ഇന്ത്യാ ചൈനാ അതിര്‍ത്തിയിലെ പ്രകോപനം കരസേനാ മേധാവി ലഡാക്ക് സന്ദർശിച്ചു

ഇന്ത്യാ ചൈനാ അതിര്‍ത്തിയിലെ നിയന്ത്രണ രേഖയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയെ കുറിച്ചും സൈനിക വിന്യാസത്തെ കുറിച്ചും അദ്ദേഹം അവലോകനം ചെയ്തു.

0

ഡല്‍ഹി: ലഡാക്കിലെ ഇന്ത്യ ചൈന അതിര്‍ത്തി സന്ദര്‍ശിച്ച് കരസേനാ മേധാവി. സംഘര്‍ഷാവസ്ഥ തുടരുന്ന ഇന്ത്യാ ചൈനാ അതിര്‍ത്തിയിലെ സ്ഥിഗതികള്‍ വിലയിരുത്താനാണ് അദ്ദേഹം ലഡാക്കിലെത്തിയത്. ഇന്ത്യയുടെ സുരക്ഷിതത്വവും പരമാധികാരവും ഏത് വിധേനയും സംരക്ഷിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്‍കിയതിന് പിന്നാലെയാണ് കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവാനെ ലഡാക്കിലെ സൈനികാസ്ഥാനമായ ലേയില്‍ എത്തിയത്.ഇന്ത്യാ ചൈനാ അതിര്‍ത്തിയിലെ നിയന്ത്രണ രേഖയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയെ കുറിച്ചും സൈനിക വിന്യാസത്തെ കുറിച്ചും അദ്ദേഹം അവലോകനം ചെയ്തു. നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ലഫ്. ജനറല്‍ വൈ കെ ജോഷി, 14 കോര്‍പ്‌സ് ചീഫ് ലഫ്. ജനറല്‍ ഹരീന്ദര്‍ സിംഗ് എന്നിവര്‍ ഉള്‍പ്പെടുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് സ്ഥിതിഗതികള്‍ വിശദീകരിച്ചു നല്‍കി.

മെയ് ആദ്യവാരം മുതല്‍ സിക്കിം അതിര്‍ത്തിക്ക് സമീപം ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇരു രാജ്യത്തേയും സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇന്ത്യാ ചൈന അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം കൂടുതല്‍ സൈനികരെ വിന്യസിച്ചതായാണ് റിപ്പോര്‍ട്ട്.