ചൈന അതിര്‍ത്തിയിലെ റോഡ് നിർമ്മാണത്തിന് ഝാര്‍ഖണ്ഡില്‍ നിന്നും 12,000 തൊഴിലാളികൾ

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 11,815 തൊഴിലാളികള്‍ക്ക് യാത്ര ചെയ്യാന്‍ 11 പ്രത്യേക ട്രെയിനുകള്‍ അനുവദിക്കണമെന്ന് മെയ് 22ന് തന്നെ ആഭ്യന്തരമന്ത്രാലയം റെയില്‍വേക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്

0

ഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടരുന്നതിനിടെ നിര്‍ണായക നീക്കവുമായി ഇന്ത്യ . ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി 11 പ്രത്യേക ട്രെയിനുകള്‍ സജ്ജമാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റെയില്‍വേക്ക് നിര്‍ദ്ദേശം നല്‍കി.

ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ഉത്തരാഖണ്ഡ്, ലഡാക്ക്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് തീരുമാനം. ഇതിനായി ഝാര്‍ഖണ്ഡില്‍ നിന്നും 12,000ത്തോളം തൊഴിലാളികളെയാണ് അയക്കുക. ഇവരെ ആദ്യം ജമ്മു കശമീരിലേക്കും ചണ്ഡീഗഡിലേക്കുമാണ് എത്തിക്കുക. പിന്നീട് ഇവരെ ഉത്തരാഖണ്ഡ്, ലഡാക്ക്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലേക്ക് അയക്കും.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 11,815 തൊഴിലാളികള്‍ക്ക് യാത്ര ചെയ്യാന്‍ 11 പ്രത്യേക ട്രെയിനുകള്‍ അനുവദിക്കണമെന്ന് മെയ് 22ന് തന്നെ ആഭ്യന്തരമന്ത്രാലയം റെയില്‍വേക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. പ്രതിരോധ മന്ത്രാലയവും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ചൈന സൈനിക വിന്യാസം ശക്തിപ്പെടുത്തുന്നതിനിടയിലാണ് നിര്‍ണായക തീരുമാനമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. നിലവിലുള്ള സ്ഥിതിഗതികള്‍ ഇനിയും ദിവസങ്ങളോളം തുടര്‍ന്നേക്കാമെന്നതിനാല്‍ സമയം പാഴാക്കാന്‍ കഴിയില്ലെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച തന്നെ ആഭ്യന്തരമന്ത്രി അമിത് ഷാ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്തിരുന്നു. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനും അതിര്‍ത്തിയിലെ റോഡുകളുടേയും തുരങ്കങ്ങളുടേയും നിര്‍മ്മാണം വേഗത്തിലാക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇത്തരത്തില്‍ അടിസ്ഥാന സൗകര്യവികസനം വേഗത്തിലാക്കുന്നത് ജനങ്ങള്‍ക്കും സൈന്യത്തിനും ഒരുപോലെ സഹായകരമാകുമെന്നാണ് വിലയിരുത്തല്‍

You might also like

-