ഇന്ത്യൻക്രിക്കറ്റ് താരം ഋഷഭ് പന്തിന് വാഹനാപകടത്തിൽ പരിക്ക്

ഹമ്മദ്പൂർ ഝാലിന് സമീപം റൂർക്കിയിലെ നർസൻ അതിർത്തിയിൽ വെച്ചാണ് അദ്ദേഹത്തിന്റെ കാർ അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് കാർ പൂർണമായും കത്തി നശിച്ചു.

0

ന്യൂഡൽഹി: ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് വാഹനാപകടത്തിൽ പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ ഡൽഹിയിൽ നിന്ന് ഉത്തരാഖണ്ഡിലേക്ക് മടങ്ങുന്നതിനിടെ കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഹമ്മദ്പൂർ ഝാലിന് സമീപം റൂർക്കിയിലെ നർസൻ അതിർത്തിയിൽ വെച്ചാണ് അദ്ദേഹത്തിന്റെ കാർ അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് കാർ പൂർണമായും കത്തി നശിച്ചു. അപകട സമയത്ത് പന്ത് തന്നെയാണ് മെഴ്സിഡസ് ബെൻസ് കാറോടിച്ചിരുന്നതെന്നാണ് വിവരം.

ഋഷഭ് പന്തിനെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് മാറ്റി. അദ്ദേഹത്തെ പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കുമെന്നാണ് റിപ്പോർട്ട്. ഋഷഭ് പന്തിന്റെ നെറ്റിയിലും കാലിലും പരിക്കേറ്റിട്ടുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. നിലവിൽ ഋഷഭ് പന്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും റൂർക്കിയിൽ നിന്ന് ഡൽഹിയിലേക്ക് റഫർ ചെയ്യുകയാണെന്നും സക്ഷം ഹോസ്പിറ്റൽ ചെയർമാൻ ഡോ.സുശീൽ നാഗർ പറഞ്ഞു.

അപകടം സമയം കാറിൽ പന്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാർ പറഞ്ഞു. തീപിടിച്ച കാറിന്റെ വിൻഡ് സ്ക്രീൻ തകര്‍ത്താണ് പന്തിനെ പുറത്തെടുത്തത്. അപകടത്തിന് പിന്നാലെ ഡെറാഡൂണിലെ മാക്സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഈ മാസം ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഋഷഭ് പന്ത് ടീമിൽ അംഗമായിരുന്നു. 46, 93 എന്നിങ്ങനെ റൺസും നേടിയിരുന്നു. എന്നാൽ ശ്രീലങ്കയ്ക്കെതിരായി നടക്കുന്ന ടി20 പരമ്പരയിലേക്കുള്ള ടീമിൽ പന്തിനെ ഉൾപ്പെടുത്തിയിരുന്നില്ല. ഋഷഭ് പന്ത് ഇത്തവണ ക്രിസ്മസ് ആഘോഷിച്ചതും മഹേന്ദ്രസിങ് ധോണിക്കും കുടുംബത്തിനും ഒപ്പമായിരുന്നു. ധോണിയുടെ ഭാര്യ സാക്ഷി ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

You might also like

-