ധർമ്മജനെ  മത്സരിപ്പിച്ചാൽ നടിയെ ആക്രമിച്ച കേസിൽ  കോൺഗ്രസ്സ് മറുപടി പറയേണ്ടിവരും  

ധർമ്മജനെ പോലെ ഒരാളെ മത്സരത്തിനിറക്കുന്നത് യുഡിഎഫിന് ആക്ഷേപകരമാണ്. നടിയെ ആക്രമിച്ച കേസിലടക്കം പാർട്ടി പ്രവർത്തകർക്ക് മറുപടി പറയേണ്ട ബാധ്യതയുണ്ടാകും.നടന്‍ സ്ഥാനാർഥി പട്ടികയിൽ ഉണ്ടെന്ന റിപ്പോർട്ടുകൾ പ്രചരിച്ചതിന് പിന്നാലെ തന്നെ നടി ആക്രമിക്കപ്പെട്ട കേസും ചർച്ചയായിരുന്നു

0

കോഴിക്കോട്: നടൻ ധർമ്മജൻ ബോൾഗാട്ടിക്കെതിരെ കെപിസിസിക്ക് പരാതി. ബാലുശ്ശേരി മണ്ഡലത്തിൽ സ്ഥാനാർഥിപ്പട്ടികയിലുള്ള ധർമ്മജന്‍റെ സ്ഥാനാർഥിത്വത്തിൽ അതൃപ്തി പ്രകടമാക്കി ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. ധർമ്മജനെ മത്സരിപ്പിച്ചാൽ നടി ആക്രമിക്കപ്പെട്ട കേസ് ചർച്ചയാകുമെന്നും മുന്നണിക്ക് മറുപടി പറയേണ്ടി വരുമെന്നും ഇത് യുഡിഎഫിന് ആക്ഷേപകരമാണെന്നുമാണ് മണ്ഡലം കമ്മിറ്റി ആരോപിക്കുന്നത്.

ബാലുശ്ശേരി കോ ഓപ്പറേറ്റീവ് കോളേജില്‍ ചേര്‍ന്ന യുഡിഎഫ് യോഗമാണ് ധര്‍മ്മജനെ മണ്ഡലത്തില്‍ മത്സരിപ്പിക്കരുതെന്ന് ഐകകണ്‌ഠ്യേന ആവശ്യപ്പെട്ടത്.ധർമ്മജനെ പോലെ ഒരാളെ മത്സരത്തിനിറക്കുന്നത് യുഡിഎഫിന് ആക്ഷേപകരമാണ്. നടിയെ ആക്രമിച്ച കേസിലടക്കം പാർട്ടി പ്രവർത്തകർക്ക് മറുപടി പറയേണ്ട ബാധ്യതയുണ്ടാകും.നടന്‍ സ്ഥാനാർഥി പട്ടികയിൽ ഉണ്ടെന്ന റിപ്പോർട്ടുകൾ പ്രചരിച്ചതിന് പിന്നാലെ തന്നെ നടി ആക്രമിക്കപ്പെട്ട കേസും ചർച്ചയായിരുന്നു. കേസിൽ പ്രതിസ്ഥാനത്തുള്ള ദിലീപിനെ പരസ്യമായി പിന്തുണച്ച ധർമ്മജന്‍റെ നിലപാട് ചോദ്യം ചെയ്ത് സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയും സജീവമായിരുന്നു. ഇതിന് പിന്നാലെയാണ് ഇതേകാരണം ചൂണ്ടിക്കാട്ടി മണ്ഡലം കമ്മിറ്റിയുടെയും പരാതി. ബാലുശ്ശേരി പോലെ ഒരു മണ്ഡലം പിടിച്ചെടുക്കാൻ രാഷ്ട്രീയ പരിചയം ഉള്ളവരെ തന്നെ മത്സരത്തിനിറക്കണമെന്നും പരാതിയിൽ പറയുന്നു. കെ.പി.സി.സി. അംഗങ്ങളടക്കം യോഗത്തിൽ പങ്കെടുത്തിരുന്നു. കോൺഗ്രസ് പാർട്ടിയോടുള്ള ആഭിമുഖ്യം പലപ്പോഴും പരസ്യമാക്കിയിട്ടുള്ള നടനാണ് ധർമജൻ.  നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ്‌ സ്ഥാനാർഥി പട്ടികയിൽ  കോഴിക്കോട് ബാലുശ്ശേരി മണ്ഡലത്തിൽ ധർമജനെ പരി​ഗണിക്കുന്നതായാണ് വിവരം. കോൺഗ്രസ്‌ ആവശ്യപ്പെട്ടാൽ മത്സരിക്കാമെന്നും ഇതു സംബന്ധിച്ച ചർച്ച നടന്നില്ലെന്നുമാണ് ധർമജൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.