്ത്രി സ്ഥാനാര്‍ഥി അല്ല താന്‍, തന്നെ മുന്‍നിര്‍ത്തിയാകും ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുകയെന്നും ശ്രീധരന്‍ പറഞ്ഞു

0

ഇ.ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്ഥാനാർഥിത്വം പ്രഖ്യാപിക്കേണ്ടത് കേന്ദ്രനേതൃത്വമാണ്. തെരഞ്ഞെടുപ്പിൽ ശ്രീധരൻ ബി.ജെ.പിയെ മുന്നിൽ നിന്ന് നയിക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങളും പാര്‍ട്ടിയും ഇ. ശ്രീധരനെ ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞത്. വിവാദമാക്കിയത് മാധ്യമങ്ങളുടെ കുബുദ്ധിയാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.കിഫ്ബി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാന്‍ ഇ.ഡി പാര്‍ട്ടിക്കാരല്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഉദ്യോഗസ്ഥയെ ചോദ്യം ചെയ്തിട്ട് മാസങ്ങളായി. ഭീഷണിപ്പെടുത്തിയെന്ന് അന്ന് പറഞ്ഞില്ല. തെറ്റ് ചെയ്തെന്ന മനസ്സാക്ഷിക്കുത്താണ് ബഹളം വയ്ക്കാന്‍ കാരണം. ബംഗാളിലും ത്രിപുരയിലും ചെലവായ പരിപ്പ് കേരളത്തിലും ചെലവാകും. മുഖ്യമന്ത്രി അന്തസ് മറന്ന് പെരുമാറുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

അതേസമയം തന്നെ ചൊല്ലി ബിജെപിയില്‍ ഒരു ആശയകുഴപ്പവുമില്ലെന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍. മുഖ്യമന്ത്രി സ്ഥാനാര്‍ഥി അല്ല താന്‍, തന്നെ മുന്‍നിര്‍ത്തിയാകും ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുകയെന്നും ശ്രീധരന്‍ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.കഴിഞ്ഞ ദിവസം ഇ.ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണെന്ന് കെ.സുരേന്ദ്രന്‍ തിരുവല്ലയില്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രസ്താവനയില്‍ കേന്ദ്രം നേതൃത്വം കടുത്ത അതൃപ്തിയുമായി രംഗത്തെത്തിയതോടെ സുരേന്ദ്രന്‍ തിരുത്തുമായി രംഗത്തെത്തി. ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങളും പാര്‍ട്ടിയും ആഗ്രഹിക്കുന്നുവെന്നുമാണ് പറഞ്ഞതെന്നും സുരേന്ദ്രന്‍ പറയുകയുണ്ടായി.

വിഷയത്തില്‍ കേന്ദ്ര മന്ത്രി വി.മുരളീധരനും മലക്കം മറിയുകയുണ്ടായി. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി ബി.ജെ.പി തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് ട്വിറ്ററില്‍ പ്രതികരിച്ച മുരളീധരന്‍ പിന്നീട് തിരുത്തി രംഗത്തെത്തുകയായിരുന്നു. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിന്ന് പിന്നാലെയായിരുന്നു ഇത്.തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ബിജെപി ദേശീയ നേതൃത്വമാണ് സാധാരണ ഗതിയില്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിമാരെ പ്രഖ്യാപിക്കുക. എന്നാല്‍ കേരളത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ശ്രീധരനെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത് കേന്ദ്ര നേതൃത്വത്തെ പോലും ഞെട്ടിച്ചിരുന്നു.

You might also like

-